Asianet News MalayalamAsianet News Malayalam

ജംഷെഡ്‌പൂര്‍ എഫ് സിയുടെ ആന മണ്ടത്തരം; സമനിലയായ മത്സരത്തില്‍ മുംബൈയെ വിജയികളായി പ്രഖ്യാപിച്ച് ഐഎസ്എല്‍

മാര്‍ച്ച് എട്ടിന് നടന്ന മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ് സി വിദേശ താരങ്ങളുടെ എണ്ണം സംബന്ധിച്ച ചട്ടം ലംഘിച്ചുവെന്നായിരുന്നു പരാതി

Mumbai City FC awarded 3-0 win, as Jamshedpur FC violates overseas player rule in ISL
Author
First Published Mar 20, 2024, 1:19 PM IST

മുംബൈ: ഐഎസ്എല്ലില്‍ ജംഷെഡ്പൂര്‍- മുംബൈ സിറ്റി എഫ് സി മത്സരത്തില്‍ വിദേശ താരങ്ങളുടെ എണ്ണം സംബന്ധിച്ച നിയമം ലംഘിച്ചതിന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ അസാധരണ അച്ചടക്ക നടപടിയുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടകസമിതി. മത്സരത്തില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടാകണമെന്ന ചട്ടം ലംഘിച്ചതിനെത്തുടര്‍ന്ന് 1-1 സമനിലയായ മുംബൈ സിറ്റി-ജംഷെഡ്പൂര്‍ എഫ് സി മത്സരത്തില്‍ മുംബൈ സിറ്റി 3-0ന് ജയിച്ചതായി ഐഎസ്എല്‍ അധികൃതര്‍ പ്രഖ്യാപിച്ചു.

മാർച്ച്‌ എട്ടിനു നടന്ന മത്സരത്തില്‍ ഗ്രൗണ്ടില്‍ നാലില്‍ കൂടുതല്‍ വിദേശ താരങ്ങളുണ്ടായിരുന്നുവെന്ന മുംബൈ സിറ്റി എഫ് സിയുടെ പരാതി പരിശോധിച്ചശേഷമാണ് ഐഎസ്എല്‍ അധികൃതര്‍ നടപടിയെടുത്തത്. ജംഷെഡ്പൂരിനെതിരായ മത്സരത്തില്‍ മുംബൈ സിറ്റി വിജയികളായി പ്രഖ്യാപിച്ചതോടെ മുംബൈ പോയന്‍റ് പട്ടികയിലും ഒന്നാമതെത്തി.

ഫിഫ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കൊരുങ്ങി ഇന്ത്യ; അഫ്ഗാനെതിരായ പോരാട്ടം 21ന്​

സമനിലയായ മത്സരത്തിലെ അപ്രതീക്ഷിത ജയം ഒന്നാം സ്ഥാനത്ത് മുംബൈ സിറ്റിക്ക് രണ്ട് പോയന്‍റ് ലീഡ് സമ്മാനിച്ചു. 19 മത്സരങ്ങളില്‍ 41 പോയന്‍റുമായാണ് മുംബൈ ഇപ്പോള്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു മത്സരം കുറച്ചു കളിച്ച മോഹന്‍ ബഗാന്‍ ആണ് രണ്ട് പോയന്‍റ് പിന്നിലായി രണ്ടാം സ്ഥാനത്ത്. രണ്ട് പോയന്‍റ് നഷ്ടമായതോടെ ജംഷെഡ്പൂര്‍ എഫ്സി 19 മത്സരങ്ങളില്‍ 20 പോയന്‍റുമായി എട്ടാം സ്ഥാനത്തേക്ക് വീണു.

19 കളികളില്‍ 36 പോയന്‍റുള്ള ഗോവ മൂന്നാമതും 19 കളികളില്‍ 35 പോയന്‍റുള്ള ഒഡിഷ എഫ് സി നാലാമതുമുള്ള പോയന്‍റ് പട്ടികയില്‍ 18 കളികളില്‍ 29 പോയന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. പോയന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിന് യോഗ്യത നേടുക എന്നതിനാല്‍ ഇനിയുള്ള ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകമാണ്. രാജ്യാന്തര സൗഹൃദ മത്സരങ്ങളും ലോകകപ്പ് യോഗ്യതാ മത്സരങ്ങളും നടക്കുന്നതിനാല്‍ ഐഎസ്എല്ലില്‍ ഇപ്പോള്‍ ഇടവേളയാണ്. 30ന് ആണ് ഇനി മത്സരങ്ങള്‍ പുനരാരംഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios