ടൈഗര്‍ റിട്ടേൺസ്; സിംഹങ്ങളുടെ നാട്ടിലേയ്ക്ക് ഒടുവിൽ തിരിച്ചെത്തി കടുവ, രത്തൻമഹൽ വന്യജീവി സങ്കേതത്തിൽ പുതിയ അതിഥി

Published : Nov 20, 2025, 03:22 PM IST
Tiger

Synopsis

രത്തൻമഹൽ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ കടുവ ഈ പ്രദേശത്തെ സ്ഥിരം വാസസ്ഥലമാക്കിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ ചലനങ്ങൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

അഹമ്മദാബാദ്: ​ഗുജറാത്തിൽ വർഷങ്ങൾക്ക് ശേഷം കടുവ തിരിച്ചെത്തി. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനു ശേഷം ഒരു കടുവ രത്തൻമഹൽ വന്യജീവി സങ്കേതത്തെ അതിന്റെ സ്ഥിരം വാസസ്ഥലമാക്കി മാറ്റിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഗുജറാത്തിൽ 30 വർഷത്തിലേറെയായി കടുവകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. പരുക്കൻ കുന്നുകൾ, ഇടതൂർന്ന തേക്ക് വനങ്ങൾ, സമ്പന്നമായ ഗോത്ര പ്രകൃതിദൃശ്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട രത്തൻമഹൽ കടുവയുടെ അതിജീവനത്തിന് സുരക്ഷിതമായ പ്രദേശമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഫെബ്രുവരിയിലാണ് രത്തൻമഹലിനുള്ളിലെ സിസിടിവി ക്യാമറകളിൽ കടുവ പ്രത്യക്ഷപ്പെട്ടത്. തുടർന്നുള്ള നിരവധി മാസങ്ങളിൽ വന്യജീവി സങ്കേതത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ കടുവ എത്തി. നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ ചലനങ്ങളും ആരോഗ്യവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കടുവ ശക്തനാണെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കടുവയുടെ നിലനിൽപ്പിനായി വന്യജീവി സങ്കേതത്തിനുള്ളിൽ ഇരകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ഗുജറാത്ത് ഇപ്പോൾ സിംഹങ്ങൾ, പുള്ളിപ്പുലികൾ, കടുവ എന്നിവയുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഗുജറാത്ത് വനം-പരിസ്ഥിതി മന്ത്രി അർജുൻ മോദ്‌വാഡി പറഞ്ഞു. ഗുജറാത്തിൽ ഒരിക്കൽ കടുവകൾ കാണപ്പെട്ടിരുന്നു, പക്ഷേ, ക്രമേണ അവ അപ്രത്യക്ഷമായി. അവസാനമായി സംസ്ഥാനത്ത് കടുവയുടെ സാന്നിധ്യം രേഖപ്പെടുത്തിയത് 1989ൽ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതാദ്യമല്ല സമീപ കാലത്ത് ഗുജറാത്തിൽ ഒരു കടുവയെ കാണുന്നത്. 2019ൽ മഹിസാഗർ ജില്ലയിലേക്ക് ഒരു കടുവ എത്തിയിരുന്നു. എന്നാൽ, ആഴ്ചകൾക്കുള്ളിൽ അത് ചത്തു. ഇതോടെ കടുവകളുടെ പുനരുജ്ജീവനത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. ഇത്തവണ സാഹചര്യങ്ങൾ കൂടുതൽ മാറുകയും പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. രത്തൻമഹലിന് ചുറ്റുമുള്ള വനം ശാന്തവും സുരക്ഷിതവുമാണ്. ഇവിടെ കടുവ അതിജീവിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

PREV
Read more Articles on
click me!

Recommended Stories

മലമുകളിലെ 'ഡോൾഫിൻ ഷോ'
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'