
വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിനായി ന്യൂസിലൻഡ് തങ്ങളുടെ പ്രശസ്‍തമായ ഗോൾഡൻ വിസ പദ്ധതിയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം, സ്ഥിരതാമസാവകാശം ലഭിക്കുന്നതിനുള്ള നിക്ഷേപ വ്യവസ്ഥയുടെ ഭാഗമായി ചാരിറ്റി സ്ഥാപനങ്ങൾക്കോ പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കോ നൽകുന്ന സംഭാവനകളും ഇനി പരിഗണിക്കും. 2026 ജൂൺ ഒന്നുമുതൽ ഈ പുതുക്കിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.
ന്യൂസിലൻഡിന്റെ ആക്റ്റീവ് ഇൻവെസ്റ്റർ പ്ലസ് വിസ (Active Investor Plus Visa) പദ്ധതിയിലെ ‘ഗ്രോത്ത്’ വിഭാഗത്തിലാണ് പുതിയ ഇളവ് നടപ്പിലാക്കുന്നത്. ഇതോടെ വിദേശ നിക്ഷേപകർക്ക് രാജ്യത്തിന്റെ സാമൂഹിക, സാംസ്‍കാരിക, പരിസ്ഥിതി മേഖലകളുടെ വികസനത്തിനായി നേരിട്ട് സംഭാവന നൽകിക്കൊണ്ട് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ സാധിക്കും.
പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, ഗ്രോത്ത് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ നിർബന്ധമായും 50 ലക്ഷം ന്യൂസിലൻഡ് ഡോളർ (ഏകദേശം 25 കോടി രൂപ) നിക്ഷേപിക്കണം. ഇതിൽ പരമാവധി 20 ശതമാനം വരെ അംഗീകൃത ചാരിറ്റി സംഘടനകൾക്കും വന്യജീവി സംരക്ഷണ പദ്ധതികൾക്കും പരിസ്ഥിതി സംരക്ഷണ സംരംഭങ്ങൾക്കും സംഭാവനയായി നൽകാം. ശേഷിക്കുന്ന തുക ഉയർന്ന വളർച്ചാ സാധ്യതയുള്ള ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, മാനേജ്ഡ് ഫണ്ടുകൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കേണ്ടതായിരിക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി നിക്ഷേപകരും ചാരിറ്റി സംഘടനകളും സാമൂഹികവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേരിട്ട് പിന്തുണ നൽകാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് ന്യൂസിലൻഡിന്റെ കുടിയേറ്റ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പറഞ്ഞു. സമൂഹത്തിന് വിലപ്പെട്ട സേവനങ്ങൾ ചെയ്യുന്ന ചാരിറ്റി സ്ഥാപനങ്ങൾക്ക് ഇത്തരം സംഭാവനകൾ വലിയ സഹായമാകും എന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ആക്റ്റീവ് ഇൻവെസ്റ്റർ പ്ലസ് വിസ പദ്ധതിയിൽ രണ്ട് നിക്ഷേപ മാർഗങ്ങളാണുള്ളത്. ‘ഗ്രോത്ത്’ വിഭാഗത്തിൽ മൂന്ന് വർഷത്തേക്ക് 50 ലക്ഷം ന്യൂസിലൻഡ് ഡോളർ ഉയർന്ന റിസ്‍കുള്ള നിക്ഷേപങ്ങളിലായി വിനിയോഗിക്കണം. ഈ കാലയളവിൽ അപേക്ഷകർ കുറഞ്ഞത് 21 ദിവസം ന്യൂസിലൻഡിൽ താമസിക്കുകയും വേണം.
‘ബാലൻസ്‍ഡ്’ വിഭാഗത്തിൽ അഞ്ച് വർഷത്തേക്ക് ഒരു കോടി ന്യൂസിലൻഡ് ഡോളർ നിക്ഷേപിക്കണം. ബോണ്ടുകൾ, ഓഹരികൾ, തിരഞ്ഞെടുത്ത റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ഈ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ കുറഞ്ഞത് 105 ദിവസം രാജ്യത്ത് ചെലവഴിക്കേണ്ടതുണ്ട്. എന്നാൽ കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് താമസ നിബന്ധനകളിൽ ഇളവുകൾ ലഭിക്കാനും സാധ്യതയുണ്ട്.
വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമൂഹിക-പരിസ്ഥിതി വികസന പ്രവർത്തനങ്ങൾക്കും സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലൻഡ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. നിക്ഷേപവും സാമൂഹിക ഉത്തരവാദിത്തവും ഒരുമിപ്പിക്കുന്ന ഈ മാതൃക ആഗോള തലത്തിൽ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തൽ.