About the Awards

ഏഷ്യാനെറ്റ് ന്യൂസ് 'ചെറുകിട- ഇടത്തരം വ്യവസായ സംരംഭക' പുരസ്‌കാരങ്ങൾ

കേരളത്തിലെ ചെറുകിട- ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുകയാണ് - ഏഷ്യാനെറ്റ് ന്യൂസ് SME പുരസ്കാരങ്ങൾ. ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരുടെ ശബ്ദങ്ങൾക്ക് കരുത്തേകാനും, ആഗോളതലത്തിൽത്തന്നെ കിടപിടിക്കുന്ന രീതിയിലുള്ള കേരളത്തിലെ SME സംരംഭങ്ങളെ തിരിച്ചറിഞ്ഞ് അംഗീകരിക്കുവാനുമുള്ള ഞങ്ങളുടെ ഒരു എളിയ പരിശ്രമമാണ് ഈ പുരസ്കാരങ്ങൾ.

 

 

Why SME Awards ?

ചെറുകിട ശരാശരി വ്യവസായ സംരംഭങ്ങൾ (SME)

സ്വന്തമായൊരു ബിസിനസ്സ് തുടങ്ങുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. സ്വന്തം കരിയറിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സ്വന്തം നിലയ്ക്ക് ഒരു വ്യവസായസംരംഭം തുടങ്ങുന്നതിനെപ്പറ്റി ചിന്തിക്കാത്തവർ ആരുമുണ്ടാവില്ല. എന്നാൽ പലരും, കേരളത്തിൽ ഒരു വ്യാവസായിക സംരംഭം തുടങ്ങാൻ അനുകൂലമായ സാഹചര്യമല്ല ഉള്ളത് എന്ന ചിന്തയിൽ പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇതിനിടയിലും തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടർന്ന്, കഠിനമായ അദ്ധ്വാനത്തിലൂടെ സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റി, സംസ്ഥാനസർക്കാരും വ്യവസായ വകുപ്പും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, നമ്മുടെ നാട്ടിൽ തന്നെ തങ്ങളുടേതായ ചെറുകിട ശരാശരി വ്യവസായ സംരംഭങ്ങൾക്ക് ജന്മം നൽകി, ദീർഘവീക്ഷണത്തോടെയും കൃത്യമായ ഉല്പാദന, വിപണന തന്ത്രങ്ങളിലൂടെ മികച്ച വിജയം കൈവരിച്ച ഒരുപാടുപേർ നമുക്കിടയിൽത്തന്നെയുണ്ട്. ആ വിജയഗാഥകൾ നമ്മോടു ചോദിക്കുന്ന ചോദ്യമിതാണ്. എന്തുകൊണ്ട് നിങ്ങൾക്കും ഒരു SME സംരംഭകനായിക്കൂടാ.. ?

എന്താണ് ചെറുകിട ശരാശരി വ്യവസായ സംരംഭങ്ങൾ (SME) ?

ഇരുപത്തഞ്ചുലക്ഷത്തിനും അഞ്ചുകോടിക്കും ഇടയിൽ നിക്ഷേപമുള്ള വ്യവസായങ്ങളെ ചെറുകിട വ്യവസായങ്ങളെന്നും, അഞ്ചുകോടിക്കും പത്തുകോടിക്കും ഇടയിൽ നിക്ഷേപമുള്ള വ്യവസായങ്ങളെ ശരാശരി വ്യവസായങ്ങളെന്നും വേർതിരിക്കാം.

ഒരു വ്യവസായം തുടങ്ങുന്നതിന് അത്യാവശ്യമായി വേണ്ടുന്നത് താഴെ പറയുന്നവയാണ്

  1. സ്ഥലം, കെട്ടിടം/ഷെഡ്ഡ്
  2. ന്ത്രങ്ങൾ, ഉപകരണങ്ങൾ
  3. വിദ്യുച്ഛക്തി, ജലം
  4. വിദഗ്ധരായ തൊഴിലാളികൾ
  5. മൂലധന നിക്ഷേപം

വിപണിയിലെ മത്സരം

ഇവിടെ ഇതേ വ്യവസായം വിജയകരമായി നടത്തുന്ന ഇത്രയും കമ്പനികൾ ഉള്ളപ്പോൾ നമ്മൾ പുതിയൊരെണ്ണം തുടങ്ങി എങ്ങനെ അവരോട് മത്സരിച്ച് പിടിച്ചു നിൽക്കും എന്ന സംശയം ഏതൊരു വ്യവസായം തുടങ്ങുന്നയാൾക്കും സ്വാഭാവികമായി തോന്നുന്ന ഒന്നാണ്. ഏതൊരു വ്യവസായം തുടങ്ങാൻ ആഗ്രഹിച്ചാലും അതിൽ കൊടികുത്തിവാഴുന്ന ഒന്നിലധികം സംരംഭങ്ങൾ പണ്ടുമുതലേ ഉണ്ടായിരിക്കും. അത് ഒരിക്കലും നമ്മളെപുതിയൊരു സംരംഭം തുടങ്ങുന്നതിൽ നിന്നും തടയുന്ന ഒന്നല്ല. കൃത്യമായ മാർക്കറ്റ് സ്റ്റഡി നടത്തിയാൽ ഏതൊരു വിപണിയിലും പുതിയ സാദ്ധ്യതകൾ തുറന്നു കിട്ടും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെയും, കൃത്യമായ തൊഴിലാളി വിനിയോഗത്തിന്റെയും, വിപണനത്തിൽ വിപ്ലവകരമായ പരീക്ഷണങ്ങളിലൂടെയും നമ്മുടേതായ ഒരു USP നമുക്ക് നിർമ്മിച്ചെടുക്കാനാവും. ദിനം പ്രതി വളർന്നുകൊണ്ടിരിക്കുന്ന വ്യവസായ രംഗത്ത് നമ്മുടെ സംരംഭത്തിനും ഇടം കിട്ടും. വിജയിക്കാനാവും നമുക്കും.

സാമ്പത്തിക സഹായം

പുതിയൊരു വ്യവസായ സംരംഭം തുടങ്ങുന്നതിലേക്കുള്ള സാമ്പത്തിക സഹായം നമുക്ക് ദേശസാൽകൃത ബാങ്കുകൾ, ചെറുകിടവ്യവസായ വികസനബാങ്ക്, പ്രാദേശിക റൂറൽ ബാങ്കുകൾ, ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, തുടങ്ങി പലയിടത്തു നിന്നും ലഭ്യമാണ്. രണ്ടുതരത്തിലുള്ള ലോണുകൾ ലഭ്യമാണ്. ഫിക്സഡ് കാപ്പിറ്റൽ ലോൺ ഉപയോഗിച്ച് പ്ലാന്റും മെഷീനറിയും മറ്റും വാങ്ങാവുന്നതാണ്. വർക്കിങ്ങ് കാപ്പിറ്റൽ ലോൺ സ്ഥാപനത്തിന്റെ തുടർന്നുള്ള പ്രവർത്തനച്ചെലവുകൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. രണ്ടിനും ഉതകുന്ന രീതിയിൽ കോമ്പസിറ്റ് ലോണുകളും ഫിനാൻഷ്യൽ കോർപ്പറേഷനുകൾ അനുവദിക്കാറുണ്ട്. നിങ്ങളുടെ വ്യവസായ സംരംഭത്തിന്റെ പ്ലാനുകൾ വിശദീകരിച്ചുകൊണ്ടുള്ള കൃത്യമായ ഒരു പ്രോജക്റ്റ് റിപ്പോർട്ട് ബാങ്കിന് സമർപ്പിക്കേണ്ടതായിട്ടുണ്ട്. അതിനെ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലാകും നിങ്ങൾക്ക് ലോൺ അനുവദിച്ചുകിട്ടുന്നത്. മൊത്തം നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം സംരംഭകർ സ്വന്തം നിലക്കു തന്നെ കണ്ടെത്തേണ്ടതുണ്ട്. എ അതുകഴിഞ്ഞുള്ള തുക മാത്രമേ കോർപ്പറേഷനുകളിൽ നിന്നും ലോണായി ലഭിക്കുകയുള്ളൂ..

സാമ്പത്തിക സഹായം അനുവദിക്കുന്നതിന് പരിഗണിക്കുന്ന കാര്യങ്ങൾ

  1. സംരംഭം തുടങ്ങാനുള്ള യോഗ്യത
  2. സാങ്കേതിക സാമ്പത്തിക സാദ്ധ്യതകൾ
  3. പ്രൊമോട്ടർമാരുടെ സംഭാവനകൾ
  4. ലോൺ തിരിച്ചടക്കാനുള്ള കഴിവ്
  5. കൊളാറ്ററൽ /ഗ്യാരന്റി

സർക്കാരിൽ നിന്നും ലഭ്യമായേക്കാവുന്ന കിഴിവുകൾ/ സഹായങ്ങൾ/ സഹകരണങ്ങൾ

  1. വ്യവസായം തുടങ്ങുന്നതിനുവേണ്ടി സർക്കാർ തുടങ്ങുന്ന വ്യവസായ പാർക്കുകൾ, ഏരിയകൾ
  2. വില്പന നികുതിയിൽ നൽകുന്ന ഇളവുകൾ
  3. വിദ്യുച്ഛക്തി നിരക്കുകളിൽ നൽകുന്ന ഇളവുകൾ
  4. ചില ജില്ലകളിൽ സംരംഭം തുടങ്ങുമ്പോൾ ലഭിക്കുന്ന നിക്ഷേപ ഇളവുകൾ.
  5. സീഡ് കാപ്പിറ്റൽ മാർജിൻ മണി സഹായങ്ങൾ
  6. മുൻഗണനാ ക്രമത്തിലുള്ള വെള്ളം, വൈദ്യതി കണക്ഷനുകൾ
  7. കൺസൾട്ടൻസി, സാങ്കേതിക സഹായങ്ങൾ

