ശതാവരി അഥവാ ശതമൂലി; ഭക്ഷണത്തിനും ഔഷധത്തിനും മികച്ചത്...

By Web TeamFirst Published Aug 23, 2020, 4:31 PM IST
Highlights

കാറ്റത്ത് ചെടി നശിച്ചുപോകാതിരിക്കാന്‍ താങ്ങ് കൊടുത്ത് വളര്‍ത്തണം. മണ്ണിന്റെ സ്വഭാവമനുസരിച്ചാണ് ജലസേചനം നടത്താറുള്ളത്. അതുപോലെ കാലാവസ്ഥയും പ്രധാനമാണ്. മണ്‍സൂണ്‍ കഴിഞ്ഞാലാണ് ജലസേചനം സാധാരണ തുടങ്ങാറുള്ളത്.
 

യഥാര്‍ഥത്തില്‍ ശതാവരി യൂറോപ്പിന്റെ പടിഞ്ഞാറന്‍തീരങ്ങളില്‍ നിന്നെത്തിയ അതിഥിയാണ്. ഇന്ത്യയിലെത്തിയപ്പോള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും വളര്‍ത്താന്‍ തുടങ്ങി. ഏകദേശം 100 സെ.മീ മുതല്‍ 150 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ശതാവരി നമ്മുടെ നാട്ടില്‍ പറമ്പുകളില്‍ കണ്ടുവരാറുണ്ട്. ആസ്‍പരാഗസ് എന്നറിയപ്പെടുന്ന ഇത് പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1300 മീറ്റര്‍ ഉയരമുള്ള സ്ഥലത്ത് വരെ സാധാരണയായി ശതാവരി നന്നായി വളരുന്നുണ്ട്. ശതമൂലി എന്നും അറിയപ്പെടുന്ന ശതാവരിയുടെ വിശേഷങ്ങള്‍ അറിയാം.

ഇളംവേരുകളാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. പര്‍പ്പിള്‍ നിറത്തിലുള്ള ശതാവരിയും ഉണ്ട്. ഇതില്‍ പച്ചയും വെള്ളയും നിറമുള്ള ശതാവരിയേക്കാള്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും നാരുകളും അടങ്ങിയതാണ്. തക്കാളിച്ചെടിക്കൊപ്പം വളര്‍ത്താന്‍ പറ്റിയതാണ് ശതാവരി. തക്കാളിച്ചെടിയുടെ വേരുകളെ അപകടത്തിലാക്കുന്ന നെമാറ്റോഡുകളെ തുരത്താന്‍ ശതാവരി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ശതാവരിയെ ആക്രമിക്കുന്ന കീടത്തെ തുരത്താന്‍ തക്കാളിച്ചെടിക്കും കഴിയും.

ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അകാല വാര്‍ധക്യത്തിനെതിരെ പ്രവര്‍ത്തിക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ശതാവരിയിലെ ഔഷധഗുണം പ്രയോജനപ്പെടുത്തുന്നുണ്ട്.

ഹൈബ്രിഡ് ഇനങ്ങളും അല്ലാത്തതും നിലവിലുണ്ട്. പ്രാദേശികമായ നഴ്‌സറിയിലും ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ശതാവരി ലഭ്യമാണ്. പലയിനം മണ്ണുകളില്‍ വേര് പിടിക്കുന്ന സ്വഭാവമുള്ള ചെടിയാണിത്. എന്നിരുന്നാലും നല്ല നീര്‍വാര്‍ച്ചയുള്ളതും 6.5 -നും 7.5 -നും ഇടയില്‍ പി.എച്ച് മൂല്യമുള്ളതുമായ മണ്ണാണ് നല്ലത്. വിത്ത് മുളപ്പിച്ച് കൃഷി ചെയ്യാന്‍ കഴിയും. അതുപോലെ ശിഖരത്തില്‍ നിന്നും മുളപ്പിച്ചെടുക്കാവുന്നതാണ്. പ്രധാനപ്പെട്ട നഴ്‌സറികളില്‍ ഇത്തരം തൈകളും ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമതയുള്ള ഇനത്തില്‍പ്പെട്ട ഹൈബ്രിഡ് വിത്തുകളും ലഭ്യമാണ്.

