ഇത് ഊട്ടിയും കൊടൈക്കനാലുമല്ല! തെക്കൻ കേരളത്തിന്റെ 'മിനി മൂന്നാ‍‍‍ര്‍'; കൊല്ലംകാരുടെ സ്വന്തം അമ്പനാട്

Published : Mar 18, 2025, 12:25 PM IST
ഇത് ഊട്ടിയും കൊടൈക്കനാലുമല്ല! തെക്കൻ കേരളത്തിന്റെ 'മിനി മൂന്നാ‍‍‍ര്‍'; കൊല്ലംകാരുടെ സ്വന്തം അമ്പനാട്

Synopsis

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലുള്ള മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് അമ്പനാട്.

പച്ച പുതച്ച മലനിരകളും കോടമഞ്ഞും എന്നും സഞ്ചാരികൾക്ക് ഹരമാണ്. ഇവയെല്ലാം കാണാനായി മൂന്നാറിലേയ്ക്കും വയനാട്ടിലേയ്ക്കുമെല്ലാം നിരവധിയാളുകളാണ് ഒഴുകിയെത്തുന്നത്. എന്നാൽ, കൊല്ലം ജില്ലയിൽ ഒരു മിനി മൂന്നാർ ഉണ്ടെന്ന കാര്യം എത്ര പേർക്ക് അറിയാം? അതെ,  അധികമാർക്കും അറിയാത്ത, സമീപകാലത്ത് റീൽസുകളിലൂടെയും വ്ലോ​ഗുകളിലൂടെയും പ്രശസ്തമായ ഒരു സ്ഥലമുണ്ട്. അതാണ് അമ്പനാട്. 

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലുള്ള മനോഹരമായ ഒരു സ്ഥലമാണ് അമ്പനാട്. കുന്നുകളുടെയും പച്ച പരവതാനി വിരിച്ച പുൽമേടുകളുടെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചാരികൾക്കായി ഒളിച്ചുവെച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് അമ്പനാട് എന്ന് സംശയമില്ലാതെ പറയാം. പശ്ചിമഘട്ടത്തിന്റെയും അച്ചൻകോവിൽ വനത്തിന്റെയും അനന്തമായ നീണ്ടുകിടക്കുന്ന താഴ്‌വരയുടെ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാം. അമ്പനാട് നിന്ന് കാണുന്ന മനംമയക്കുന്ന കാഴ്ചകൾ ആരെയും അത്ഭുതപ്പെടുത്തും. ആന, കാട്ടുപോത്ത്, മാന്‍, മലയണ്ണാന്‍, മയിലുകള്‍ തുടങ്ങിയവ അമ്പനാട്ടിലെ പതിവ് കാഴ്ചകളാണ്. 

ശാന്തതയാണ് അമ്പനാടിന്റെ ഏറ്റവും വലിയ സവിശേഷത. അധികമാളുകൾ എത്തിച്ചേരാത്ത സ്ഥലമായതിനാൽ തന്നെ ഇവിടെ തിരക്ക് നന്നേ കുറവാണ്. ഇതിനാൽ തന്നെ അമ്പനാട്ടിലെത്തുന്നവർക്ക് ഇവിടുത്തെ കാഴ്ചകൾ മതിവരുവോളം ആസ്വദിക്കാൻ കഴിയും. തേയില തോട്ടങ്ങളും റബ്ബർ തോട്ടങ്ങളുമൊക്കെയായി വിശാലമായി പരന്നുകിടക്കുന്ന ഈ കുന്നിൻ പ്രദേശം വാരാന്ത്യത്തിൽ ഒരു വൺഡേ ട്രിപ്പ് നടത്താൻ അനുയോജ്യമായ സ്ഥലമാണ്. പച്ചപ്പിനും കോടമഞ്ഞിനും പുറമെ, ചെറിയ അരുവികളും നീർച്ചാലുകളും ഇവിടെയുണ്ട്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു പഴയ ഫാക്ടറിയും നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. ഫാക്ടറിയും എസ്റ്റേറ്റും ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. അവിടെ ഇപ്പോഴും പുരാതന ബ്രിട്ടീഷ് യന്ത്രങ്ങൾ കാണാം. 

അമ്പനാട് എസ്റ്റേറ്റിലേക്കുള്ള പ്രവേശന ഫീസ് മുതിർന്നവർക്കും കുട്ടികൾക്കും യഥാക്രമം 100 രൂപയും 20 രൂപയുമാണ്. 2500 രൂപ വാടകയും ഭക്ഷണത്തിന് 250 രൂപ അധികമായും നൽകിയാൽ ഇവിടെയുള്ള ബംഗ്ലാവുകളിൽ താമസ സൗകര്യം ലഭിക്കും. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരിടവേള എടുത്ത് ശാന്തസുന്ദരമായ ഒരിടത്ത് ഒരു ദിവസം ചെലവഴിക്കണമെങ്കിൽ ധൈര്യമായി അമ്പനാടേയ്ക്ക് പോകാം. പ്രകൃതി സ്നേഹികൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. പുരാവസ്തു വകുപ്പിന് കീഴില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള പുനലൂർ തൂക്കുപാലം, പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം സെന്റർ എന്നിവയാണ് അമ്പനാടിന് സമീപത്തുള്ള മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. 

READ MORE: നയാ പൈസ ചെലവില്ലാതെ യാത്ര, ഉയർന്ന ശമ്പളം, മികച്ച ജീവിത നിലവാരം; ലൈഫ് സെറ്റാക്കാൻ ബെസ്റ്റാണ് ലക്സംബർഗ്

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