
ജപ്പാനിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഇന്ത്യൻ പൗരന്മാർക്ക് ആശ്വാസ വാർത്ത. 48 വർഷത്തിനിടെ ആദ്യമായി വിദേശ പൗരന്മാർക്കുള്ള വിസ ഫീസ് ജപ്പാൻ സർക്കാർ കുത്തനെ വർധിപ്പിച്ചു. പക്ഷേ, ഈ വർധന ഇന്ത്യൻ അപേക്ഷകരെ ബാധിക്കില്ല. അതിനാൽ സിംഗിൾ എൻട്രി വിസയ്ക്കും മൾട്ടിപ്പിൾ എൻട്രി വിസയ്ക്കും ഇന്ത്യക്കാർക്ക് നിലവിലെ 500 രൂപയുടെ നിരക്ക് തന്നെ തുടരും.
ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടപ്രകാരം, ഇന്ത്യക്കാരെ ഒഴികെയുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് സിംഗിൾ എൻട്രി വിസയുടെ ഫീസ് 3,000 യെനിൽ നിന്ന് 15,000 യെനിലേക്കും മൾട്ടിപ്പിൾ എൻട്രി വിസയുടെ ഫീസ് 6,000 യെനിൽ നിന്ന് 30,000 യെനിലേക്കും ഉയർത്തിയിട്ടുണ്ട്. ഇതോടെ മറ്റ് രാജ്യങ്ങളിലെ അപേക്ഷകർക്ക് വിസ ഫീസിൽ അഞ്ചിരട്ടി വരെ വർധനയുണ്ടാകും.
ജപ്പാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, 1978-ലാണ് നിലവിലെ വിസ ഫീസ് അവസാനമായി നിശ്ചയിച്ചത്. അതിനുശേഷം ഉണ്ടായ പണപ്പെരുപ്പവും വിനിമയ നിരക്കിലെ മാറ്റങ്ങളും കണക്കിലെടുത്താണ് ഫീസ് പുതുക്കിയതെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി വ്യക്തമാക്കി. വിവിധ ഘടകങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ പൗരന്മാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഭരണപരമായ ചെലവുകൾ വഹിക്കുന്നതിനും ജാപ്പനീസ് ഭാഷാ പരിശീലന പദ്ധതികൾ വിപുലീകരിക്കുന്നതിനും വിസ കാലാവധി ലംഘിക്കുന്നവർക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനുമാണ് ഫീസ് വർധനയെന്ന് ജപ്പാൻ സർക്കാർ വിശദീകരിക്കുന്നു. അതേസമയം, പുതിയ ഫീസ് വർധന രാജ്യത്തേക്കുള്ള വിനോദസഞ്ചാരത്തെ ഉടൻ ബാധിക്കില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
വിസ ഫീസിനൊപ്പം താമസ പദവി മാറ്റുന്നതിനും താമസകാലാവധി ദീർഘിപ്പിക്കുന്നതിനും സ്ഥിരതാമസ അപേക്ഷകൾക്കും ഫീസ് ഗണ്യമായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ 2027 മാർച്ച് 31-നകം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ ഇന്ത്യൻ അപേക്ഷകരുടെ വിസ നടപടിക്രമത്തിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ രൂപയിൽ പണം, പിഓഎസ് അല്ലെങ്കിൽ യുപിഐ വഴി ഫീസ് അടയ്ക്കാനുള്ള സൗകര്യവും തുടരും. സാധാരണയായി ആറു പ്രവൃത്തി ദിവസത്തിനുള്ളിൽ വിസ നടപടികൾ പൂർത്തിയാകുമെങ്കിലും അപേക്ഷകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സമയം എടുത്തേക്കാമെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.