
നിലമ്പൂരിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കനോലി പ്ലോട്ടിലെ ഭീമൻ മുത്തശ്ശി തേക്കുകളെ കാണാതെ മടങ്ങേണ്ടി വരില്ല. പ്രളയത്തിൽ തകർന്ന തൂക്കുപാലത്തിന് പകരമായി ചാലിയാർ പുഴ കടക്കാൻ വനം വകുപ്പ് ജങ്കാർ സർവീസ് തുടങ്ങി. പ്രളയത്തിൽ തൂക്കുപാലം തകർന്നതോടെ കനോലി പ്ലോട്ടിലെ കാഴ്ച്ചകൾ നിലമ്പൂരിലെത്തുന്ന സഞ്ചാരികൾക്ക് നഷ്ടമായിരുന്നു. വനം വകുപ്പ് ഒരുക്കുന്ന താൽക്കാലിക ജങ്കാറിൽ ഇനി കനോലി പ്ലോട്ടിലേക്ക് സഞ്ചാരികൾക്ക് എത്താം. ഒപ്പം ചാലിയാറിൻ്റെ ഭംഗിയും ആസ്വദിക്കാം.
50 രൂപയാണ് മുതിർന്നവർക്കായുള്ള ജങ്കാർ നിരക്കുകൾ. കുട്ടികൾക്ക് 30 രൂപയും, വിനോദ യാത്രയുടെ ഭാഗമായി സ്കൂളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് 10 രൂപ നൽകിയും ജങ്കാറിൽ ചാലിയാർ പുഴ കടക്കാം. നിലമ്പൂരിലെത്തുവർക്ക് തേക്കിനൊപ്പം തൂക്കു പാലവും പ്രധാന ആകർഷണമായിരുന്നു. പാലത്തിൻ്റെ നിർമ്മാണം വേഗം പൂർത്തിയാക്കി സ്ഥലത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനാണ് അധികൃതരുടെ ശ്രമം.