ദുരിയാനുമായി മുറിയിലെത്തി, 13,000 രൂപ പിഴ ചുമത്തി ഹോട്ടൽ അധികൃതര്‍; കാരണം കേട്ട് ഞെട്ടി ടൂറിസ്റ്റ്!

Published : Jun 03, 2025, 03:59 PM IST
ദുരിയാനുമായി മുറിയിലെത്തി, 13,000 രൂപ പിഴ ചുമത്തി ഹോട്ടൽ അധികൃതര്‍; കാരണം കേട്ട് ഞെട്ടി ടൂറിസ്റ്റ്!

Synopsis

കാഴ്ചകൾ കണ്ട് തിരിച്ചെത്തിയപ്പോൾ യുവതിയ്ക്ക് മുറിയിൽ നിന്ന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ലഭിച്ചു.

സിം​ഗപ്പൂർ: ഹോട്ടൽ മുറിയിലേയ്ക്ക് ദുരിയാൻ എന്ന പഴം കൊണ്ടുവന്നതിന് വിനോദസഞ്ചാരിയായ യുവതിയ്ക്ക് പിഴ ചുമത്തി സിംഗപ്പൂരിലെ ഹോട്ടൽ. ഹോട്ടൽ മുറിയിലേക്ക് ദുരിയാൻ കൊണ്ടുവന്നതിന് ചൈനീസ് വിനോദസഞ്ചാരിയായ യുവതിയ്ക്ക് 200 S$ (ഏകദേശം 13,000 ഇന്ത്യൻ രൂപ) ആണ് പിഴ ചുമത്തിയത്. സിംഗപ്പൂരിൽ ദുരിയാൻ പഴവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ നിയന്ത്രണങ്ങളെക്കുറിച്ച് അറിയിത്തതിനാലാണ് യുവതിയ്ക്ക് പിഴ ശിക്ഷ നേരിടേണ്ടി വന്നത്. 

ഒരു സുഹൃത്തിനൊപ്പം സിംഗപ്പൂർ സന്ദർശിക്കുന്നതിനിടെ വഴിയോരക്കച്ചവടക്കാരനിൽ നിന്നാണ് യുവതി ദുരിയാൻ വാങ്ങിയത്. ഇരിക്കാൻ ഇടമില്ലാത്തതിനാൽ, ഹോട്ടൽ മുറിയിൽ വെച്ച് തന്നെ പഴം കഴിക്കാൻ അവർ തീരുമാനിച്ചു. രുചികരമായ പഴമാണെങ്കിലും ദുരിയാന് രൂക്ഷമായ ഗന്ധമുണ്ട്. ഗന്ധം പുറത്തുവരാതിരിക്കാൻ ദുരിയാൻ ക്ളിംഗ് ഫിലിമിൽ പൊതിഞ്ഞിരുന്നെങ്കിലും മുറിയിൽ ദുർഗന്ധം നിറഞ്ഞു. അതേ ദിവസം വൈകുന്നേരം കാഴ്ചകൾ കണ്ട് തിരിച്ചെത്തിയപ്പോൾ യുവതിയ്ക്ക് മുറിയിൽ നിന്ന് ഒരു കുറിപ്പ് ലഭിച്ചു. "ഞങ്ങളുടെ ജോലിക്കാരിയ്ക്ക് നിങ്ങളുടെ മുറിയിൽ നിന്ന് ദുരിയാൻ പഴത്തിന്റെ ഗന്ധം ലഭിച്ചതായി അറിയിക്കുന്നു...ക്ലീനിംഗ് ഫീസായി SG200 ഈടാക്കും." എന്നായിരുന്നു കുറിപ്പ്.

പിഴ കണ്ട് ഞെട്ടിപ്പോയ യുവതി ഉടൻ തന്നെ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ തന്റെ അനുഭവം പങ്കുവെക്കുകയും മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരുമായി വിലപേശാൻ ശ്രമിച്ചതായും തന്റെ തെറ്റ് സമ്മതിക്കുകയും പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും യുവതി പറഞ്ഞു. എന്നാൽ മുറി പ്രൊഫഷണലായി വൃത്തിയാക്കേണ്ടതുണ്ടെന്നും ദുരിയാന്റെ ദുർഗന്ധം കാരണം കുറച്ച് ദിവസത്തേക്ക് ആ മുറി ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞതായി യുവതി കൂട്ടിച്ചേര്‍ത്തു.

രൂക്ഷമായ ഗന്ധത്തിന് പേരുകേട്ട ഒരു പഴമാണ് ദുരിയാൻ. ഇതുമായി ബന്ധപ്പെട്ട് സിംഗപ്പൂരിൽ കർശനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ, നിരവധി ഹോട്ടലുകളിൽ ദുരിയാന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾക്ക് അനുസരിച്ച് പിഴയിലും വ്യത്യാസങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന്, ദുരിയാന്റെ ഗന്ധം കണ്ടെത്തിയാൽ കാൾട്ടൺ സിറ്റി ഹോട്ടൽ S$500 (ഏകദേശം 42,000 ഇന്ത്യൻ രൂപ) ക്ലീനിംഗ് ഫീസ് ഈടാക്കും. അതേസമയം, പ്രിൻസ് സിംഗപ്പൂരിന്റെ പാർക്ക് റെജിസിൽ S$300 (ഏകദേശം 25,000 ഇന്ത്യൻ രൂപ) നൽകേണ്ടി വരും. ദുരിയാന്റെ ഗന്ധം ചിലർക്ക് അരോചകമായേക്കാമെന്നതിനാൽ എല്ലാ സന്ദർശകരുടെയും സൗകര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാൽ, സിംഗപ്പൂരിൽ പിഴയടക്കാത്ത, സുഖകരമായ താമസം ഉറപ്പാക്കാൻ വിനോദസഞ്ചാരികൾ അവിടെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