തത്കാൽ ടിക്കറ്റ് ബുക്കിങ് ഇനി മിന്നൽ വേഗത്തിൽ; സെർവർ ഡൗണും പേയ്‌മെന്‍റ് ഫെയിലുമൊക്കെ ഇനി പഴങ്കഥ!

Published : Jul 15, 2026, 01:20 PM IST
IRCTC Confirm Tatkal Ticket, IRCTC New Website Launch, IRCTC, തത്കാൽ ടിക്കറ്റ് ബുക്കിങ്

Synopsis

തത്കാൽ ബുക്കിങ് സമയത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായി ഐആർസിടിസി പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മെച്ചപ്പെട്ട വേഗത, ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യം, ഫെയർ കലണ്ടർ തുടങ്ങിയ പുതിയ ഫീച്ചറുകളോടെ എത്തുന്ന പോർട്ടലിന് ഒരു മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ ശേഷിയുണ്ടാകും.

ത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തെ സർവർ തകരാർ, സ്ലോ ലോഡിങ്, പേയ്‌മെന്റ് തടസ്സം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൂലൈ 15 മുതൽ പുതിയ പോർട്ടൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ചില ദേശീയ മാധ്യമങ്ങൾ ഇത് ഓഗസ്റ്റിലെ രണ്ടാം ആഴ്ച, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിച്ചേക്കാമെന്നും റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിൽ നടന്ന ഒരു പരിപാടിക്കിടെ വിദ്യാർഥികൾ നിലവിലെ ഐആർസിടിസി വെബ്സൈറ്റിലെ ബുദ്ധിമുട്ടുകൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് വെബ്സൈറ്റ് നവീകരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

പുതിയ വെബ്സൈറ്റിൽ എന്തൊക്കെ മാറ്റങ്ങൾ?

ലളിതവും വേഗത്തിലുള്ളതുമായ ഉപയോക്തൃ അനുഭവമാണ് പുതിയ വെബ്സൈറ്റിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് തത്കാൽ ബുക്കിങ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന പോപ്പ്-അപ്പുകൾ, പരസ്യ ബാനറുകൾ, ആവർത്തിച്ചുള്ള ക്യാപ്ച പരിശോധനകൾ എന്നിവ കുറയ്ക്കാനാണ് ശ്രമം.

ഇഷ്‍ട മുള്ള സീറ്റും ഫെയർ കലണ്ടറും

പുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് ബുക്കിങ് സമയത്ത് തന്നെ ഇഷ്ടമുള്ള സീറ്റ് അല്ലെങ്കിൽ ബെർത്ത് തിരഞ്ഞെടുക്കാൻ കഴിയും. വിവിധ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യാൻ ഫെയർ കലണ്ടർ സംവിധാനവും ലഭ്യമാകും. യാത്രാ തീയതിയിൽ ഇളവ് വരുത്താൻ കഴിയുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ കണ്ടെത്താൻ ഇത് സഹായകരമാകും.

എല്ലാ ക്ലാസുകളുടെയും സീറ്റ് ലഭ്യത ഒരൊറ്റ സ്ക്രീനിൽ

സ്ലീപ്പർ, എസി ത്രീ ടയർ, എസി ടു ടയർ ഉൾപ്പെടെ എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്ക്രീനിൽ കാണാനാകും. വിവിധ ഇന്ത്യൻ ഭാഷകൾക്കും പുതിയ വെബ്സൈറ്റിൽ പിന്തുണ ലഭിക്കും. കൂടാതെ ഭിന്നശേഷിക്കാർ, വിദ്യാർഥികൾ, രോഗികൾ എന്നിവർക്കുള്ള ഇളവ് ടിക്കറ്റുകൾ ഒരേ പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും.

ഒരു മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ ശേഷി

സാങ്കേതിക തലത്തിലും വലിയ മാറ്റങ്ങളാണ് വരുന്നത്. നിലവിലെ സംവിധാനത്തിന് ഒരു മിനിറ്റിൽ ഏകദേശം 32,000 ടിക്കറ്റ് ബുക്കിങ്ങുകൾ കൈകാര്യം ചെയ്യാനാകുമ്പോൾ പുതിയ പ്ലാറ്റ്‍ഫോമിന് ഒരു മിനിറ്റിൽ 1.5 ലക്ഷത്തിലധികം ബുക്കിങ്ങുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റെ ശേഷിയും വലിയ തോതിൽ വർധിപ്പിക്കും. നിലവിൽ ഒരു മിനിറ്റിൽ ഏകദേശം നാല് ലക്ഷം അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധാനം പുതിയ പതിപ്പിൽ 40 ലക്ഷത്തിലധികം അന്വേഷണങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ തത്കാൽ ബുക്കിങ് സമയത്തെ സർവർ തകരാർ, ബുക്കിങ് പരാജയപ്പെടൽ, പേയ്‌മെന്റ് തടസം തുടങ്ങിയ പ്രശ്‍നങ്ങൾ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സൗദിയിലേക്ക് ഇനി 'പാക്കേജ് വിസ'; യാത്രാ ബുക്കിങ്ങും വിസ അപേക്ഷയും ഒറ്റ പ്ലാറ്റ്‌ഫോമിൽ
ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം; ആകാശയാത്ര ഇനി സ്വപ്‍നമല്ല