ടെക്നോസിറ്റിയ്ക്ക് സമീപം പുതിയ വിനോദസഞ്ചാര കേന്ദ്രം; 'നൈറ്റ് ലൈഫ്' ഉൾപ്പെടെ വൻ പദ്ധതി, ഭൂമി കൈമാറ്റം ഇന്ന്

Published : Aug 13, 2025, 10:37 AM IST
Muhammad Riyas

Synopsis

 'നൈറ്റ് ലൈഫ്' ഉള്‍പ്പെടെയുള്ള നൂതന ടൂറിസം പദ്ധതികള്‍ ആനത്താഴ്ചിറയെ ആകര്‍ഷകമാക്കും.

തിരുവനന്തപുരം: ടെക് സിറ്റിയായി വികസിക്കുന്ന തലസ്ഥാനത്ത് പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ടെക്നോസിറ്റിയ്ക്ക് സമീപം നഗരാതിര്‍ത്തിയോട് ചേര്‍ന്ന് ആണ്ടൂര്‍ക്കോണം ആനത്താഴ്ചിറയിലെ 16.7 ഏക്കര്‍ ഭൂമിയിലാണ് വിനോദസഞ്ചാര കേന്ദ്രം വരുന്നത്. പദ്ധതിയുടെ ഭാഗമായി ആനത്താഴ്ചിറയുടെ ഭൂരേഖകള്‍ ഇന്ന് വൈകിട്ട് 6 മണിക്ക് ആനത്താഴ്ചിറ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ. രാജന്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കൈമാറും. മന്ത്രി ജി ആര്‍. അനില്‍ അധ്യക്ഷനാകും.

റവന്യു - പഞ്ചായത്ത് വകുപ്പുകളുടെ കൈവശമുള്ള ഭൂമിയാണ് പദ്ധതിയ്ക്കായി ടൂറിസം വകുപ്പിന് അനുവദിച്ചത്. 'നൈറ്റ് ലൈഫ്' ഉള്‍പ്പെടെയുള്ള നൂനത ടൂറിസം പദ്ധതികള്‍ ആനത്താഴ്ചിറയെ ആകര്‍ഷകമാക്കും. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള താത്പര്യപത്രം സെപ്റ്റംബര്‍ ആദ്യവാരത്തോടെ ക്ഷണിക്കും.

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ മന്ത്രി ജി.ആര്‍ അനിലിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ടൂറിസം ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റിന്‍റെ ഭാഗമായി ആനത്താഴ്ചിറയില്‍ വിപുലമായ പദ്ധതി നടപ്പാക്കാനാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റിനെ മന്ത്രി ചുമതലപ്പെടുത്തി. ആനത്താഴ്ചിറയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധം പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ ഫ്രീഡം പാര്‍ക്കും ഇവിടെ സജ്ജമാക്കും. പുത്തന്‍ ഇന്നൊവേഷനുകളുടെ പ്രദര്‍ശനമടക്കമുള്ളവ ഇതിന്‍റെ ഭാഗമായുണ്ടാകും. ജലാധിഷ്ഠിത സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കായി പരിസ്ഥിതി സൗഹൃദപാര്‍ക്ക്, സൈക്കിള്‍ സവാരിക്കായി പ്രത്യേക സംവിധാനം എന്നിങ്ങനെ പരിസ്ഥിതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല