
തിരുവനന്തപുരം: തിരുവനന്തപുരത്തെ മലയോര ഗ്രാമമായ അമ്പൂരിയുടെ മുഖച്ഛായ മാറുന്നു. പുതുതായി നിർമ്മിച്ച കുമ്പിച്ചൽക്കടവ് പാലം കാണാനായി നിരവധി ആളുകളാണ് അമ്പൂരിയിലേയ്ക്ക് എത്തുന്നത്. ഇതിനകം തന്നെ കുമ്പിച്ചൽക്കടവ് പാലം ജനങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇതാ കുമ്പിച്ചൽക്കടവ് പാലവുമായി ബന്ധിപ്പിച്ച് പുതിയ ഒരു വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിരിക്കുകയാണ്. അമ്പൂരി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്താണ് തീരുമാനം.
പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പുകൾക്കായി തയ്യാറാക്കിയ ഡിസൈൻ പോളിസി പ്രകാരമാണ് പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുക്കുക. ഇതിനായി 99 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണ് കുമ്പിച്ചൽക്കടവിലേത്. അമ്പൂരിയിൽ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്നതാണ് ഈ പാലം.
കുമ്പിച്ചൽക്കടവ് പാലത്തിന് 253.4 മീറ്റർ നീളമുണ്ട്. 36.2 മീറ്റർ അകലത്തിൽ ഏഴ് സ്പാനുകളാണ് പാലത്തിനുള്ളത്. ഇതിൽ രണ്ട് സ്പാനുകൾ കരയിലും ബാക്കിയുള്ള അഞ്ചെണ്ണം ജലസംഭരണിയിലുമാണ് സ്ഥിതി ചെയ്യുന്നത്. പാലത്തിന്‍റെ ആകെ വീതി 11 മീറ്ററാണ്. ഇതിൽ 8 മീറ്റർ വാഹന ഗതാഗതത്തിനായിട്ടുള്ള റോഡാണ്. റോഡിന്‍റെ ഇരുവശത്തും നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. പാലം ഭൂനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കാരണം, നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനുള്ള സൗകര്യം ലഭ്യമാകും. ഈ പാലം അമ്പൂരിയിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും, അവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമ്പൂരി അടിമുടി മാറും
കുമ്പിച്ചൽക്കടവ് പാലത്തോടൊപ്പം
പുതിയ വിനോദ സഞ്ചാര കേന്ദ്രവും വരുന്നു..
തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലം ഇതിനകം തന്നെ ജനങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. അമ്പൂരി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്ത് ഈ പാലത്തെ ഉപയോഗപ്പെടുത്തി ഒരു വിനോദ കേന്ദ്രം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പുകൾക്കായി തയ്യാറാക്കിയ ഡിസൈൻ പോളിസി പ്രകാരം തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിൻ്റെ താഴെ ഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി അവിടെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുവാൻ 99 ലക്ഷം രൂപ അനുവദിച്ച വിവരം സന്തോഷത്തോടെ ഇവിടെ പങ്കുവെക്കുന്നു..