ഈ ദീപാവലിക്ക് ബാലിയിലേയ്ക്ക് പറക്കാൻ പ്ലാനുണ്ടോ? ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട വിസ, എൻട്രി നിയമങ്ങൾ

Published : Oct 04, 2025, 02:08 PM IST
Indonesia

Synopsis

ദീപാവലി അവധിക്ക് ബാലിയിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ഇന്ത്യൻ സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. 'ഓൾ ഇന്തോനേഷ്യ' ആപ്പാണ് ഇതിൽ പ്രധാനം. 

ഇന്ത്യയിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഇന്തോനേഷ്യ. തെക്ക് കിഴക്കൻ ഏഷ്യയിലെ ഈ മനോഹരമായ ഡെസ്റ്റിനേഷൻ എക്കാലവും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുണ്ടാകാറുണ്ട്. ഇന്തോനേഷ്യ എന്ന് പറയുമ്പോൾ തന്നെ ബാലിയാണ് എല്ലാവരുടെയും മനസിലേയ്ക്ക് എത്താറുള്ളത്. ശാന്തമായ കടൽത്തീരങ്ങൾക്ക് പുറമെ, അവിശ്വസനീയമായ പ്രകൃതി-സാംസ്കാരിക അനുഭവങ്ങളും ബാലി സഞ്ചാരികൾക്കായി കാത്തുവെച്ചിട്ടുണ്ട്. എന്നാൽ ബാലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുമ്പ്, ഇന്ത്യൻ സഞ്ചാരികൾ ഇന്തോനേഷ്യയുടെ വിസ നടപടിക്രമങ്ങളെക്കുറിച്ചും പുതുതായി പ്രാബല്യത്തിൽ വന്ന നിയമങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്.

ഇന്തോനേഷ്യയിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമാണ്. ഇതിനായുള്ള നടപടിക്രമങ്ങൾ വളരെ ലളിതമാണ്. ബാലിയിൽ എത്തിയ ശേഷം വിസ ഓൺ അറൈവൽ എടുക്കാം. അല്ലെങ്കിൽ യാത്രയ്ക്ക് മുമ്പായി ഓൺലൈൻ വഴി ഇ-വിസയ്ക്ക് അപേക്ഷിക്കാം. 2025 ഒക്ടോബർ 1 മുതൽ ഇന്തോനേഷ്യ പുതിയ ഡിജിറ്റൽ ഇമിഗ്രേഷൻ പ്ലാറ്റ്‌ഫോമായ "ഓൾ ഇന്തോനേഷ്യ" ആപ്പ് പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്, ബാലിയിലേക്ക് പോകുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര സന്ദർശകരും രാജ്യത്ത് എത്തുന്നതിനു മുമ്പ് ഈ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്.

ഇമിഗ്രേഷൻ, കസ്റ്റംസ്, ആരോഗ്യം, ക്വാറന്റൈൻ അറിയിപ്പുകൾ എന്നിവ ഒരൊറ്റ ഓൺലൈൻ ഫോമിൽ സമന്വയിപ്പിക്കുന്ന ഒരു ഏകീകൃത പ്ലാറ്റ്‌ഫോമാണ് ഓൾ ഇന്തോനേഷ്യ. മുൻകൂട്ടി ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലൂടെ, യാത്രക്കാർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സാധിക്കും. പേപ്പർവർക്കുകൾ കുറയുന്നതിനാൽ വേഗത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് നേടാനും ഇത് സഹായിക്കും. ഈ സംവിധാനം അതിർത്തി സുരക്ഷയും ഏജൻസികൾ തമ്മിലുള്ള ഏകോപനവും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ദീപാവലിക്ക് ബാലി ട്രിപ്പ് പ്ലാൻ ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതുപോലെ തന്നെ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ ചേര്‍ക്കേണ്ടതും ഇനി അത്യാവശ്യമാണ്.

ഇന്തോനേഷ്യ ഇ-വിസയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ?

സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി ഇ-വിസയ്ക്ക് അപേക്ഷിക്കുന്നത് മൂന്ന് ഘട്ടങ്ങളുള്ള ഒരു ഓൺലൈൻ പ്രക്രിയയാണ്:

  • നിർദ്ദിഷ്ട സൈറ്റിൽ അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • വിസ ഫീസ് അടയ്ക്കുക.
  • നിങ്ങളുടെ ഇമെയിൽ ലഭിക്കുന്ന വിസ ലിങ്കിനായി കാത്തിരിക്കുക. ഏകദേശം 5 ദിവസമാണ് ഇതിന് സമയം എടുക്കാറുള്ളത്.

വിസ വിവരങ്ങൾ ഒറ്റനോട്ടത്തിൽ

വിസ ഓൺ അറൈവൽ

കാലാവധി: 30 ദിവസം വരെ (ഒരു തവണ കൂടി 30 ദിവസത്തേക്ക് നീട്ടാം)

ചെലവ്: IDR 500,000 (ഏകദേശം 2,550 രൂപ)

സിംഗിൾ-എൻട്രി ഇ-വിസ

കാലാവധി: 60 ദിവസം വരെ

ചെലവ്: IDR 1,000,000 (ഏകദേശം 5,000 രൂപ)

മൾട്ടിപ്പിൾ-എൻട്രി ഇ-വിസ

കാലാവധി: ഓരോ സന്ദർശനത്തിനും 60 ദിവസം വരെ, 2 വർഷമാണ് കാലാവധി

ചെലവ്: IDR 5,000,000 (ഏകദേശം 25,400 രൂപ)

ലക്ഷ്യം: ടൂറിസം അല്ലെങ്കിൽ സാധാരണ സന്ദർശനം.

ഇന്തോനേഷ്യൻ വിസയ്ക്ക് ആവശ്യമായ രേഖകൾ

  • കുറഞ്ഞത് 6 മാസം സാധുതയുള്ള പാസ്പോർട്ട്
  • അടുത്തിടെ എടുത്ത ഒരു കളർ ഫോട്ടോ
  • കുറഞ്ഞത് 2,000 യുഎസ് ഡോളർ അല്ലെങ്കിൽ അതിന് തുല്യമായ തുക കൈവശമുണ്ടെന്ന് തെളിയിക്കുന്ന യാത്രാച്ചെലവിനുള്ള തെളിവ്

ഇന്ത്യയിൽ നിന്ന് ബാലിയിലേക്കുള്ള വിമാനങ്ങൾ

ഇൻഡിഗോ, എയർ ഇന്ത്യ വിസ്താര, തുടങ്ങിയ വിമാനക്കമ്പനികൾ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ബാലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്താറുണ്ട്. ദീപാവലി സമയത്ത് തിരക്ക് വർധിക്കുന്നതിനാൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ നേരത്തേ തന്നെ ബുക്ക് ചെയ്യാനും ഉത്സവ സീസണിലെ ഓഫറുകൾ നേടാനും ശ്രമിക്കുക.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