
തിരുവനന്തപുരം: ഒക്ടോബർ 17 മുതൽ 19 വരെ വർക്കലയിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവെലായ 'യാന'ത്തിന് അരങ്ങൊരുങ്ങി. കേരള ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവെലിൻറെ ഉദ്ഘാടനം ഒക്ടോബർ 17 ന് വൈകുന്നേരം മൂന്നിന് വർക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തിൽ നടക്കും. യാത്രയും എഴുത്തനുഭവങ്ങളും സമ്മേളിക്കുന്ന യാനം യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദിയായി മാറും. എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയുള്ള ഈ ഉദ്യമം ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളമെന്ന ഡെസ്റ്റിനേഷനെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാർ, കലാകാരൻമാർ, ഡോക്യുമെൻററി സംവിധായകർ, വ്ളോഗർമാർ, സാഹസികസഞ്ചാരികൾ, പാചകരംഗത്തെ പ്രഗത്ഭർ എന്നിവരുടെ കൂടിച്ചേരലിനും അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കിടുന്നതിനുമുള്ള വേദിയായി 'യാനം' മാറും. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പുതിയകാല ടൂറിസം മാതൃകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഫെസ്റ്റിവെലിൽ രൂപപ്പെടും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി.ജോയ് എംഎൽഎ, വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി, ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, നടിയും വ്ളോഗറുമായ അനുമോൾ, ഫെസ്റ്റിവെൽ ക്യൂറേറ്റർ സബിൻ ഇഖ്ബാൽ തുടങ്ങിയവർ സംബന്ധിക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം വൈകിട്ട് 5 ന് നടക്കുന്ന 'ഇൻ സെർച്ച് ഓഫ് സ്റ്റോറീസ് ആൻഡ് കാരക്ടേഴ്സ്' എന്ന ആദ്യ സെഷനിൽ ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, എഴുത്തുകാരി കെ.ആർ മീര, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ എന്നിവർ പങ്കെടുക്കും. 'സെലിബ്രേറ്റിംഗ് വേഡ്സ് ആൻഡ് വാണ്ടർലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിൻറെ കേന്ദ്രപ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.
എഴുത്തുകാർക്കും, കലാകാരൻമാർക്കും, ഡോക്യുമെൻററി ചലച്ചിത്ര പ്രവർത്തകർക്കും കണ്ടുമുട്ടാനും അവരുടെ സഞ്ചാര അനുഭവങ്ങൾ പങ്കിടാനും അനുയോജ്യമായ അന്തരീക്ഷമാണ് വർക്കല ഒരുക്കുന്നതെന്ന് ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു. കേരള ടൂറിസം ഈ ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ടൂറിസം ഡെസ്റ്റിനേഷൻ എന്നതിനൊപ്പം സംസ്ഥാനത്തെ ഒരു സാംസ്കാരിക ഇടം കൂടിയായി അടയാളപ്പെടുത്തുകയാണ്. ഭാവനാത്മക, നൂതന, ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ കേരളം ഇന്ത്യയെ നയിക്കുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള പര്യവേഷകരെയും പണ്ഡിതൻമാരെയും വ്യാപാരികളെയും ആകർഷിച്ച അതുല്യ സ്ഥലമെന്ന നിലയിൽ കേരളത്തിൻറെ അനുഭവത്തെ പ്രതിഫലിപ്പിക്കുകയാണ് 'യാനം 2025' എന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രം എന്ന പരമ്പരാഗത നിർവചനത്തെ മറികടക്കുന്ന ലക്ഷ്യസ്ഥാനമെന്ന നിലയിൽ യാത്രികർക്കും എഴുത്തുകാർക്കും കലാകാരൻമാർക്കും കേരളം നൽകുന്ന വ്യത്യസ്തമായ അനുഭവങ്ങളിലേക്ക് കൂടിയാണ് ഈ പരിപാടി വഴി തുറക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രഭാഷകരുടെ ശ്രദ്ധേയ നിരയാണ് യാനം ഫെസ്റ്റിലുള്ളത്. എഴുത്ത്, ഫേട്ടോഗ്രഫി, ആയുർസൗഖ്യം (വെൽനെസ്) തുടങ്ങിയ വിഷയങ്ങളിൽ വിജ്ഞാനപ്രദമായ പരിശീലന കളരികളും യാനത്തിൻറെ ഭാഗമായി നടക്കും. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് യാനം ഫെസ്റ്റിവെൽ. രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങൾക്കും: keralatourism.org/yaanam.