കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്നല്ലേ? നഗരത്തിലെ അതീവ ചരിത്ര പ്രാധാന്യമുള്ള തങ്കശ്ശേരിയും തിരുമുല്ലവാരം ബീച്ചും നവീകരിക്കും

Published : Nov 03, 2025, 03:47 PM IST
Thankassery

Synopsis

തങ്കശ്ശേരി-തിരുമുല്ലവാരം കോസ്റ്റല്‍ ടൂറിസം സര്‍ക്യൂട്ടിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ചരിത്രപ്രധാനമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

കൊല്ലം: മുഖം മിനുക്കാനൊരുങ്ങി തിരുമുല്ലവാരം ബീച്ചും തങ്കശ്ശേരി ഫോര്‍ട്ട് പാര്‍ക്കും. തിരുമുല്ലവാരം ബീച്ചിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തങ്കശ്ശേരി ഫോര്‍ട്ട് പാര്‍ക്ക് നവീകരണത്തിനുമായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തങ്കശ്ശേരി-തിരുമുല്ലവാരം കോസ്റ്റല്‍ ടൂറിസം സര്‍ക്യൂട്ടിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

നവകേരള സദസ്സില്‍ പരിഗണിച്ച വികസന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക. കൊല്ലം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതീവ ചരിത്ര പ്രാധാന്യമുള്ള തങ്കശ്ശേരി ഫോര്‍ട്ടിലെ പാര്‍ക്കും തിരുമുല്ലവാരം ബീച്ചും നവീകരിക്കുന്നത് കൂടുതല്‍ വിനോദസഞ്ചാരികളെ കൊല്ലത്തേക്ക് ആകര്‍ഷിക്കുന്നതിന് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കേരള ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു തീരദേശ പട്ടണമാണ് തങ്കശ്ശേരി. കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ മാത്രം അകലെയാണ് തങ്കശ്ശേരി സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലഘട്ടം ഓർമ്മിപ്പിക്കുന്ന ചരിത്രശേഷിപ്പുകളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കാലപ്പഴക്കം ചെന്ന കോട്ടകളും പള്ളികളുമാണ് ചരിത്രപ്രേമികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

1902-ൽ നിർമ്മിച്ച വിളക്കുമാടമാണ് (ലൈറ്റ്ഹൗസ്) തങ്കശ്ശേരിയുടെ യഥാർത്ഥ പ്രതീകം. 144 അടി ഉയരമുള്ള ഈ പ്രകാശഗോപുരം സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്ഹൗസ് റോഡിലൂടെയുള്ള യാത്രയ്ക്ക് ഒരു പ്രത്യേക ആകർഷണമുണ്ട്. സൂര്യാസ്തമയത്തിന്റെ പൊൻപ്രഭയും ചന്ദ്രോദയത്തിന്റെ നിലാവും ഒരേ സമയം ആസ്വദിക്കാൻ ഈ റോഡ് അവസരം നൽകുന്നു. ചരിത്രത്തിന്റെ ശേഷിപ്പുകളും പ്രകൃതിയുടെ മനോഹാരിതയും ഒരുമിക്കുന്ന ഈ തീരം കൊല്ലം സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാകും.

PREV
Read more Articles on
click me!

Recommended Stories

ശാന്തതയും സാഹസികതയും ഒരേയിടത്ത്; ഇതാ കൊച്ചിക്ക് സമീപമൊരു മനോഹര തീരം! സഞ്ചാരികളെ കാത്ത് കടമ്പ്രയാർ
പോക്കറ്റ് കീറില്ല, കാഴ്ചകൾ തീരില്ല; വിന്റർ സീസൺ ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്! 5 കാരണങ്ങൾ