
ബെംഗളൂരു: എയർപോർട്ട് എന്ന് കേൾക്കുമ്പോൾ പഴയ ആ ബോറൻ വെയ്റ്റിംഗ് ഏരിയകളാണോ ഓർമ്മ വരുന്നത്? എന്നാൽ ബെംഗളൂരു കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2-ൽ പോയാൽ സംഗതി മാറും...പുതിയ തലമുറയിലെ യാത്രികരെ, പ്രത്യേകിച്ച് ജെൻ സി പിള്ളേരെ ലക്ഷ്യമിട്ട് സബ്ബ് വേ ഡൈനറും കഫേയും ഒക്കെയായി ഒരു കിടുക്കാച്ചി 'ഹാംഗ്ഔട്ട് സോൺ' തുറന്നിരിക്കുകയാണ്. ഇതിന്റെ പേരാണ് 'ഗേറ്റ് സി' (Gate Z). വെറുമൊരു വിശ്രമമുറി എന്നതിലുപരി, ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവെക്കാനും കഴിയുന്ന ഒരു സോഷ്യൽ സ്പേസ് ആണിത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 'ജെൻ സി മൈൻഡ് സെറ്റിനും' അവരുടെ താൽപ്പര്യങ്ങൾക്കുമാണ് ഇവിടെ മുൻഗണന. ഈ പേര് പോലും തിരഞ്ഞെടുത്തത് ഒരു നാഷണൽ ലെവൽ മത്സരത്തിലൂടെയാണ്.
പ്രശസ്തമായ '080 ഇന്റർനാഷണൽ ലോഞ്ചിന്' തൊട്ടടുത്താണ് ഈ പുതിയ ഏരിയ. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും വളഞ്ഞുപുളഞ്ഞ സീറ്റുകളും ഇതിന് ഒരു സിനിമാ സെറ്റിന്റെ ലുക്ക് നൽകുന്നു. ഇൻസ്റ്റഗ്രാം റീലുകൾക്കും സെൽഫികൾക്കും പറ്റിയ കിടിലൻ ഫ്രെയിമുകളാണ് ഇവിടെയുള്ളത്.
ജോലി ചെയ്യുന്നവർക്കായി ഹൈ-സ്പീഡ് 'വൈഫൈയും'ചാർജിംഗ് പോയിന്റുകളും ഇവിടെയുണ്ട്. യാത്രക്കാരെ സഹായിക്കാനായി എഐ അധിഷ്ഠിത നാവിഗേഷൻ സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം.
ഇതൊരു 'എക്സ്ക്ലൂസീവ് ക്ലബ്ബ് ലോഞ്ച്' പോലെയല്ല. യുവ പ്രൊഫഷണലുകൾക്കും ഫ്രീ ലാൻസർമാർക്കും സാധാരണ യാത്രികർക്കും ഒരുപോലെ ഇവിടെ സമയം ചെലവഴിക്കാം. സൗകര്യവും സംസ്കാരവും ഒത്തുചേരുന്ന ഒരിടമാണ് 'ഗേറ്റ് സി' എന്നാണ് ബെംഗളൂരു എയർപോർട്ട് സർവീസസ് ലിമിറ്റഡ് സിഇഒ ജോർജ് ബെന്നറ്റ് കുരുവിള പറയുന്നത്. ബെംഗളൂരു വിമാനത്താവളത്തിന്റെ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാവുകയാണ് ഈ പുത്തൻ ഹാംഗ്ഔട്ട് സോൺ.