മധുവന്‍ ഗാജര്‍- പുതിയ ഇനം കാരറ്റ്, കാരറ്റിലെ കേമന്‍, ചിപ്‌സും ജ്യൂസും അച്ചാറും നിര്‍മിക്കാം

By Web TeamFirst Published Apr 17, 2020, 12:45 PM IST
Highlights

നാഷനല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ആസ്സാമിലെയും ഹരിയാനയിലെയും പഞ്ചാബിലെയും 25 ഹെക്ടറില്‍ കൂടുതലുള്ള സ്ഥലത്ത് പരീക്ഷണക്കൃഷി നടത്തി വിളവെടുത്തതാണ്. 

ഗുജറാത്തിലെ ജുനഗദ് ജില്ലയിലെ കര്‍ഷകനായ ശാസ്ത്രജ്ഞന്‍ വല്ലഭായ് വസ്രംഭായ് മാര്‍വാനിയ വികസിപ്പിച്ച ഇനം കാരറ്റായ മധുവന്‍ ഗാജര്‍ ഇതിനോടകം കാര്‍ഷികലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. ഉയര്‍ന്ന അളവില്‍ ബീറ്റാകരോട്ടിനും ഇരുമ്പിന്റെ അംശവും ഈ കാരറ്റിലുണ്ടെന്നതാണ് പ്രത്യേകത. ഏകദേശം 150 -ഓളം പ്രാദേശിക കര്‍ഷകര്‍ക്ക് വരുമാനമാര്‍ഗം നല്‍കിയ ഈ പുതിയ ഇനം ജുനഗദ് ജില്ലയിലെ 200 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്.

ഒരു ഹെക്ടറില്‍ നിന്ന് ലഭിക്കുന്ന ശരാശരി വിളവ് 40 മുതല്‍ 50 വരെ ടണ്‍ ആണ്. ബയോഫോര്‍ട്ടിഫൈഡ് ആയ ഈ പുതിയ ഇനം ക്യാരറ്റ് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും പശ്ചിമ ബംഗാളിലെയും രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ഏകദേശം 1000 ഹെക്ടര്‍ കൃഷിസ്ഥലത്ത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്നു.

മധുവന്‍ ഗാജര്‍ കാരറ്റിന്റെ ഗുണങ്ങള്‍

ഉയര്‍ന്ന പോഷകഗുണമുള്ള കാരറ്റിന്റെ ഇനമായ മധുവന്‍ ഗാജര്‍ വികസിപ്പിച്ചത് പലതവണ ഗുണനിലവാരമുള്ള ഇനങ്ങള്‍ തിരഞ്ഞെടുപ്പ് നടത്തിയാണ്.

പലതരത്തിലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഈ കാരറ്റ് ഉപയോഗിക്കുന്നു. കാരറ്റ് ചിപ്‌സ്, ജ്യൂസ്, അച്ചാര്‍ എന്നിവ ഇതില്‍ നിന്നുമുണ്ടാക്കാം. ഇന്ത്യാ ഗവര്‍മെന്റിന്റെ സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗവുമായി ബന്ധപ്പെട്ട നാഷനല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഇതിന്റെ ഗുണനിലവാരം പരിശോധിച്ചതാണ്. 2016 -ലും 2017 -ലും രാജസ്ഥാന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗവേഷണം നടത്തിയത്. ഓരോ ചെടിയുടെയും ബയോമാസ് 275 ഗ്രാം ആണെന്നും ഒരു ഹെക്ടറില്‍ 74.2 ടണ്‍ വരെ കൃഷി ചെയ്യാമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

നാഷനല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ആസ്സാമിലെയും ഹരിയാനയിലെയും പഞ്ചാബിലെയും 25 ഹെക്ടറില്‍ കൂടുതലുള്ള സ്ഥലത്ത് പരീക്ഷണക്കൃഷി നടത്തി വിളവെടുത്തതാണ്. 100 കര്‍ഷകരില്‍ക്കൂടുതല്‍ ഈ കൃഷിയില്‍ ആദ്യമായി പരീക്ഷണം നടത്തിയിരുന്നു.

എങ്ങനെയാണ് പുതിയ ഇനം കാരറ്റ് വികസിപ്പിച്ചത്?

1943 -ലാണ് പാലിന്റെ ഗുണനിലവാരം കൂട്ടാനായി ഫോഡറായി പ്രാദേശികമായ കാരറ്റിന്റെ ഇനം ഉപയോഗിക്കുന്നതായി വല്ലഭായ് കണ്ടെത്തിയത്. അങ്ങനെയാണ് അത്തരം കാരറ്റുകള്‍ മാത്രം തിരഞ്ഞെടുത്ത് കൃഷി ചെയ്ത് അദ്ദേഹം വിപണിയിലെത്തിച്ചത്.

 

അദ്ദേഹത്തിന്റെ മകനായ അവവിന്ദ് ഭായിയാണ് വിത്തുകളുടെ ഉത്പാദനവും വിപണനവും നോക്കിനടത്തിയത്. ഒരു വര്‍ഷത്തില്‍ 100 ക്വിന്റല്‍ വിറ്റഴിച്ചു. ഏകദേശം 30 പ്രാദേശിക വിത്ത് വിതരണക്കാര്‍ ഈ പുതിയ കാരറ്റിന്റെ വിത്ത് രാജ്യം മുഴുവനും എത്തിക്കാന്‍ ശ്രമിച്ചു. ഒരുകൂട്ടം പ്രാദേശിക കര്‍ഷകരോടൊപ്പം വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ വല്ലഭായ് മുന്‍കൈ എടുത്തു.

പ്രാദേശിക കര്‍ഷകര്‍ക്ക് ഗുണം

കാരറ്റിന്റെ ഡിമാന്റ് വര്‍ധിച്ചുവന്നതോടെ 1950 ആയപ്പോഴേക്കും വലിയ രീതിയില്‍ തന്നെ അദ്ദേഹം കൃഷി ആരംഭിച്ചു. 1970 -കളില്‍ അടുത്തുള്ള ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കും ഈ വിത്ത് വിതരണം ചെയ്തു. 1985 ആയപ്പോഴേക്കും വ്യാപകമായ രീതിയില്‍ വല്ലഭായ് വിത്തുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കി. ഒരു ഹെക്ടറില്‍ നിന്ന് 40 മുതല്‍ 50 ടണ്‍ വരെയാണ് മധുവന്‍ ഗാജറില്‍ നിന്നുള്ള ശരാശരി വിളവ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും വിജയകരമായി കൃഷിചെയ്തു കഴിഞ്ഞിരുന്നു.

2019 -ല്‍ രാജ്യം ഇദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി. 2017 -ല്‍ ന്യൂ ഡല്‍ഹിയില്‍ വെച്ച് നടന്ന ഫെസ്റ്റിവല്‍ ഓഫ് ഇന്നൊവേഷനില്‍ വെച്ച് രാഷ്ട്രപതി ദേശീയ അവാര്‍ഡ് നല്‍കി ആദരിച്ചു.

click me!