ഓണത്തെ ലോകത്തിന് പരിചയപ്പെടുത്തും; അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം കേരളത്തില്‍

Published : Sep 03, 2025, 04:59 PM IST
Onam

Synopsis

അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം സെപ്റ്റംബര്‍ 4 മുതല്‍ 11 വരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും.

തിരുവനന്തപുരം: ഓണാഘോഷത്തില്‍ പങ്കുചേരാനും നാടും നഗരവും തനത് ജീവിതവും നേരില്‍ കണ്ടറിയാനും അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം കേരളത്തിലെത്തി. കേരള ടൂറിസത്തിന്‍റെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം നാളെ മുതല്‍ (സെപ്റ്റംബര്‍ 4) സെപ്റ്റംബര്‍ 11 വരെയാണ് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിന്‍റെ സാംസ്കാരികോത്സവമായ ഓണത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഉത്തരവാദിത്ത ടൂറിസം പ്രതിനിധി സംഘത്തെ സംസ്ഥാനത്ത് എത്തിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മാതൃകകള്‍, ഓണാഘോഷത്തിന്‍റെ സവിശേഷതകള്‍, ഗ്രാമീണ ജീവിതത്തിന്‍റെ വൈവിധ്യങ്ങള്‍ എന്നിവ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും കള്‍ച്ചറല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് സന്ദര്‍ശനം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം, തായ്വാന്‍, നേപ്പാള്‍, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കള്‍, അക്കാദമിഷ്യന്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

സംസ്ഥാനത്തെ സ്ത്രീസൗഹൃദ വിനോദസഞ്ചാരം, ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം, ഗ്രാമജീവിത അനുഭവം, സ്ട്രീറ്റ് പെപ്പര്‍ മോഡല്‍ ആര്‍ടി വില്ലേജ് പദ്ധതികള്‍ തുടങ്ങിയവ പ്രതിനിധി സംഘത്തിന് മുന്നില്‍ അവതരിപ്പിക്കും. ഉത്തരവാദിത്ത ടൂറിസം വിദഗ്ധരും പ്രചാരകരും, ഗവേഷകരും കലാപ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമാകും. കുമരകം, മറവന്‍തുരുത്ത്, അയ്മനം, പെരുമ്പളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഗ്രാമങ്ങളും നഗരങ്ങളും സന്ദര്‍ശിക്കുന്ന പ്രതിനിധികള്‍ക്ക് ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

ഗ്രാമങ്ങളിലെ ഓണാഘോഷം, തിരുവാതിരകളി, പൂക്കളം തയ്യാറാക്കല്‍, വില്ലേജ് ടൂറിസം പാക്കേജ്, സ്ത്രീസൗഹൃദ ടൂറിസം പാക്കേജ്, ഹോംസ്റ്റേ, ഓണസദ്യ തയ്യാറാക്കല്‍, പ്രാദേശിക ക്ലബ്ബുകളുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കല്‍, ഓണചന്തകളിലെ സന്ദര്‍ശനം എന്നിങ്ങനെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന സംഘം തൃശ്ശൂരില്‍ പുലികളിയിലും, കുമരകം കവണാറ്റിന്‍കര ജലോത്സവത്തിലും പങ്കെടുക്കും. സെപ്റ്റംബര്‍ 9ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഓണാം വാരാഘോഷ സമാപന ഘോഷയാത്രയിലും ഇവര്‍ ഭാഗമാകും.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല