
വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തുന്ന കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. കോടമഞ്ഞും കുളിർക്കാറ്റും തേയിലത്തോട്ടങ്ങളുമെല്ലാമായി സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് മൂന്നാർ. ട്രക്കിംഗിനും ക്യാമ്പിംഗിനുമെല്ലാം അനുയോജ്യമായ നിരവധി സ്ഥലങ്ങൾ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുണ്ട്. കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ ഈ വേനൽക്കാലം അടിച്ചുപൊളിക്കാൻ അനുയോജ്യമായ അഞ്ച് മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1) ഇരവികുളം ദേശീയോദ്യാനം
മൂന്നാറിനടുത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനെ സംരക്ഷിക്കാനുള്ള പ്രത്യേക സംരക്ഷിത മേഖലയാണിത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വരയാടുകളെ അടുത്ത് കാണാൻ കഴിയും. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പുഷ്പിക്കല്‍ സമയത്ത് ഇരവികുളം ദേശീയോദ്യാനത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്താറുള്ളത്.
2) ആനമുടി
സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണ് ആനമുടി. പശ്ചിമഘട്ടങ്ങളിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി. 2700 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആനമുടിയിലേയ്ക്ക് പോകാൻ വനം വകുപ്പിന്റെ അനുമതി വേണം. ആനമുടിയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് വനം വകുപ്പിന്റെ അനുമതിയുണ്ട്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം അധികൃതരാണ് അനുമതി നല്‍കേണ്ടത്.
3) മാട്ടുപ്പെട്ടി
മൂന്നാര്‍ ടൗണില്‍ നിന്ന് 12 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. മാട്ടുപ്പെട്ടിയില്‍ പഴയ അണക്കെട്ടും വലിയ ജലാശയവുമുണ്ട്. ഈ തടാകത്തില്‍ ബോട്ടിംഗിനും സൗകര്യങ്ങളുണ്ട്. ബോട്ടിംഗിന്റെ സമയത്ത് ചുറ്റും കാണുന്ന കാഴ്ചകൾ ആരുടെയും മനം മയക്കുമെന്ന കാര്യത്തിൽ സംശയമില്ല.
4) ടോപ് സ്റ്റേഷന്‍
മൂന്നാറില്‍ നിന്ന് 32 കി. മീ. അകലെയാണ് ടോപ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ - കൊടൈക്കനാല്‍ റോഡില്‍ സമുദ്ര നിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരെയാണ് ഈ സ്ഥലം. തമിഴ്‌നാട് തെക്കുഭാഗത്തായി കൊളുക്കു മലയും, വടക്കു പടിഞ്ഞാറായി കുണ്ടള പ്രദേശങ്ങളും കാണാന്‍ കഴിയുന്ന ടോപ് സ്റ്റേഷനില്‍ നിന്ന് കൊടൈക്കനാല്‍ വരെ നീളുന്ന നടപ്പാതയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ടെൻഡിൽ താമസിച്ച് സൂര്യോദയം കാണാനും സാധിക്കും.
5) കൊളുക്കുമല
മൂന്നാറിൽ നിന്ന് ഏകദേശം 35 കി.മീ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് കൊളുക്കുമല. മനോഹരമായ സൂര്യോദയത്തിന്റെ കാഴ്ചകൾ കാണാനായി ഇവിടേയ്ക്ക് നിരവധിയാളുകളാണ് എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8000 അടിയോളം ഉയരത്തിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ദുർഘടമായ റോഡായതിനാൽ ഇവിടേയ്ക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ. ഇവിടെയുള്ള പുലിപ്പാറയും ഏറെ പ്രശസ്തമാണ്.
മൂന്നാറിലേയ്ക്ക് എങ്ങനെ എത്താം
ആലുവയാണ് മൂന്നാറിന് ഏറ്റവും അടുത്തുളള റെയില്‍വേ സ്റ്റേഷന്‍. മൂന്നാർ - ആലുവ - 108 കി.മീ.
അങ്കമാലി റെയിൽവേ സ്റ്റേഷൻ - മൂന്നാർ - 109 കി. മീ.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - മൂന്നാർ - 108 കി. മീ.
READ MORE: ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ 2025 തൃശൂർ ഹയാത്ത് റീജിയൻസിയിൽ