തൃശൂരിന്റെ മനുഷ്യപുലികളെ അടുത്തറിഞ്ഞ് അന്താരാഷ്ട്ര ഉത്തരവാദിത്ത വിനോദ സഞ്ചാര സംഘം

Published : Sep 09, 2025, 10:48 AM IST
Pulikali

Synopsis

കേരള ടൂറിസത്തിന്റെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായാണ് അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം തൃശൂരിലെത്തിയത്.

തൃശൂര്‍: മെയ്യെഴുതി പുലികളായി രൗദ്ര താളത്തില്‍ ചുവടു വെച്ച് ജനങ്ങളെ ആവേശത്തിലാക്കുന്ന 'മനുഷ്യപുലി'ക്കൂട്ടങ്ങളെ കണ്ട് വിസ്മയത്തിലായി കേരളം സന്ദര്‍ശിക്കാനെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘാംഗങ്ങള്‍. കേരള ടൂറിസത്തിന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി തൃശൂരില്‍ കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംഘത്തിനാണ് പുലികളി ആസ്വദിക്കാന്‍ അവസരം ലഭിച്ചത്. യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, തായ്‌വാന്‍, നേപ്പാള്‍, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കള്‍, അക്കാദമിഷ്യന്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ട്.

അന്താരാഷ്ട്ര ടൂറിസം മാര്‍ക്കറ്റില്‍ കേരളത്തിന്റെ മികച്ച ടൂറിസം ഉത്പന്നങ്ങളിലൊന്നായി ഓണത്തെ അവതരിപ്പിക്കുന്നതിനും സാംസ്‌കാരിക ടൂറിസത്തിന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായ കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സാംസ്‌കാരിക വിനിമയ പരിപാടി നടത്തുന്നത്. കേരളത്തിന്റെ തനതായ പുലികളിയെ വിദേശ പ്രതിനിധികള്‍ക്ക് നേരിട്ടറിയുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനും പരിപാടിയിലൂടെ സാധ്യമായെന്ന് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സി.ഇ.ഒ കെ. രൂപേഷ്‌കുമാര്‍ പറഞ്ഞു.

തൃശൂര്‍ ശ്രീജീവം ഉത്തരവാദിത്ത ടൂറിസം മിഷന്‍ ക്ലബ്ബാണ് പരിപാടിയുടെ സംഘാടകര്‍. ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘത്തിന് സ്വീകരണം നല്‍കി. ഇളനീര്‍ കുടിച്ച് ആസ്വദിച്ച സംഘം മെയ്യെഴുത്തും പുലിയൊരുക്കവും കണ്ടറിഞ്ഞു. പ്രത്യേക മേളത്തിന് ചുവടു വെച്ച് ചിലര്‍ പുലികളായും മാറി. പുലികളായി വേഷമിടുന്നവരും സംഘാടകരുമായും വിദേശ സംഘം സംവദിച്ചു. തിരുവാതിര പാട്ടും നാടന്‍ ഭക്ഷണവും സംഘം ആസ്വദിച്ചു. ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബിന്റെ ഉപഹാരമായ നെറ്റിപ്പട്ടങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സി.ഇ.ഒ കെ.രൂപേഷ്‌കുമാര്‍ പ്രതിനിധികള്‍ക്ക് സമ്മാനിച്ചു. സ്വരാജ് റൗണ്ടില്‍ പുലിയിറക്കത്തില്‍ ആവേശം ഹൃദയത്തിലേറ്റിയാണ് സംഘം മടങ്ങിയത്. ഇതാദ്യമായാണ് ഇത്രയധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം കേരളത്തില്‍ ഓണവും പുലികളിയും കാണാനെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
വന്ദേ ഭാരതിലെ യാത്ര; അമ്പരന്ന് സ്പാനിഷ് യുവതി, വീഡിയോ കാണാം