ചെങ്കുത്തായ മലകളില്‍ മഴക്കാലത്തും പച്ചക്കറി വിളയിച്ചവര്‍; ഇത് കണ്ടുപഠിക്കേണ്ട കൃഷിപാഠം

By Nitha S VFirst Published Aug 20, 2020, 12:34 PM IST
Highlights

ലോക്ക്ഡൗണും കൊറോണ ഉണ്ടാക്കിയ പ്രശ്‌നങ്ങളുമൊന്നും ഇവരെ തളര്‍ത്തിയിട്ടില്ല. കാട് മാത്രമായിക്കിടന്ന ഈ മലയോര പ്രദേശത്ത് നിന്ന് കൃഷിയുടെ നൂതന സാധ്യതകളാണ് ഇവര്‍ കണ്ടെത്തുന്നത്. 

യാത്രപോലും അസാധ്യമായ നല്ല ചെങ്കുത്തായ മലഞ്ചരിവിലെ പച്ചക്കറിക്കൃഷിയെക്കുറിച്ചാണ് ആദിവാസി കോളനിയിലെ കൃഷിസ്‌നേഹികള്‍ പറയുന്നത്. കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ വരിങ്ങിലോറ മലയില്‍ ആളുകള്‍ കടന്നുചെല്ലാന്‍ മടിക്കുന്ന കാട് പിടിച്ചു കിടന്ന പ്രദേശത്ത് കോളനിയിലെ താമസക്കാര്‍ ചേര്‍ന്ന് നിലം കിളച്ചൊരുക്കി വിത്ത് പാകി പച്ചക്കറികള്‍ വിളവെടുത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിയ്ക്കുകയാണ്. മഴക്കാലത്ത് പച്ചക്കറി കൃഷി അസാധ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ വേണമെങ്കില്‍ കുന്നിന്‍പുറത്തും നൂറുമേനി വിളവെടുക്കാമെന്ന് ഇവര്‍ കാണിച്ചുതരും.

പട്ടികവര്‍ഗക്കാരായ ഒരുപറ്റം കൃഷിസ്‌നേഹികളുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമായാണ് ആഴ്‍ചച്ചന്തയിലേക്ക് വില്‍ക്കാനായി ഇന്ന് ശുദ്ധമായ പച്ചക്കറികള്‍ എത്തിക്കുന്നത്. ഇതിനൊക്കെ ഉപരിയായി ഈ മലനിരകളിലെ പ്രകൃതിഭംഗിയും എടുത്തുപറയേണ്ടതാണ്. രണ്ട് വര്‍ഷം മുമ്പേ പൂര്‍ണമായും തരിശായിക്കിടന്ന ഹില്‍ടോപ്പ് ആണ് ഈ പ്രദേശം. വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നതും പ്രതിസന്ധിയാണ്. നമ്മളില്‍ പലരും പാടശേഖരത്തിലും വീട്ടുപറമ്പിലും സൗകര്യപ്രദമായ പ്രദേശങ്ങളില്‍ വെള്ളവും വളവും എളുപ്പത്തില്‍ എത്തിക്കാന്‍ കഴിവുള്ള സ്ഥലങ്ങള്‍ കൃഷിക്കായി തെരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ ശ്രമിച്ചത് കാട് വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റാനാണ്. ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നത് നരിക്കുനി കൃഷിഭവനിലെ ഉദ്യോഗസ്ഥരായിരുന്നു.

ലോക്ക്ഡൗണും കൊറോണ ഉണ്ടാക്കിയ പ്രശ്‌നങ്ങളുമൊന്നും ഇവരെ തളര്‍ത്തിയിട്ടില്ല. കാട് മാത്രമായിക്കിടന്ന ഈ മലയോര പ്രദേശത്ത് നിന്ന് കൃഷിയുടെ നൂതന സാധ്യതകളാണ് ഇവര്‍ കണ്ടെത്തുന്നത്. കൊറോണക്കാലത്ത് പലരും തങ്ങള്‍ പ്രതീക്ഷിച്ചതൊക്കെ മുടങ്ങിപ്പോയതിന്റെ നിരാശയില്‍ കഴിഞ്ഞപ്പോള്‍ വരിങ്ങിലോറമലയിലെ മണ്ണിന്റെ മക്കള്‍ പൂര്‍വാധികം ശക്തിയോടെ മണ്ണിനെ പച്ചപ്പണിയിക്കാനും അതുവഴി തങ്ങളുടെ സന്തോഷം കണ്ടെത്താനുമാണ് ശ്രമിച്ചത്. ഒത്തൊരുമിച്ച് അധ്വാനിച്ചപ്പോള്‍ അവരുടെ തന്നെ മനസിലുണ്ടായിരുന്ന സംശയങ്ങള്‍ക്കും അവസാനമായി. കാട് മൂടിക്കിടക്കുന്ന സ്ഥലത്ത് എങ്ങനെ കൃഷി ചെയ്യാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഇവര്‍ തെളിയിച്ചുകഴിഞ്ഞു.

നരിക്കുനി കൃഷിഭവനിലെ ഉദ്യോഗസ്ഥരായ തേജസും കാദറും റഷീദും കൃഷി ഓഫീസറായ ഡാന മുനീറൊപ്പം ഈ സംരംഭത്തിനായി മുന്നിട്ടിറങ്ങി. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിത്തും വളവുമെല്ലാം നല്‍കുന്നത്. ഇവരുടെ സഹകരണത്താല്‍ കൃഷിയിറക്കാനുള്ള വിത്തുകള്‍ കുന്നിന്‍പുറത്ത് എത്തിക്കുകയായിരുന്നു. പലവിധ പച്ചക്കറികളാണ് ഈ കുന്നിന്‍പുറത്ത് ഇവര്‍ കൃഷി ചെയ്‍തത്.

'ആദിവാസികളായ മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യര്‍ താമസിക്കുന്ന സ്ഥലമാണിത്. മഴയെ മാത്രം ആശ്രയിച്ചേ ഇവിടെ കൃഷി ചെയ്യാന്‍ കഴിയുകയുള്ളൂ. റോഡ് ഇല്ലാത്തതിനാല്‍ വെള്ളം എത്തിക്കാനും പ്രയാസമാണ്. പക്ഷേ, നല്ല വെയിലും വെളിച്ചവും  വേണ്ടുവോളമുണ്ട്. പാറകള്‍ പൊടിഞ്ഞുണ്ടായ നല്ല വളക്കൂറുള്ള മണ്ണുമാണ് ഞങ്ങള്‍ക്ക് പച്ചക്കറിക്കൃഷി ചെയ്യാനുള്ള ചിന്ത മനസില്‍ ഉദിക്കാന്‍ കാരണം. ആദിവാസികളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി മീറ്റിങ്ങ് വിളിച്ചുചേര്‍ത്ത് കൃഷിയെപ്പറ്റി പറഞ്ഞുമനസിലാക്കി. ലോക്ക്ഡൗണ്‍ സമയത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം അഞ്ച് ഏക്കര്‍ സ്ഥലത്തിനോടടുത്തുള്ള ഭൂമിയില്‍ പച്ചക്കറിക്കൃഷി ചെയ്‍ത് വിളവെടുത്തു. ഈ കോളനിയിലെ ആളുകളെല്ലാം ഒറ്റക്കെട്ടാണ്. കൃഷിക്ക് വേണ്ടി ഏതുസമയത്തും ഇറങ്ങിപ്പുറപ്പെടാന്‍ ഇവര്‍ തയ്യാറാണെന്നത് എടുത്തുപറയേണ്ടതാണ്.' കൃഷി ഓഫീസറായ ഡാന മുനീര്‍ പറയുന്നു.

ആദിവാസികളായ കര്‍ഷകരുടെ അധ്വാനം

വരിങ്ങിലോറ മലയെന്നത് നരിക്കുനിയില്‍ നിന്നും ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരത്തായുള്ള സ്ഥലമാണ്. തലമുറകളായി കിഴങ്ങും വാഴക്കൃഷിയുമൊക്കെ ചെയ്‍തുവന്നിരുന്ന കരിമ്പാല സമുദായക്കാരാണ് ഇവിടെ താമസിക്കുന്നത്.  48 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ചെങ്കല്‍പ്പാറ നിറഞ്ഞ കുന്നിന്‍പുറത്ത് പച്ചക്കറി കൃഷി ചെയ്യാനുള്ള പരിചയമൊന്നും ഇവര്‍ക്കില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് മഴക്കാലപച്ചക്കറി കൃഷി എന്ന ആശയം ഇവിടെ കൊണ്ടുവന്നത്.

