കേരളത്തിലെ ഓണാഘോഷം കണ്ട് വണ്ടറടിച്ച് അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം

Published : Sep 08, 2025, 04:09 PM IST
International responsible tourism team

Synopsis

പൂക്കളം, ഓണസദ്യ, തിരുവോണ ഘോഷയാത്ര തുടങ്ങിയ പരിപാടികളിൽ സംഘം പങ്കെടുത്തു. 

കോട്ടയം: തദ്ദേശീയർക്കൊപ്പം ഓണം ആഘോഷിച്ച് അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം. ആദ്യ ദിവസങ്ങളിലെ സന്ദർശനങ്ങൾക്കായി കോട്ടയത്തെ വിവിധ ഗ്രാമങ്ങളിലെത്തിയ സംഘത്തെ പഞ്ചവാദ്യത്തിൻറെ അകമ്പടിയോടെയാണ് വരവേറ്റത്. യു.കെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ് ലൻഡ്, വിയറ്റ്നാം, തായ് വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കൾ, അക്കാദമിഷ്യൻമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവർ സംഘത്തിലുണ്ട്. അന്താരാഷ്ട്ര ടൂറിസം മാർക്കറ്റിൽ കേരളത്തിൻറെ മികച്ച ടൂറിസം ഉത്പന്നങ്ങളിലൊന്നായി ഓണത്തെ അവതരിപ്പിക്കുന്നതിനും സാംസ്കാരിക ടൂറിസത്തിൻറെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകിയ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പിൻറെ ഭാഗമായ കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സാംസ്കാരിക വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ഹോംസ്റ്റേകളിൽ എത്തിയ സംഘം പൂക്കളവും ഓണസദ്യയും തയ്യാറാക്കി. തദ്ദേശവാസികൾക്കും ജനപ്രതിനികൾക്കുമൊപ്പമുള്ള തിരുവോണ സദ്യ, പ്രാദേശിക ക്ലബ്ബുകൾക്കൊപ്പമുള്ള തിരുവോണ ഘോഷയാത്ര എന്നിവയും ആകർഷകമായി. ബാർട്ടർ സമ്പ്രദായ കാലത്ത് ആരംഭിച്ചെന്ന് കരുതുന്ന മാറ്റ പറമ്പിലെ തിരുവോണം മാറ്റവും സംഘം സന്ദർശിച്ചു. ഗ്രാമത്തിലെ വീടുകളിൽ തിരുവോണ സന്ദേശവുമായി എത്തിയ സംഘം ചിരട്ടയും പായയും കൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ വാങ്ങി.

ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാദേശിക ഓണമത്സരങ്ങളുും സംഘടിപ്പിച്ചിരുന്നു. സ്പൂൺ നാരങ്ങാ മത്സരത്തിൽ വിയറ്റ്നാമിൽ നിന്നുള്ള ഫാം വാങ് ഡാം വിജയിയായി. മ്യൂസിക്കൽ ചെയർ മത്സരത്തിൽ ശ്രീലങ്കയിൽ നിന്നുള്ള ചാർമറി മെലങ്ങും കേരളത്തിലെ ഗൗരിലക്ഷ്മിയും വിജയി ആയി. സുന്ദരിക്ക് പൊട്ടുതൊടൽ, വടംവലി മത്സരങ്ങളിലും തദ്ദേശീയർക്കൊപ്പം സംഘം പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷൻ വനിതാ ടീമിൻറെ തിരുവാതിരകളി ആസ്വദിച്ച സംഘം തിരുവാതിര കളിച്ചതും ശ്രദ്ധേയമായി. കുക്കിംഗ് എക്സ്പീരിയൻസിൻറെ ഭാഗമായി ആർടി മിഷൻറെ എക്സ്പീരിയൻസ് എത്നിക് യൂണിറ്റുകളിൽ ദോശയും ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും സ്വയം ഉണ്ടാക്കിയാണ് സംഘാംഗങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചത്.

പരിപാടി സെപ്റ്റംബർ 11ന് സമാപിക്കും. തൃശ്ശൂരിൽ പുലികളിയിലും കുമരകം കവണാറ്റിൻകര ജലോത്സവത്തിലും സംഘം പങ്കെടുക്കും. സെപ്റ്റംബർ 9 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സർക്കാരിൻറെ ഓണം വാരാഘോഷ സമാപന ഘോഷയാത്രയിലും ഇവർ ഭാഗമാകും. സംസ്ഥാനത്തെ സ്ത്രീസൗഹൃദ വിനോദ സഞ്ചാരം, ജെൻഡർ ഇൻക്ലൂസീവ് ടൂറിസം, ഗ്രാമജീവിത അനുഭവം, സ്ട്രീറ്റ് പെപ്പർ മോഡൽ ആർടി വില്ലേജ് പദ്ധതികൾ തുടങ്ങിയവ പ്രതിനിധി സംഘത്തിന് മുന്നിൽ അവതരിപ്പിക്കും. ഉത്തരവാദിത്ത ടൂറിസം വിദഗ്ധരും പ്രചാരകരും, ഗവേഷകരും കലാപ്രവർത്തകരും പരിപാടിയുടെ ഭാഗമാണ്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല