20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാം; കട്ടപ്പന-തേനി തുരങ്കപാത സാധ്യതാ പഠനത്തിന് ബജറ്റിൽ പത്ത് കോടി അനുവദിച്ചു

Published : Jan 30, 2026, 12:30 PM IST
Kerala Budget

Synopsis

സംസ്ഥാന ബജറ്റിൽ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിൽ പ്രധാനപ്പെട്ടത് കട്ടപ്പന മുതൽ തേനി വരെയുള്ള തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ വകയിരുത്തിയതാണ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആറാമത്തെ ബജറ്റ് അവതരണത്തിൽ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികൾ ധനമന്ത്രി കെ. എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. കട്ടപ്പന മുതൽ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്കപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്തുന്നതിന് 10 കോടി രൂപ വകയിരുത്തി. തുരങ്കപാത വരുന്നതോടെ 20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാനാകും.

കട്ടപ്പന ടൂറിസം ഹബിന് 20 കോടി, ഇടുക്കി മെഡിക്കൽ കോളേജ് വികസനം, ഉടുമ്പൻചോല ഗവ. ആയുർവേദ മെഡിക്കൽ കോളേജ് ഒന്നര കോടി, ഇടുക്കി പാക്കേജിന് അഞ്ച് കോടി, ദേവികുളം നാഷണൽ അഡ്വഞ്ചർ അക്കാദമിയ്ക്ക് എട്ട് കോടി, സാങ്കേതിക വിദ്യയിൽ ഇടുക്കി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രീ ഫാബ് നിർമ്മാണം, ചെമ്മണ്ണാർ- ഗ്യാപ്പ് റോഡ്, പൈനാവ്-താന്നിക്കണ്ടം-അശോകക്കവല, വട്ടവട ടോപ് സ്റ്റേഷൻ, പൊൻകുന്നം-തൊടുപുഴ റോഡുകൾക്ക് നിർമ്മാണം എന്നിങ്ങനെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

കട്ടപ്പനയെ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു. ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച പ്രത്യേക വികസന പാക്കേജുകളിൽ അഞ്ച് കോടി രൂപ അധികമായി വകയിരുത്തി വിഹിതം 80 കോടി രൂപയായി വർധിപ്പിച്ചു.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ പാർപ്പിട സൗകര്യങ്ങളുടെ നിർമ്മാണവും തൊഴിലാളികളുടെ നിലവിലുള്ള വീടുകളുടെ നവീകരണവും പദ്ധതിക്ക് ബജറ്റ് വിഹിതമായി അഞ്ച് കോടി രൂപയും അധിക വിഹിതമായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ ലയങ്ങളുടെ നവീകരണത്തിന് തുടക്കം കുറിച്ചത് ഇടുക്കി ജില്ലയിലാണ്.

കിൻഫ്ര മുഖേന ഇടുക്കിയിലെ ചെറുതോണിയിൽ മിനി ഭക്ഷ്യ പാർക്ക് സ്ഥാപിക്കുന്നതിന് 4 കോടി രൂപ വകയിരുത്തി. ദേവികുളം നാഷണൽ അഡ്വഞ്ചർ അക്കാദമി നിർമ്മാണത്തിന് 8 കോടി രൂപ വകയിരുത്തി. കെഎസ്ടിപിയുടെ രണ്ടാംഘട്ടപ്രവർത്തനങ്ങളുടെ ഭാഗമായി പൊൻകുന്നം-തൊടുപുഴ റോഡ്, വട്ടവട-ടോപ്പ് സ്റ്റേഷൻ-മൂന്നാർ റോഡ്, ചെമ്മണ്ണാർ ഗ്യാപ് റോഡ്, പൈനാവ്-താന്നിക്കണ്ടം-അശോക കവല റോഡ് തുടങ്ങിയ റോഡുകളുടെ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ഇടുക്കി ബസ് സ്റ്റാൻഡ് ആധുനിക നിലവാരത്തിൽ പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും. ഇതിനായി 14.20 കോടി വകയിരുത്തി. മെഡിക്കൽ കോളേജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപ നീക്കിവെച്ചു. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുളഅള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ഗോത്ര മേഖലകളിലെ ആശുപത്രികളുടെ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്.

ഇടുക്കി, കോന്നി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലെ പുതിയ മെഡിക്കൽ കോളേജുകൾ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനായി 57.09 കോടി വകയിരുത്തി. ഉടുമ്പൻചോലയിലെ പുതിയ സർക്കാർ ആയുർവേദ കോളേജിന് 1.50 കോടിയും വകയിരുത്തി. ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളും ജില്ലയ്ക്ക് കരുത്താകും.

PREV
Read more Articles on
click me!

Recommended Stories

ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നൽകി സംസ്ഥാന ബജറ്റ്; പ്രഖ്യാപിച്ചത് 413.52 കോടി രൂപയുടെ വർധിച്ച വിഹിതം
കേരളത്തിലെ ഈ റെയിൽവേ സ്റ്റേഷന്റെ ശുചിത്വം കണ്ട് അമ്പരന്ന് അസം സ്വദേശി; കയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