നിലം ഉഴുതുമറിച്ച് കളകള്‍ ഒഴിവാക്കിയാണ് വ്യാവസായികമായി കൃഷി ചെയ്യുന്നത്. ജലസേചന സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ശതാവരി ഏപ്രില്‍ മാസത്തിലാണ് നട്ടുവളര്‍ത്താറുള്ളത്. മണ്‍സൂണ്‍ കാലത്തെ ആദ്യമഴയില്‍ വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നവരുമുണ്ട്.

കാറ്റത്ത് ചെടി നശിച്ചുപോകാതിരിക്കാന്‍ താങ്ങ് കൊടുത്ത് വളര്‍ത്തണം. മണ്ണിന്റെ സ്വഭാവമനുസരിച്ചാണ് ജലസേചനം നടത്താറുള്ളത്. അതുപോലെ കാലാവസ്ഥയും പ്രധാനമാണ്. മണ്‍സൂണ്‍ കഴിഞ്ഞാലാണ് ജലസേചനം സാധാരണ തുടങ്ങാറുള്ളത്.

കളകള്‍ പറിച്ചുമാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുപോലെ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കളകളെ പ്രതിരോധിക്കാനുമായി പുതയിടലും നടത്തും. ആണ്‍ചെടികളാണ് ആരോഗ്യമുള്ള തൈകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.  പെണ്‍ചെടികളെയാണ് വ്യാവസായികമായി കൃഷി ചെയ്യുന്നവര്‍ ഒഴിവാക്കുന്നത്. ഓറഞ്ചും ചുവപ്പും നിറമുള്ള കായകള്‍ ഉത്പാദിപ്പിക്കുന്നതാണ് പെണ്‍ചെടികള്‍.

ഔഷധമായി ഉപയോഗിക്കുമ്പോള്‍ രാസവളവും രാസകീടനാശിനികളും പ്രയോഗിക്കരുത്. ജൈവവളവും മണ്ണിരക്കമ്പോസ്റ്റും ചാണകപ്പൊടിയും തന്നെയാണ് നല്ലത്. കീടാക്രമണമുണ്ടായാല്‍ ജൈവകീടനിയന്ത്രണമാര്‍ഗങ്ങളായ വേപ്പും ഗോമൂത്രവും ഉപയോഗിക്കാം.

പര്‍പ്പിള്‍ സ്‌പോട്ട്, ഫ്യൂസേറിയം ക്രൗണ്‍, റൂട്ട് ആന്റ് ലോവര്‍ സ്‌റ്റെം റോട്ട്, ഫൈറ്റോഫ്‌ത്തോറ ക്രൗണ്‍, ആര്‍മി വേം എന്നിവയാണ് ശതാവരിയില്‍ സാധാരണ കണ്ടുവരുന്ന അസുഖങ്ങള്‍.

ആദ്യത്തെ രണ്ട് വര്‍ഷങ്ങള്‍ ശതാവരിയില്‍ നിന്ന് വിളവെടുക്കാന്‍ പാടില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. മൂന്നാം വര്‍ഷം മുതല്‍ ഏപ്രില്‍ പകുതി ആകുമ്പോള്‍ വിളവെടുപ്പ് തുടങ്ങി ആറ് മാസത്തോളം തുടരാം. അടുത്ത വര്‍ഷം വിളവെടുപ്പ് എട്ട് മാസത്തോളം തുടരാം. 18 സെ.മീ കൂടുതല്‍ വലുപ്പമെത്താത്ത തണ്ടുകള്‍ പോലുള്ള ഭാഗമാണ് ആദ്യം മുറിച്ചെടുക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാല്‍ മണ്ണിനടിയില്‍ നിന്ന് വേരുകള്‍ കുഴിച്ചെടുത്ത് തൊലി നീക്കം ചെയ്യും. ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്ന് ഏകദേശം അഞ്ചോ ആറോ ടണ്‍ ഉണങ്ങിയ വേരുകള്‍ ലഭിക്കും. 

click me!