
ബാങ്കോക്ക്: മദ്യപാനത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തായ്ലൻഡ് തീരുമാനം പുനപരിശോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആൽക്കഹോളിക് ബിവറേജ് കൺട്രോൾ ആക്റ്റ് പ്രകാരം അടുത്തിടെ വരുത്തിയ മാറ്റമനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കും 5 മണിക്കും ഇടയിൽ മദ്യപാനവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാൽ 10,000 ബാത്ത് (ഏകദേശം 27,000 രൂപയിൽ അധികം) വരെ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ തീരുമാനമാണ് ഇപ്പോൾ പുനപരിശോധിക്കുന്നത്.
1972ലെ ആൽക്കഹോൾ ബിവറേജ് കൺട്രോൾ ആക്ടിലാണ് തായ്‍ലൻഡ് ഭേദഗതി വരുത്തിയിരുന്നത്. എന്നാൽ, ഇതിനെതിരെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു. റെസ്റ്റോറന്റുകളിലെയും ബാറുകളിലെയും സാധാരണ പ്രവർത്തനരീതിയെ ഈ നിയമം തടസ്സപ്പെടുത്തുന്നുണ്ടെന്നും ഉച്ചകഴിഞ്ഞ് ശാന്തമായി മദ്യം കഴിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും ഓപ്പറേറ്റർമാർ വാദിച്ചതിന് പിന്നാലെയാണ് തീരുമാനം പുനപരിശോധിക്കാൻ അധികാരികൾ നിർബന്ധിതരായത്.