
വിമാനയാത്ര എന്നത് പലരുടെയും ഒരു സ്വപ്നമാണ്. എങ്കിൽ ആദ്യ യാത്ര വിദേശത്തേക്ക് ആയാലോ? ഇന്ത്യയിൽ നിന്ന് കീശ കാലിയാക്കാതെ പറക്കാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. അത്തരത്തിൽ ഈ ഡിസംബറിൽ യാത്രാ ചെലവ് വളരെ കുറഞ്ഞ 5 രാജ്യങ്ങളെ കുറിച്ച് അറിയാം.
നഗരങ്ങളുടെയും ദ്വീപുകളുടെയും പ്രകൃതിയുടെയും സന്തുലിതാവസ്ഥ ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് മലേഷ്യ. അമിത ചെലവില്ലാതെ ഡിസംബറിൽ ക്വാലാലംപൂർ സന്ദർശിക്കാം. ഫുഡ് കോർട്ടുകൾ, ഷോപ്പിംഗ് സ്ട്രീറ്റുകൾ, പെട്രോണാസ് ടവറുകൾ, കൊളോണിയൽ വാസ്തുവിദ്യ തുടങ്ങി നിരവധി അനുഭവങ്ങളാണ് മലേഷ്യ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.
ഇന്തോനേഷ്യ എന്ന് കേൾക്കുമ്പോൾ തന്നെ ബാലിയാണ് പലരുടെയും മനസിലേയ്ക്ക് എത്തുക. ഡിസംബർ മാസം ബാലിയിലെ ബീച്ചുകൾ, ബാംബൂ കഫേകൾ, റൈസ് ടെറസുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ കാണേണ്ട കാഴ്ച തന്നെയാണ്.
ബജറ്റ് ഫ്രണ്ട്ലി യാത്രകൾക്ക് അനുയോജ്യമായതിനാൽ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണ് തായ്‌ലൻഡ്. ബാങ്കോക്കാണ് പ്രധാനമായും സന്ദർശിക്കേണ്ടത്. ഡിസംബറിൽ ബാങ്കോക്കിലെ രാത്രികളും സ്ട്രീറ്റ് ഫുഡുമൊക്കെ വിലകുറയും. മൂടൽമഞ്ഞുള്ള പ്രഭാതങ്ങൾ, ആന സങ്കേതങ്ങൾ, കഫേകൾ എന്നിവയെല്ലാം ആസ്വദിക്കാം.
അസർബൈജാൻ കുറഞ്ഞ ചെലവിൽ ശൈത്യകാലം ആസ്വദിക്കാൻ അനുയോജ്യമായ ഇടമാണ്. മഞ്ഞുമൂടിയ പർവതനിരകൾ, കേബിൾ കാർ റൈഡുകൾ, ഉന്മേഷദായകമായി തിരക്കില്ലാത്തതായി തോന്നുന്ന സ്കീ ചരിവുകൾ എന്നിവ ആസ്വദിക്കാം. പ്രഭാതം പോലെ തന്നെ കടൽത്തീരങ്ങളിലെ വൈകുന്നേരങ്ങളും മനോഹരമാണ്.
നിങ്ങളുടെ പോക്കറ്റിന് ഭാരം വരുത്താത്ത അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലൊന്നാണ് വിയറ്റ്നാം. മിക്ക പ്രദേശങ്ങളിലും ഡിസംബർ തെളിഞ്ഞതും സുഖകരവുമായ അന്തരീക്ഷമാണ് സമ്മാനിക്കുക. ഫ്രഞ്ച്-കൊളോണിയൽ കെട്ടിടങ്ങൾ, തടാകങ്ങൾ, കട്ടിയുള്ള വിയറ്റ്നാമീസ് കാപ്പി വിളമ്പുന്ന ചെറിയ കഫേകൾ എന്നിവയുടെ കേന്ദ്രമായ ഹനോയ് സന്ദർശിക്കാം. മാർക്കറ്റുകൾ, മ്യൂസിയങ്ങൾ, ഭക്ഷണശാലകൾ എന്നിവ കാണേണ്ടത് തന്നെയാണ്.
പ്രകൃതിഭംഗിയ്ക്കും സംസ്കാരത്തിനുമെല്ലാം എക്കാലത്തും പേരുകേട്ട ഇന്ത്യയുടെ അയൽരാജ്യമാണ് ശ്രീലങ്ക. തെക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ ഡിസംബർ മാസം മികച്ച കാലാവസ്ഥയുടെ തുടക്കമാണ്. സമുദ്രവിഭവങ്ങൾ, മാർക്കറ്റുകൾ, മൂടൽമഞ്ഞുള്ള തേയിലത്തോട്ടങ്ങൾ, വേഗത കുറഞ്ഞ ട്രെയിനുകൾ, കൊളോണിയൽ കോട്ടേജുകൾ എന്നിവ ശാന്തമായ അനുഭവം സമ്മാനിക്കും.