ഓണം വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും

Published : Aug 30, 2025, 05:08 PM IST
Onam celebrations

Synopsis

തിരുവനന്തപുരത്ത് 33 വേദികളിലായി കലാപരിപാടികൾ അരങ്ങേറും.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഓണാഘോഷക്കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനും പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി) എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടന ചടങ്ങിനു ശേഷം നിശാഗന്ധിയില്‍ മ്യൂസിക്ക് നൈറ്റ് അരങ്ങേറും.

വൈവിധ്യപൂര്‍ണമായ ഓണാഘോഷ പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലമായി നടത്തും. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടുമെന്നും മന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരൻമാർ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികള്‍ അരങ്ങേറും.

ഇന്ന് (ഓഗസ്റ്റ് 31) വൈകിട്ട് അഞ്ചിന് കനകക്കുന്നില്‍ ഓണാഘോഷത്തിന്‍റെ പതാക ഉയര്‍ത്തും. ഓണം ട്രേഡ് ഫെയര്‍ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്നില്‍ നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 2) വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രദര്‍ശന വടംവലിയില്‍ എംഎല്‍എമാര്‍, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, സെക്രട്ടേറിയറ്റ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരത്തിലെ ദീപാലങ്കാരം, മീഡിയ സെന്‍റര്‍ എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 6.30 ന് നടക്കും. അത്തപ്പൂക്കള മത്സരം ചൊവ്വാഴ്ച വെള്ളയമ്പലം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിക്കും.

പ്രമോദ് പയ്യന്നൂര്‍, ജി. എസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരത്തിന് നിശാഗന്ധി വേദിയാകും. കൂടാതെ സംഗീത സംവിധായകന്‍ ശരത്തിന്‍റെ സംഗീത നിശയും മനോ, ചിന്മയി , വിനീത് ശ്രീനിവാസന്‍, സിത്താര കൃഷ്ണകുമാര്‍, തുടങ്ങിയവരുടെ സംഗീതപരിപാടികളും സുരാജ് വെഞ്ഞാറമൂടിന്‍റെ മെഗാ ഷോയും നിശാഗന്ധിയില്‍ നടക്കും.

ബിജു നാരായണന്‍, കല്ലറ ഗോപന്‍, സുദീപ് കുമാര്‍, വിധു പ്രതാപ്, നജിം അര്‍ഷാദ്, രമ്യ നമ്പീശന്‍, രാജേഷ് ചേര്‍ത്തല, നിത്യ മാമ്മന്‍, പുഷ്പവതി, നരേഷ് അയ്യര്‍ എന്നിവരുടെ സംഗീത പരിപാടികള്‍ വിവിധ വേദികളിലായി അരങ്ങേറും. ഇതിനു പുറമേ വിവിധ വേദികളിലായി മ്യൂസിക്ക് ബാന്‍ഡുകളുടെ അവതരണവും കോമഡി മെഗാ ഷോകളും നൃത്തപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പൂജപ്പുര മൈതാനത്തുമായി വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പരിപാടികള്‍ നടക്കും. ഓണം വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്യും. 150 ഓളം ഫ്ളോട്ടുകള്‍ ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടും.

10,000 ത്തോളം വരുന്ന കലാകാരൻമാർ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരൻമാരും ഓണാഘോഷത്തിന്‍റെ ഭാഗമാകും. മറ്റ് ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ എംഎല്‍എ മാരായ ഐ ബി സതീഷ്, വി കെ പ്രശാന്ത്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ഐ & പിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ് എന്നിവരും പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല