പച്ചക്കറികള്‍ ഇവിടെ നിമിഷം കൊണ്ട് വിറ്റഴിയും; ഇത് ആറുപേര്‍ നടത്തിയ കൃഷിയുടെ വിജയം

By Nitha S VFirst Published Apr 25, 2020, 3:05 PM IST
Highlights

പാലങ്ങാട് ഗ്രാമത്തിലെ കര്‍ഷകരായ ഇവര്‍ നല്ലൊരു മാതൃകയാണ് ലോക്ക്ഡൗണ്‍ കാലത്ത് കാണിച്ചുതരുന്നത്. പ്രേമന്‍, മുഹമ്മദ്, അബ്ദുള്‍ സലാം, ഷിജിലേഷ്, സാഗര്‍ എന്നിവരാണ് പാടത്ത് പച്ചപ്പ് വിരിയിച്ചത്. 

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ടി.വി.യും കണ്ട് സമയം കളയുന്നവരില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്ന പലരുമുണ്ട്. കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ ആറുപേര്‍ ചേര്‍ന്ന് മണ്ണില്‍ പണിയെടുത്ത് വിളയിച്ച പച്ചക്കറികള്‍ ഇപ്പോഴും ചൂടപ്പം പോലെ വിറ്റഴിക്കുകയാണ്. വിഷരഹിത പച്ചക്കറികള്‍ക്കായി കിലോമീറ്ററുകള്‍ താണ്ടി ചന്തയില്‍ പോകാതെ ചുറ്റുവട്ടത്തു നിന്ന് തന്നെ മിതമായ വിലയ്ക്ക് വാങ്ങാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയുന്നു.

 

'പാലങ്ങാട് ഗ്രാമത്തിലെ രണ്ടര ഏക്കര്‍ സ്ഥലത്താണ് ആറു പേര്‍ കൃഷിയിറക്കിയത്. കൊയ്ത്ത് കഴിഞ്ഞ പാടത്തായിരുന്നു പച്ചക്കറി നട്ടുവളര്‍ത്തിയത്. ഒന്നരമാസം മുമ്പ് ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് രണ്ടുദിവസം മുമ്പാണ് നടന്നത്. വലിയ വിജയമായിരുന്നു ഈ വിളവെടുപ്പും വില്‍പ്പനയും. ലോക്ക്ഡൗണ്‍കാലത്ത് ജനങ്ങള്‍ക്ക് ആവശ്യമുള്ള പച്ചക്കറികള്‍ നല്‍കാന്‍ കഴിയുന്ന സന്തോഷം ഇവര്‍ക്കുണ്ട്. കൃഷി തുടങ്ങിയപ്പോള്‍ എങ്ങനെ വിറ്റഴിക്കുമെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍, ആവശ്യക്കാര്‍ തേടിവരികയാണ്. ഫാം ഫ്രഷ് പച്ചക്കറികള്‍ ആയതുകൊണ്ട് പറിച്ചുവെച്ച് രണ്ടുമൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റുതീര്‍ന്നു' നരിക്കുനി കൃഷിഭവനിലെ കൃഷി ഓഫീസറായ ഡാന മുനീര്‍ കൃഷിയെക്കുറിച്ച് വ്യക്തമാക്കുന്നു.

പാലങ്ങാട് ഗ്രാമത്തിലെ കര്‍ഷകരായ ഇവര്‍ നല്ലൊരു മാതൃകയാണ് ലോക്ക്ഡൗണ്‍ കാലത്ത് കാണിച്ചുതരുന്നത്. പ്രേമന്‍, മുഹമ്മദ്, അബ്ദുള്‍ സലാം, ഷിജിലേഷ്, സാഗര്‍, അബ്ദുൾ ബഷീർ എന്നിവരാണ് പാടത്ത് പച്ചപ്പ് വിരിയിച്ചത്. ജൂണ്‍ മാസം വരെ ഇവര്‍ക്ക് ഈ കൃഷിയില്‍ നിന്ന് വിളവെടുപ്പ് നടത്തി ജനങ്ങളിലെത്തിക്കാന്‍ കഴിയും.

'ഫെബ്രുവരി ആറിനാണ് ഞങ്ങള്‍ കൃഷി തുടങ്ങിയത്. പാവയ്ക്ക  വെണ്ട, പയര്‍, ചീര, മത്തന്‍, വെള്ളരി, കക്കിരി, ഇളവന്‍, പടവലം, വത്തക്ക എന്നിവയാണ് ഞങ്ങള്‍ കൃഷി ചെയ്തത്. കൊയ്ത്തു കഴിഞ്ഞ പാടത്ത് അടിവളമായി കോഴിവളം ചേര്‍ത്താണ് നിലം പാകപ്പെടുത്തിയത്.' കൃഷിക്ക് ചുക്കാന്‍ പിടിച്ച കര്‍ഷകനായ പ്രേമന്‍ പറയുന്നു.

വിത്ത് എളുപ്പത്തില്‍ മുളപ്പിക്കാനായി ഒരു ദിവസം നനച്ചുവെക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ചീരയുടെ വിത്ത് മാത്രം നനച്ച് വെക്കാറില്ലെന്ന് പ്രേമന്‍ ഓര്‍മിപ്പിക്കുന്നു. അടിവളം നല്‍കി വിത്ത് പാകി മുളപ്പിച്ച ശേഷം  നാലോ അഞ്ചോ ഇലകള്‍ വന്നശേഷമാണ് രണ്ടാമത് വളം നല്‍കുന്നത്.

