മനോഹരമായ കാഴ്ചകൾ മാത്രമല്ല, മരണവും ദുരന്തവും തേടി യാത്ര! എന്താണ് ഈ 'ഡാർക്ക് ടൂറിസം'?

Published : Jan 27, 2026, 12:16 PM IST
dark tourism

Synopsis

ഡാർക്ക് ടൂറിസം അഥവാ ഗ്രീഫ് ടൂറിസം ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കിടയിൽ വലിയ തരംഗമായി മാറുകയാണ്. പ്രത്യേകിച്ച് ജെൻ സികൾക്കിടയിൽ ഇതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

വിനോദസഞ്ചാരം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൻ മനോഹരമായ കുന്നിൻചെരുവുകളും നീലക്കടലും ആഡംബര റിസോർട്ടുകളുമാണ് ഓടി വരിക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, ലോകത്തിന്റെ ഇരുണ്ട ചരിത്രവും ദുരന്തങ്ങൾ നടന്ന ഭൂമിയും തേടിപ്പോകുന്ന ഒരു വിഭാഗം സഞ്ചാരികൾ ഇന്ന് വർദ്ധിച്ചുവരികയാണ്. ഇതിനെയാണ് 'ഡാർക്ക് ടൂറിസം' എന്ന് വിളിക്കുന്നത്. 2025-ലെ ട്രാവൽ ട്രെൻഡുകളിൽ മുൻപന്തിയിലാണ് ഈ പുത്തൻ ശൈലിയൊന്ന് പഠനങ്ങൾ പറയുന്നു.

എന്താണ് ഈ ഡാർക്ക് ടൂറിസം?

മരണം, കഷ്ടപ്പാടുകൾ, പ്രകൃതിദുരന്തങ്ങൾ അല്ലെങ്കിൽ ചരിത്രപ്രധാനമായ ക്രൂരതകൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്ന രീതിയാണിത്. ഭയവും സങ്കടവും കൗതുകവും ഒരേപോലെ ഉണർത്തുന്ന ഇത്തരം യാത്രകളെ 'ഗ്രീഫ് ടൂറിസം' എന്നും വിളിക്കാറുണ്ട്. പഴയ യുദ്ധക്കളങ്ങൾ, തടവറകൾ, പ്രകൃതിക്ഷോഭം തകർത്ത നഗരങ്ങൾ എന്നിവയെല്ലാം ഈ ടൂറിസത്തിന്റെ ഭാഗമാണ്.

എന്തുകൊണ്ട് ജെൻ സികൾ ഇതിന് പിന്നാലെ പോകുന്നു ?

  • പുതിയ തലമുറയിലെ സഞ്ചാരികൾ, പ്രത്യേകിച്ച് ജെൻ സി, പരമ്പരാഗതമായ യാത്രകളേക്കാൾ ഉപരിയായി മറ്റു ചില കാരണങ്ങളാലാണ് ഡാർക്ക് ടൂറിസത്തിൽ ആകൃഷ്ടരാകുന്നത്:
  • യഥാർത്ഥ ചരിത്രത്തോടുള്ള ആഭിമുഖ്യം: പുസ്തകങ്ങളിൽ വായിച്ചതിനേക്കാൾ ഉപരിയായി, ചരിത്രത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ നേരിട്ട് അനുഭവിക്കാൻ അവർ ആഗ്രഹിക്കുന്നു.
  • സോഷ്യൽ മീഡിയ സ്വാധീനം: ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ 'അൺ എക്സ്പ്ലോർഡ്' അല്ലെങ്കിൽ നിഗൂഢത നിറഞ്ഞ സ്ഥലങ്ങൾ പങ്കുവെക്കുന്നത് വലിയ ട്രെൻഡാണ്. ഇത് യുവാക്കൾക്കിടയിൽ ഒരു തരം മത്സരം തന്നെ ഉണ്ടാക്കുന്നു.
  • സാഹസികത: സുരക്ഷിതമായ യാത്രകളേക്കാൾ അല്പം ഭയവും ആകാംക്ഷയും നിറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കുന്നത് വലിയൊരു സാഹസികതയായി ഇവർ കാണുന്നു.

