
ദീർഘദൂര ട്രെയിൻ യാത്രകൾക്കിടയിൽ യാത്രക്കാർക്ക് സാധനങ്ങൾ നഷ്ടപ്പെടുന്നത് ഒരു പുതിയ കാര്യമല്ല. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കുന്നതിനായി ചിലർ സോഷ്യൽ മീഡിയയെ ആശ്രയിക്കാറുണ്ട്. ചിലർ ബന്ധപ്പെട്ട അധികാരികളെ വിളിച്ച് പരാതി നൽകാറുണ്ട്. എന്നാൽ, മറ്റ് ചിലരാകട്ടെ ഇത് രണ്ടും ചെയ്യും. അത്തരത്തിൽ അടുത്തിടെയുണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനിൽ വെച്ച് തന്റെ വാച്ച് നഷ്ടമായതും തുടർന്നുണ്ടായ സംഭവങ്ങളും വിവരിക്കുന്ന യാത്രക്കാരന്റെ കുറിപ്പാണ് വൈറലായത്.
ചെന്നൈയിൽ നിന്നുള്ള ഒരു ന്യൂറോസർജനാണ് വന്ദേ ഭാരത് എക്സ്പ്രസ്സിലെ ശുചിമുറിയിൽ തന്റെ വാച്ച് മറന്നുവെച്ചത്. ഒക്ടോബർ 17-നാണ് സംഭവം. എഗ്മോർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് വാച്ച് ട്രെയിനിലെ ശുചിമുറിയിൽ വെച്ചുപോയ കാര്യം യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ 12:28-ന് തന്റെ പിഎൻആർ നമ്പറും കോച്ച്, സീറ്റ് വിവരങ്ങളും നൽകി റെയിൽമദദ് വെബ്സൈറ്റ് വഴി അദ്ദേഹം പരാതി നൽകി. തുടർന്ന് വെറും 40 മിനിറ്റിനുള്ളിൽ തന്റെ വാച്ച് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. അധികൃതരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ സമയക്രമം അദ്ദേഹം പങ്കുവെച്ചു:
12:31 AM - റെയിൽവേ ഹെൽപ്പ് ലൈനിൽ നിന്ന് വിളിച്ച് പരാതി സ്ഥിരീകരിച്ചു.
12:34 AM - റെയിൽവേ ഹെൽപ്പ് ലൈനിൽ നിന്ന് ഒരു എസ്എംഎസ് ലഭിച്ചു.
12:49 AM - ആർപിഎഫിൽ നിന്ന് കോൾ വന്നു. ട്രെയിൻ യാർഡിലേക്ക് പോയെന്നും പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിപ്പ് ലഭിച്ചു.
01:12 AM - വാച്ചിന്റെ രണ്ട് ഫോട്ടോകൾ സഹിതം ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു.
01:13 AM - ആർപിഎഫിൽ നിന്ന് രണ്ടാമത്തെ കോൾ വന്നു. വാച്ച് കണ്ടെത്തിയെന്നും അത് തന്റേതാണോ എന്ന് സ്ഥിരീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അർദ്ധരാത്രിയിൽ നൽകിയ പരാതിയിൽ ഉടനടി പ്രതികരിച്ച സതേൺ റെയിൽവേയെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും (ആർപിഎഫ്) യാത്രക്കാരൻ പ്രശംസിച്ചു. 'ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും പ്രവർത്തനം അത്ഭുതപ്പെടുത്തുന്നതാണ്. സത്യം പറഞ്ഞാൽ, ഇതൊരു 'പരാതി' പോലും അല്ല. റെയിൽവേയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. വാച്ച് ട്രെയിനിൽ വെച്ചത് എൻ്റെ തെറ്റാണ്. എന്നിട്ടും, എൻ്റെ പരാതി ലഭിച്ച് 40 മിനിറ്റിനുള്ളിൽ, അർദ്ധരാത്രിയിൽ, ഒരു ഡസനോളം ജീവനക്കാർ അവരുടെ ഭാഗത്ത് ഒരു തെറ്റുമില്ലാതിരുന്നിട്ടും എനിക്ക് വേണ്ടി പ്രവർത്തിച്ചു. ഇന്ന് രാവിലെ ഞാൻ സ്റ്റേഷനിൽ പോയി. വാച്ച് തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത്, ടിക്കറ്റിന്റെയും ആധാറിന്റെയും പകർപ്പുകൾ എന്നിവ നൽകി. രജിസ്റ്ററിൽ ഒപ്പിട്ട ശേഷം എൻ്റെ വാച്ച് തിരികെ വാങ്ങി." യാത്രക്കാരൻ കുറിച്ചു.
‘നിങ്ങളുടെ അനുഭവം പങ്കുവെച്ചതിന് ഡോ. @spinesurgeon-നോട് ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു! ഞങ്ങളുടെ ആർപിഎഫ് & റെയിൽമദദ് ടീമുകൾക്ക് നിങ്ങളുടെ വാച്ച് ഇത്രയും വേഗത്തിൽ തിരികെ നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നിങ്ങളുടെ വിശ്വാസവും അഭിനന്ദനവും യാത്രക്കാർക്ക് ഇതിലും മികച്ച സേവനം നൽകാൻ ഞങ്ങളുടെ ജീവനക്കാർക്ക് പ്രചോദനമാകും.’ യാത്രക്കാരന്റെ അഭിനന്ദന പോസ്റ്റിന് ചെന്നൈ ഡിവിഷൻ, സതേൺ റെയിൽവേയുടെ ഔദ്യോഗിക ഹാൻഡിൽ മറുപടി നൽകി.