'മാര്‍ക്കറ്റില്‍ കിട്ടുന്ന ഏറ്റവും വില കൂടിയ പിണ്ണാക്ക് തന്നെയാണ് ഞങ്ങള്‍ വളമായി ഉപയോഗിക്കുന്നത്. സാധാരണ ഗുണനിലവാരമില്ലാത്ത പിണ്ണാക്ക് ഉപയോഗിക്കാറില്ല. സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യം നൈട്രജന്‍ അടങ്ങിയ വളങ്ങളാണല്ലോ. വലിയ അളവില്‍ കീടങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ല. ജൈവകീടനാശിനികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇവയില്‍ ഏറ്റവും ആദ്യം വിളവെടുത്തത് ചീരയാണ്' പ്രേമന്‍ പറയുന്നു.

പ്രേമന്‍ വിളവെടുത്ത പച്ചക്കറികളുമായി

കൃഷി തുടങ്ങി ഏകദേശം 45 ദിവസം കൊണ്ട് ഇവര്‍ വിളവെടുപ്പ് നടത്തി. 50 സെന്റ് സ്ഥലത്ത് നിന്ന് ഏകദേശം ഒരു ക്വിന്റലില്‍ കൂടുതല്‍ പാവയ്ക്ക ലഭിച്ചു. വെണ്ടയാണെങ്കില്‍ 135 കിലോ വരെ കിട്ടിയെന്ന് ഇവര്‍ പറയുന്നു.

'മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ വില കുറച്ചാണ് ഞങ്ങള്‍ പച്ചക്കറികള്‍ വിറ്റത്. എല്ലാ പച്ചക്കറികളും കിലോയ്ക്ക് 60 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. ഞങ്ങള്‍ പാരമ്പരാഗത കര്‍ഷകകുടുംബം തന്നെയാണ്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ വിഷരഹിതമായി നല്‍കാന്‍ കഴിയുകയെന്നതാണ് ഏറ്റവും വലിയ സംതൃപ്തി.' പ്രേമന്‍ തങ്ങളുടെ ശ്രമം വിജയിച്ചതില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു.

ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥിയും കൂട്ടത്തിലെ കര്‍ഷകന്‍ പ്രേമന്‍റെ മകനുമായ സാഗര്‍ ആണ് ഈ കൃഷി ഇത്രയും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയത്‌നിച്ചതെന്ന് നരിക്കുനി കൃഷിഭവനിലെ കൃഷി ഓഫീസര്‍ ഡാന മുനീര്‍ പറയുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു മടിയുമില്ലാതെ വെയിലത്ത് പണിയെടുക്കാന്‍ സാഗര്‍ കാണിക്കുന്ന ഉത്സാഹം മറ്റുള്ളവര്‍ക്കും പ്രചോദനമാണ്.

സാഗര്‍ കൃഷിപ്പണിയില്‍

ഇവരുടെ ഗ്രൂപ്പിലെ അംഗമായ മുഹമ്മദിന് പറയാനുള്ളതും കൂട്ടായ്മയുടെ വിജയത്തെക്കുറിച്ചാണ്. 'ഒരു തരത്തിലുള്ള ജൈവകീടനാശിനികളും ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. രണ്ടര ഏക്കറിലെ കൃഷിക്കുള്ള വെള്ളം മുഴുവനും എന്റെ വീട്ടിലെ കിണറില്‍ നിന്ന് തന്നെയാണ് എടുക്കുന്നത്. വെള്ളത്തിന് ഒരു പ്രയാസവും ഉണ്ടായിട്ടില്ല. വളരെ പെട്ടെന്ന് തന്നെ പച്ചക്കറികള്‍ വിറ്റഴിയുന്നുണ്ട്. കൊണ്ടാട്ടമുണ്ടാക്കാനായി പാവയ്ക്ക ധാരാളമായി വിറ്റുപോയിട്ടുണ്ട്.'

ജലസേചനവും സൂര്യപ്രകാശവുമാണ് പച്ചക്കറി കൃഷിക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതെന്ന് പറയുന്ന മുഹമ്മദും കൃഷി ഉപജീവന മാര്‍ഗമായി കാണുന്നു. നരിക്കുനി പാടശേഖര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ഇദ്ദേഹം ശ്രമിക്കുന്നു. 

പച്ചക്കറികള്‍ ഇങ്ങനെ വിറ്റുപോകുന്നതില്‍ പ്രത്യേകിച്ച് തന്ത്രങ്ങളൊന്നും ഇവര്‍ക്കില്ല. ഒരുവിധത്തിലുള്ള പബ്ലിസിറ്റിയും ഇവര്‍ കൊടുത്തിട്ടില്ല. ഈ കൃഷി കണ്ടവരും പരിചയമുള്ളവരും സോഷ്യല്‍ മീഡിയയും കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും ഇവരെ തേടിവരുന്നത്. രാവിലെ ആറു മണിമുതല്‍ ഏഴു മണിവരെ പച്ചക്കറികള്‍ പറിച്ച് വില്‍പ്പനയ്ക്കായി വയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

click me!