സുഹൃത്തുക്കൾ പറഞ്ഞത് കേട്ടില്ല; വെള്ളച്ചാട്ടത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം, യൂട്യൂബര്‍ ഒഴുക്കിൽപ്പെട്ടു

Published : Aug 25, 2025, 03:18 PM IST
Youtuber

Synopsis

അപ്രതീക്ഷിതമായി നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ അപകടം. ബെർഹാംപൂരിൽ നിന്നുള്ള യൂട്യൂബർ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടു. 22കാരനായ സാഗർ കുണ്ടു എന്നയാളാണ് ഒഴുക്കിൽപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന് നടുവിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പെട്ടെന്ന് ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയെങ്കിലും അതെല്ലാം അവഗണിച്ച് വീഡിയോ പകര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും ഒഡിആർഎഫ് ടീമുകളും സാഗറിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

 

സംഭവം നടക്കുമ്പോൾ സാഗർ ഒരു ലൈവ് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ച് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിട്ടും പാറകൾ മറികടന്ന് സാ​ഗർ അരുവിയുടെ നടുവിലേക്ക് പോകുകയായിരുന്നു. തിരച്ചിലിൽ ബാറ്ററികളും മറ്റ് ഉപകരണങ്ങളും അടങ്ങിയ ഒരു ബാഗ് മാത്രമാണ് ലഭിച്ചതെന്ന് മച്ച്കുണ്ഡ് പൊലീസ് സ്റ്റേഷനിലെ ഐഐസി മധുസൂദൻ ഭോയ് പറഞ്ഞു. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളും കുന്നുകളും ഏറ്റവും ആകർഷകമായി കാണപ്പെടുമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അവയുടെ രൂപവും ഭാവവും മാറുമെന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. മൺസൂൺ കാലത്ത് യാത്ര ചെയ്യുമ്പോൾ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയേ തീരൂ. ഇതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് ഇനി പറയാൻ പോകുന്നത്.

  • മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക
  • നീന്തൽ ഒഴിവാക്കുക
  • വെള്ളച്ചാട്ടങ്ങൾക്ക് സമീപമുള്ള പാറകളിൽ കയറാനോ അപകടകരമായ രീതിയിൽ ഡൈവ് ചെയ്യാനോ പാടില്ല
  • കാലാവസ്ഥ പരിശോധിക്കുക
  • മഴയോ ഇടിമിന്നലോ ഉള്ളപ്പോൾ വെള്ളച്ചാട്ടങ്ങൾക്ക് സമീപം പോകുന്നത് ഒഴിവാക്കുക
  • മഴയോ ഇടിമിന്നലോ ഉള്ളപ്പോൾ കുന്നിൻ പ്രദേശങ്ങളിലെ ട്രെക്കിംഗ് ഒഴിവാക്കുക
  • ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള പ്രാദേശിക വിവരങ്ങൾ ശേഖരിക്കുക
  • ഗ്രിപ്പുള്ള ഷൂസ് ധരിക്കുക
  • ജലാശയങ്ങൾക്ക് സമീപം വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകാതിരിക്കുക
  • വീഡിയോ പകര്‍ത്താൻ സുരക്ഷിതമായ സ്ഥലം തിരഞ്ഞെടുക്കുക
  • ശക്തമായ മഴയാണെങ്കിൽ ജലാശയങ്ങൾക്ക് സമീപത്ത് നിന്ന് ഉടൻ മാറുക
  • മഴക്കാലത്ത് അജ്ഞാതമായ സ്ഥലങ്ങളിലേയ്ക്ക് പോകരുത്

PREV
Read more Articles on
click me!

Recommended Stories

മലമുകളിലെ 'ഡോൾഫിൻ ഷോ'
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'