ഇന്ത്യയിലെ പ്രധാന ഡാർക്ക് ടൂറിസം കേന്ദ്രങ്ങൾ

ഇന്ത്യയിലും ഇത്തരം ഒട്ടേറെ സ്ഥലങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്:

  • ജാലിയൻ വാലാബാഗ് (പഞ്ചാബ്): 1919-ലെ കൂട്ടക്കൊലയുടെ ചോരയുറയുന്ന സ്മരണകൾ ഇന്നും നിലനിൽക്കുന്ന ഇടം. സന്ദർശകരിൽ ഇത് വലിയ വൈകാരിക ആഘാതം സൃഷ്ടിക്കുന്നു.
  • സെല്ലുലാർ ജയിൽ (ആൻഡമാൻ): സ്വാതന്ത്ര്യസമര സേനാനികളെ പാർപ്പിച്ചിരുന്ന 'കാലാപാനി'. ബ്രിട്ടീഷ് ക്രൂരതയുടെ ജീവിക്കുന്ന തെളിവായി ഈ ജയിൽ നിലകൊള്ളുന്നു.
  • ഭാന്‍ഗഢ് കോട്ട (രാജസ്ഥാൻ): ഏഷ്യയിലെ തന്നെ ഏറ്റവും ഭയാനകമായ പ്രേതക്കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് ശേഷം ഇവിടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
  • കുൽധാര (രാജസ്ഥാൻ): ഒറ്റരാത്രികൊണ്ട് മനുഷ്യരൊഴിഞ്ഞുപോയ ശപിക്കപ്പെട്ട ഗ്രാമം. ഇന്നും അവിടുത്തെ തകർന്ന വീടുകൾ നിഗൂഢതയായി തുടരുന്നു.
  • രൂപ്കുണ്ഡ് തടാകം (ഉത്തരാഖണ്ഡ്): 'അസ്ഥികൂടങ്ങളുടെ തടാകം' ( Skeleton lake)എന്നറിയപ്പെടുന്ന ഈ സ്ഥലത്ത്, മഞ്ഞുരുകുമ്പോൾ തടാകത്തിനടിയിൽ നിന്ന് തെളിഞ്ഞുവരുന്ന നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങൾ. ഇവ എങ്ങനെ അവിടെയെത്തി എന്നത് ഇന്നും ഒരു രഹസ്യമാണ്.
  • സൂറത്തിലെ ഡുമാസ് ബീച്ച്: രാത്രികാലങ്ങളിൽ അസ്വാഭാവികമായ ശബ്ദങ്ങൾ കേൾക്കുന്ന, കറുത്ത മണൽ വിരിച്ച ഈ ബീച്ച് സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡാർക്ക് ടൂറിസം വെറുമൊരു വിനോദമല്ല. ലക്ഷക്കണക്കിന് ആളുകളുടെ വേദനയും മരണവും നടന്ന സ്ഥലങ്ങളാണിവ. അതിനാൽ അത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ തികഞ്ഞ ബഹുമാനം കാണിക്കേണ്ടതുണ്ട്. അവിടുത്തെ ചരിത്രത്തെയും സ്മാരകങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പഴയകാലത്തെ മുറിവുകളെ തൊട്ടറിയാനും ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും ഈ യാത്രകൾ സഹായിക്കുമെന്നതിൽ സംശയമില്ല. നിങ്ങൾ ഒരു ഡാർക്ക് ടൂറിസം പ്രേമിയാണോ? എങ്കിൽ അടുത്ത യാത്ര ഇന്ത്യയിലെ ഈ നിഗൂഢ കേന്ദ്രങ്ങളിലേക്ക് ആകട്ടെ...

PREV
Read more Articles on
click me!

Recommended Stories

ഇനി ഫ്ലൈറ്റ് കാത്തിരുന്ന് ബോറടിക്കണ്ട; ബെംഗളൂരു എയർപോർട്ടിൽ ജെൻ സി ഹാംഗ്ഔട്ട് സോൺ
ഗോവയിലേയ്ക്ക് ട്രിപ്പ് പ്ലാൻ ചെയ്തോ? പെൺകുട്ടികൾക്ക് ഇതാ ചില സിമ്പിൾ ടിപ്സ്