
തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് നാളെ (സെപ്റ്റംബർ 5) തുടക്കമാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ നടക്കുക. തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.
വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പുത്തന്‍ കാഴ്ചാനുഭവം ലഭ്യമാക്കുന്ന ലൈറ്റ് ഷോ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും നിന്ന് ആകര്‍ഷകമായ ദൃശ്യവിസ്മയം വീക്ഷിക്കാവുന്നതാണ്. എല്‍ഇഡി ലൈറ്റുകളാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകളാണ് ലൈറ്റ് ഷോയുടെ ഭാഗമാകുന്നത്. ആഗോള മുന്‍നിര ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുക്കുന്നത്. 2022 ജനുവരി 29 ന് രാഷ്ട്രപതി ഭവനില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്‍റെ റെക്കോര്‍ഡുള്ള കമ്പനിയാണ് ബോട്ട്ലാബ് ഡൈനാമിക്സ്. ഡ്രോണ്‍ ലൈറ്റ് ഷോ 7ന് സമാപിക്കും.
അതേസമയം, കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് തുടക്കമായത്. കനകക്കുന്നിൽ കലാവിസ്മയം നിറച്ച ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനദിനം ഗംഭീരമായി. പഞ്ചവാദ്യവും ചെണ്ട മേളവുമെല്ലാം കനകക്കുന്നിൽ ഉത്സവ പ്രതീതി നിറച്ചു. സൂരജ് സന്തോഷ്, അമൃത സുരേഷ്, മിഥുൻ ജയരാജ്, മേഘ്ന സുമേഷ്, ദിൽഷ പ്രസന്നൻ, പാർവതി അരുൺ എന്നീ കലാ കാരൻമാർ നിശാഗന്ധിയിൽ കലാ സന്ധ്യയൊരുക്കി. ഇരുപത് വർഷത്തിലധികം പഞ്ചവാദ്യത്തിൽ അനുഭവസമ്പത്ത് ഉള്ള മഹേഷും സംഘവും നടത്തിയ പഞ്ചവാദ്യമാണ് ഉദ്‌ഘാടന ദിനത്തിൽ കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ ആദ്യം നടന്നത്. കിളിമാനൂർ അനിൽ മാരാർ, കാലപീഠം ശ്രീരാഗ്, കിളിമാനൂർ ബിനു, ബാലരാമപുരം മഹേഷ്, വിഘ്‌നേശ്, സതീഷ് ബാബു, നെയ്യാറ്റിൻകര ജയശങ്കർ എന്നിവരാണ് നാദവിസ്മയം തീർത്തത്.