ഒരു ചെറുകിട ശരാശരി വ്യവസായ സംരംഭം തുടങ്ങി വിജയിച്ചവർക്ക് കിട്ടുന്ന അംഗീകാരങ്ങൾ

സർക്കാർ ജില്ലാതലത്തിൽ ചെറുകിട ശരാശരി വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അംഗീകാരങ്ങൾ നൽകുന്നുണ്ട്. ആ ശ്രേണിയിലേക്ക് കടന്നുവരുന്ന ഏറ്റവും പുതിയ അംഗീകാരമാണ് ഏഷ്യാനെറ്റ് ന്യൂസ് SME പുരസ്കാരങ്ങൾ. ഈ പുരസ്‌കാരങ്ങൾ ചെറുകിട ശരാശരി വ്യവസായികൾക്ക് കിട്ടുന്ന ഒരു തന്നെയാവും. വ്യവസായത്തിന്റെ ലോകത്ത് അവർക്ക് തങ്ങളുടെ സാന്നിധ്യമറിയിക്കാനും അവരുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രചാരമേകാനും ഈ വേദി ഗുണം ചെയ്യും. ഈ വേദിയിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങളിലേക്ക് തുടർന്നും നിക്ഷേപങ്ങൾ വരാനും, വളർച്ചയ്ക്കായുള്ള അനേകം അവസരങ്ങൾ തുറന്നുകിട്ടാനും സാധ്യതയുണ്ട്. ഈ അവാർഡ് വിതരണ വേളയിൽ സംബന്ധിക്കുന്ന വിവിധ സംരംഭകരുമായുള്ള സമ്പർക്കം അവർക്ക് വ്യവസായ വിപണിയിലെ ഏറ്റവും പുതിയ ട്രെൻഡുകളുമായും ഉത്പാദന, വിതരണ, വിപണന രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായും വിപ്ലവകരമായ ആശയങ്ങളുമായും പരിചയപ്പെടാനുള്ള അപൂർവാവസരമാവും ഇത്. പുതുമയുള്ള ഉൽപ്പന്നം, ഏറ്റവും നല്ല വിപണന രീതികൾ, മുടക്കുമുതലിൽ നിന്നും ലാഭമുണ്ടാക്കുന്നതിലെ നൈപുണ്യം, നിർമ്മാണ പ്രക്രിയയിൽ തുടക്കം മുതൽ ഒടുക്കം വരെ പിന്തുടരുന്ന പ്രൊഫഷണലിസം തുടങ്ങി പല ഘടകങ്ങളും കണക്കിലെടുത്താണ് അവാർഡ് സമിതി പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നത്. കേരളത്തിലെ ചെറുകിട ശരാശരി സംരംഭകർക്ക് ഓരോ വർഷവും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഉൾപ്രേരകമാവും ഈ പുരസ്കാരങ്ങൾ എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

 

നമ്മുടെ സംസ്ഥാനത്തിന്റെ കയറ്റുമതിയുടെ വലിയൊരംശം ചെറുകിട,ശരാശരി വ്യവസായ സംരംഭങ്ങളിൽ നിന്നുമാണ്. ആയിരക്കണക്കിനാളുകൾക്ക് വർഷാവർഷം തൊഴിലവസരങ്ങളും ഈ മേഖല പ്രദാനം ചെയ്യുന്നുണ്ട്. വൻ തോതിലുള്ള മൂലധന നിക്ഷേപവും ഇതുവഴി സംസ്ഥാനത്തേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിൽ കാര്യമായ പങ്കുവഹിക്കുന്ന നമ്മുടെ ചെറുകിട ശരാശരി വ്യവസായ സംരംഭകരെ ആദരിക്കാനുള്ള ഒരു അവസരം ലഭിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസിന് അതിയായ അഭിമാനമുണ്ട്. ഈ രംഗത്ത് വിജയിച്ചവരെ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുമ്പോൾ അത് മറ്റുള്ളവർക്കും കൂടുതൽ ഊർജ്ജത്തോടെ പോരാടാനുള്ള പ്രചോദനം നൽകുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഈ സംരംഭത്തിൽ ഞങ്ങളോടൊപ്പം പങ്കാളികളാവാൻ കേരളത്തിലെ ഓരോ ചെറുകിട ശരാശരി വ്യവസായ സംരംഭകരേയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.

OUR PARTNERS