
അധിനിവേശ ശക്തികളുടെ ആധിപത്യത്തിൽ നിന്ന് ഇന്ത്യ മോചിതമായിട്ട് പതിറ്റാണ്ടുകളായി. എന്നാൽ ഇന്നും ചരിത്രത്തിൽ നിന്ന് വ്യതിചലിക്കാതെ സഞ്ചരിക്കുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. പോർച്ചുഗീസുകാരുടെ കീഴിൽ വർഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിർത്തുന്ന ഒരു ഗ്രാമമാണ് മഹാരാഷ്ട്രയിലെ കോർലായി. ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ചാരികൾക്കായി കാഴ്ചകൾ ഒരുപാട് കരുതിവച്ചിരിക്കുന്ന സ്ഥലം കൂടിയാണ് കോർലായി. എന്നാലും 1580 വരെ പോർച്ചുഗീസുകാർ പ്രധാന വ്യാപാര, രാഷ്ട്രീയ ശക്തിയായി ഉയർന്നുവന്നില്ല.
പോർച്ചുഗീസുകാർ ആദ്യമായി കോർലായിക്ക് സമീപമുള്ള ഒരു തുറമുഖ പട്ടണമായ ചൗളിൽ എത്തിയത് മുതലാണ് ചരിത്രത്തിന് തുടക്കമാകുന്നത്. 1505-ൽ, 10 കപ്പലുകളുടെ അകമ്പടിയോടെ പോർച്ചുഗീസ് കമാൻഡർ ഡോൺ ലോറെൻസോ ഡി അൽമേഡ ചൗൾ തുറമുഖം ആക്രമിച്ചു. ഇത് തദ്ദേശവാസികൾക്ക് വലിയ നഷ്ടം വരുത്തി. പോർച്ചുഗീസുകാർ ആധിപത്യം സ്ഥാപിച്ചതോടെ അവരുടെ സംസ്കാരത്തിന്റെ സ്വാധീനം തദ്ദേശവാസികളിലും പ്രകടമാകാൻ തുടങ്ങി. പ്രാദേശിക തലത്തിൽ ക്രിസ്തുമതത്തിന്റെ സ്വാധീനം വളർന്നു വന്നു.
വൈകാതെ തന്നെ ഈ പ്രദേശത്ത് ഒരു കത്തോലിക്കാ പള്ളിയും നിർമ്മിക്കപ്പെട്ടു. മറാത്തി സംസാരിക്കുന്ന ജനങ്ങൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതും പോർച്ചുഗീസുമായി സമ്പർക്കം പുലർത്തിയതും ഇങ്ങനെയാണ്.
1740 മുതൽ 1814 വരെ കോർലായിലെ ജനസംഖ്യ ഏകദേശം 300 പേരായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇത് 1,000 ൽ താഴെയായി ഉയർന്നു. വിദ്യാഭ്യാസത്തിലെ വർദ്ധനവും പ്രദേശത്ത് നിരവധി ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടതും കാരണം കോർലായിലെ നിവാസികൾ ക്രമേണ മാറ്റങ്ങൾക്ക് വിധേയരായി. കോർലായി ഗ്രാമത്തിൽ ഇപ്പോഴും പോർച്ചുഗീസ് സംസാരിക്കുന്നുണ്ടെങ്കിലും പ്രദേശത്തിന്റെ പ്രാദേശിക ഭാഷയായ മറാത്തി പ്രധാനമായും വിദ്യാഭ്യാസ, ഭരണ കാര്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
1521ൽ പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച കോട്ട ഇന്നും ലോകപ്രശസ്തമാണ്. കോർലായി കോട്ട എന്നാണ് ഇത് അറിയപ്പെടുന്നത്. റേവാൻഡ കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോട്ടയുടെ നിർമ്മാണം. കോട്ട നിർമ്മിച്ച പോർച്ചുഗീസുകാർ തന്നെ ചതിയിലൂടെ ഇത് സ്വന്തമാക്കി. എന്നാൽ, കോട്ട സംരക്ഷിക്കുക എന്നത് വെല്ലുവിളിയായതോടെ പോർച്ചുഗീസുകാർ തന്നെ ഇതിന്റെ പ്രധാന ഗോപുരം ഒഴികെയുള്ള സ്ഥലങ്ങൾ തീയിട്ടു നശിപ്പിച്ചു. നശിപ്പിക്കപ്പെട്ടെങ്കിലും ഈ കോട്ട ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ കോട്ടകളിൽ ഒന്നാണെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.
കോട്ടയ്ക്കുള്ളിലെ ദേവാലയത്തിൽ ഞായറാഴ്ചകളിൽ ആരാധന നടന്നിരുന്നു. ഇന്ന് മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് കോർലായി കോട്ട. ഈ കോട്ടയിൽ നിന്ന് കാണുന്ന അറബിക്കടലിന്റെ കാഴ്ചകൾ അതിമനോഹരമാണ്. കോർലായി ഗ്രാമത്തിന്റെ സുന്ദര ദൃശ്യങ്ങളും ഇവിടെ നിന്നാൽ കാണാം. ഇവിടുത്തെ സൂര്യാസ്തമയത്തിന്റെ കാഴ്ച ആരുടെയും മനം മയക്കും. ഇവിടെയുള്ള ലൈറ്റ് ഹൌസാണ് മറ്റൊരു പ്രധാന ആകർഷണം.
എങ്ങനെ എത്തിച്ചേരാം?
അലിബാഗിൽ നിന്ന് 22 കിലോമീറ്ററും മുംബൈയിൽ നിന്ന് റോഡ് മാർഗം 115 കിലോമീറ്ററും അകലെയാണ് കോർലായി ഗ്രാമം സ്ഥിതി ചെയ്യുന്നത്. സെൻട്രൽ റെയിൽവേയുടെ പൻവേൽ-റോഹ റൂട്ടിലെ കാസു ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
READ MORE: കേരളത്തിലൊരു നിഗൂഢ ദ്വീപ്, ബോട്ടിൽ ഒന്നര മണിക്കൂർ നീണ്ട യാത്ര; പ്രകൃതി ഒളിപ്പിച്ച പാതിരാമണൽ