'ഇവിടെ കൃഷിയൊരുക്കാന്‍ നാട്ടുകാരില്‍ നിന്നും കൃഷിഭവനില്‍ നിന്നും കുടുംബശ്രീയില്‍ നിന്നും നരിക്കുനി പഞ്ചായത്ത് അധികൃതരില്‍ നിന്നും വാര്‍ഡ് മെമ്പറില്‍ നിന്നുമെല്ലാം വളരെ ആത്മാര്‍ഥമായ സഹായങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം നന്നായുണ്ട്. പന്നികള്‍ അതിക്രമിച്ച് കയറാതിരിക്കാനായി പ്രദേശം മുഴുവനും വല കെട്ടാനായി സാമ്പത്തിക സഹായം സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയിട്ടുണ്ട്.' പ്രദേശത്ത് കൃഷിയിറക്കിയ വനിതകളില്‍ ഒരാളായ ശ്രീജ പറയുന്നു.

കോളനിയിലെ താമസക്കാരനായ രാമന്‍കുട്ടി പറയുന്നത് കൃഷിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ഇവരുടെ ജീവിതത്തെക്കുറിച്ച് തന്നെയാണ്.' 2019 -ല്‍ മഴക്കാല പച്ചക്കറികൃഷി നടത്തി ഞങ്ങള്‍ നാല് മാസത്തോളം വിളവെടുത്തു. പിന്നീട് ഈ ജൂണിലാണ് വീണ്ടും കുന്നിന്‍പുറത്തുള്ള കൃഷി തുടങ്ങിയത്. കോളനിയിലെ ഓരോ വീട്ടില്‍ നിന്നും ഓരോ സ്ത്രീ ഈ കൃഷിയുടെ ഭാഗമായി. പാരമ്പര്യമായി ഞങ്ങളെല്ലാവരും കൃഷിക്കാരാണ്. കവുങ്ങും മാവും തെങ്ങുമൊക്കെയായിരുന്നു പണ്ടത്തെ കൃഷി. ആദ്യമായാണ് പച്ചക്കറിയിലേക്ക് മാറിയത്. വളരെ നല്ല രീതിയില്‍ ഉത്പാദനമുണ്ടായി. ഇപ്പോള്‍ വിളവെടുത്തതില്‍ വീട്ടിലേക്കുള്ള ആവശ്യത്തിനുള്ളതും കഴിഞ്ഞ് വില്‍പ്പനയ്ക്ക് നല്‍കുവാനും കഴിഞ്ഞു. സ്ത്രീകള്‍ക്ക് ചെറിയൊരു വരുമാനവും ലഭിക്കുന്നുണ്ട്.'

വിശ്വാസമാണല്ലോ എല്ലാത്തിന്റെയും അടിസ്ഥാനം. ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ പരിശ്രമിച്ച് നേടുകയെന്നതാണ് ഇവരുടെ നയം. ' ഇവിടെ 48 കുടുംബങ്ങളുണ്ട്. ഞങ്ങളുടെ കോളനിയുടെ നടുവിലായി ഒരു കാവുമുണ്ട്. അവിടെ പൂജാകര്‍മങ്ങള്‍ നടത്തുന്നതും ഞങ്ങള്‍ തന്നെ. കാവില്‍ പോയി വിളക്ക് കൊളുത്തി പ്രാര്‍ഥിച്ച് കൃഷി തുടങ്ങുന്ന പാരമ്പര്യമാണ് ഇന്നും ഞങ്ങള്‍ക്കുള്ളത്' രാമന്‍കുട്ടി പറയുന്നു.

കുന്നിന്‍ചരിവിലായാലും മരങ്ങളില്ലാത്ത സ്ഥലങ്ങള്‍ നോക്കി കൃഷി ചെയ്‍താല്‍ മഴക്കാലത്തും നമുക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പച്ചക്കറിക്കൃഷി ചെയ്യാന്‍ പറ്റുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇവരുടെ വിജയം. 

click me!