സഫാരി വാ​ഹനം കേടായി, കുട്ടികൾ ഉൾപ്പെടെ കൊടും കാട്ടിൽ കുടുങ്ങി; ഭീതി പരത്തിയ മണിക്കൂറുകൾ, ഒടുവിൽ വിനോദസഞ്ചാരികളെ പുറത്തെത്തിച്ചു

Published : Aug 22, 2025, 11:50 AM IST
Jungle Safari

Synopsis

കുട്ടികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ഇരുട്ടിൽ കുടുങ്ങിക്കിടക്കുന്നതായി കാണിക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. 

ജയ്പൂർ: സഫാരി വാഹനം ബ്രേക്ക് ഡൗണായതോടെ രാജ്യത്തെ പ്രശസ്തമായ രന്തംബോർ ദേശീയോദ്യാനത്തിനുള്ളിൽ കുടുങ്ങി വിനോദസഞ്ചാരികൾ. 20ഓളം വിനോദസഞ്ചാരികളാണ് രന്തംബോർ ദേശീയോദ്യാനത്തിനുള്ളിൽ കുടുങ്ങിയത്. ഓഗസ്റ്റ് 16 ശനിയാഴ്ച വൈകുന്നേരമാണ് ഭീതിപ്പെടുത്തുന്ന സംഭവം നടന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ഇരുട്ടിൽ കുടുങ്ങിക്കിടക്കുന്നതായി കാണിക്കുന്ന വീഡിയോകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അശ്വിനി പ്രതാപിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സഫാരി വാഹനം തകരാറിലായതിനെ തുടർന്ന് വിനോ​ദസഞ്ചാരികൾക്ക് ഒപ്പമുണ്ടായിരുന്ന ഗൈഡിന് മറ്റൊരു വാഹനം കൊണ്ടുവരാൻ പോകേണ്ടി വന്നുവെന്നും അതിന്റെ ഫലമായി വിനോദസഞ്ചാരികൾ ഏകദേശം ഒന്നര മണിക്കൂറോളം കുടുങ്ങിപ്പോയതായും ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) പ്രമോദ് ധാക്കഡ് പി‌ടി‌ഐയോട് പറഞ്ഞു. പാർക്കിലെ സോൺ 6ൽ വെച്ചാണ് വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന വാഹനം തകരാറിലായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരു വാഹനം സംഘടിപ്പിക്കാൻ പോകുന്നതിന് മുമ്പ് ഗൈഡ് തങ്ങളോട് മോശമായി പെരുമാറിയെന്നും പകരം വാഹനം വേ​ഗത്തിൽ തിരികെ എത്തിച്ചില്ലെന്നും വിനോദസഞ്ചാരികൾ ആരോപിച്ചു.

വനത്തിൽ നിന്ന് പുറത്ത് കടക്കാനായി കാത്തിരിക്കുന്നതിനിടെ കുട്ടികൾ ഉൾപ്പെടെ പേടിച്ച് കരയുന്നത് വീഡിയോയിൽ കേൾക്കാം. ഏകദേശം 90 മിനിറ്റുകൾക്ക് ശേഷം വൈകുന്നേരം 7:30 ഓടെയാണ് വിനോദസഞ്ചാരികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നതുവരെ കാന്റർ ഡ്രൈവർമാരായ കൻഹയ്യ, ഷെഹ്‌സാദ് ചൗധരി, ലിയാഖത്ത് അലി, ഗൈഡ് മുകേഷ് കുമാർ ബൈർവ എന്നിവർക്ക് പാർക്കിൽ പ്രവേശന വിലക്ക് ഏ‍ർപ്പെടുത്തി. കടുവകളുടെ സാന്നിധ്യം വളരെ വലിയ തോതിലുള്ള ദേശീയോദ്യാനമാണ് രന്തംബോർ. ഇവിടെ കടുവകൾക്ക് പുറമെ പുള്ളിപ്പുലികൾ, കരടികൾ, മുതലകൾ, കുറുക്കന്മാർ, മൂർഖൻ പാമ്പുകൾ, പെരുമ്പാമ്പുകൾ തുടങ്ങിയവയും ഉള്ളതായി പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല