കൊവിഡ് 19: പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകരും, സൗജന്യമായി പാല്‍ വിതരണം ചെയ്ത് കര്‍ഷകന്‍

By Nitha VFirst Published Mar 28, 2020, 3:33 PM IST
Highlights

വീടിന് മുമ്പിലെ റോഡരികില്‍ പാല്‍ വാങ്ങാനെത്തുന്നവര്‍ക്ക് കൈകഴുകാന്‍ വെള്ളവും സോപ്പും തയ്യാറാക്കി വെച്ചാണ് അഭിലാഷ് ഓരോരുത്തര്‍ക്കും ആവശ്യത്തിനനുസരിച്ച് പാല്‍ അളന്നെടുക്കാനുള്ള സംവിധാനമുണ്ടാക്കിക്കൊടുത്തത്. 

പ്രളയത്തിനുശേഷം കിതച്ചുകൊണ്ടു മുന്നോട്ടുപോകുന്ന ക്ഷീര മേഖലയെ സംബന്ധിച്ച് കൊറോണ വന്നത് ഇടിത്തീ പോലെയായെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. വേനല്‍ക്കാലമായതുകൊണ്ട് പൊതുവേ പാലിന്റെ ഉത്പാദനം കുറയാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മലബാര്‍ മേഖലയില്‍ മില്‍മ പാല്‍ സംഭരണം നിര്‍ത്തിയപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ പാല്‍ ഒഴുക്കിക്കളയാനും സൗജന്യമായി വിറ്റഴിക്കാനും ക്ഷീരകര്‍ഷകര്‍ തയ്യാറായി. കൊറോണക്കാലം അതിജീവിക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് കഴിയുമോ? ഈ മഹാമാരി അവസാനിക്കുന്നതോടുകൂടി ക്ഷീരകര്‍ഷകരും പാടേ അവസാനിക്കുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.

കൊവിഡ് 19 വ്യാപിച്ചതിനെത്തുടര്‍ന്ന് പാല്‍ വില്‍പനയില്‍ കുറവ് വന്നപ്പോള്‍ മില്‍മ പാല്‍ സംഭരിക്കില്ലെന്ന തീരുമാനമെടുത്തു. അഞ്ച് ലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തുന്ന സ്ഥാനത്ത് വെറും ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് വിറ്റുപോയതെന്ന് മില്‍മ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപകമാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ പലരും പാലും പാലുത്പന്നങ്ങളും ഉപേക്ഷിച്ചതാണ് ക്ഷീരകര്‍ഷകരെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.

മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടും ക്ഷീരസഹകാരി അവാര്‍ഡ് ജേതാവുമായ വേണു ചെറിയത്ത് വിശദമാക്കുന്നത് മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകരുടെ അവസ്ഥയാണ്. 'പ്രളയത്തിന് ശേഷമുണ്ടായ ഈ അവസ്ഥ ഞങ്ങള്‍ക്ക് തരണം ചെയ്യാന്‍ പറ്റുന്നതിനപ്പുറമാണ്. അവശ്യസാധനങ്ങളുടെ കൂട്ടത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമുള്ള കാലിത്തീറ്റയും മറ്റു സാധനങ്ങളും യഥേഷ്ടം കിട്ടുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്നും ഒരു വാഹനം പോലും അതിര്‍ത്തി കടക്കാന്‍ അനുവദിക്കാത്തതുകൊണ്ട് കാലിത്തീറ്റയില്ലാതെ പശുവിനെ വളര്‍ത്തേണ്ട അവസ്ഥയാണ്. ആവശ്യത്തിനുള്ള പുല്ലും സൈലേജും ഒന്നും ഞങ്ങളുടെ കൈയില്‍ സ്‌റ്റോക്കില്ല'.

ക്ഷീര വികസന വകുപ്പിന്റെ കണക്കുപ്രകാരം 2018 -ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ നഷ്ടപ്പെട്ടത് 5166 പശുക്കുട്ടികളും 527 എരുമകളും 1089 കിടാരികളുമാണ്. അന്നത്തെ പ്രളയത്തിന് മുമ്പ് 18,34,700 ലിറ്റര്‍ പാലാണ് കേരളത്തില്‍ ദിവസവും ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, പ്രളയശേഷം ഉത്പാദനം 15,78,212 ലിറ്ററായി കുറഞ്ഞു. ഇതുകാരണം ക്ഷീരമേഖലയിലുണ്ടായ നഷ്ടം 107.49 കോടി രൂപയാണ്.

'മില്‍മ ഇപ്പോള്‍ ഇടിത്തീ പോലെ പറഞ്ഞത് പാല്‍ ശേഖരിക്കില്ലെന്നാണ്. കര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിച്ചാല്‍ പാല്‍പ്പൊടിയാക്കാന്‍ ഇവര്‍ക്ക് കഴിയും.' എന്നിട്ടും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്ന വിരോധാഭാസമാണ് തങ്ങള്‍ കണ്ടതെന്ന് വേണു പറയുന്നു. 

'കേരളത്തിലെ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ 2018-19 -ല്‍ കര്‍ഷകര്‍ക്ക് അനുവദിച്ച സബ്‌സിഡി പോലും ഇതുവരെ തന്നിട്ടില്ല. ത്രിതല പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും കര്‍ഷകര്‍ക്ക് അനുവദിച്ച ഫണ്ട് ഇതുവരെ നാമമാത്രമായ കര്‍ഷകര്‍ക്കൊഴിച്ച് വയനാട് ജില്ലയിലെ ഭൂരിഭാഗം പേര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. കൊറോണ കാരണം കടകള്‍ മുഴുവന്‍ അടഞ്ഞുകിടന്നതുകാരണം കര്‍ഷകര്‍ക്ക് നേരിട്ട് പാല്‍ വില്‍പ്പന നടത്താന്‍ പറ്റുന്നില്ല. കടുത്ത വെല്ലുവിളിയാണ് ഈ മേഖല അഭിമുഖീകരിക്കുന്നത്.' കൊറോണ കാരണം ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വേണു വ്യക്തമാക്കുന്നു.

'ക്ഷീര കര്‍ഷകരില്‍ നിന്ന് മില്‍മ കൃത്യമായി പാല്‍ എടുക്കണമെന്നതാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം. പ്രളയത്തിനുശേഷമുള്ള സഹായവും പൂര്‍ണമായി ലഭിക്കാത്തിടത്തോളം ഇന്നത്തെ സാഹചര്യത്തില്‍ മില്‍മയും സഹകരിച്ചില്ലെങ്കില്‍ ഈ മേഖല തകര്‍ന്നടിയുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് വേണു ഉറപ്പിച്ചു പറയുന്നു.' ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കേരളത്തിലെ ക്ഷീരമേഖല 25 വര്‍ഷം മുമ്പ് നാടന്‍ പശുക്കളെ വളര്‍ത്തിയ ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും വേണു ആശങ്കപ്പെടുന്നു.

സാമ്പത്തിക പാക്കേജുകള്‍ അനുവദിച്ചുകൊണ്ട് കര്‍ഷകരുടെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയണമെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. 'ഞങ്ങള്‍ക്ക് സബ്‌സിഡിയല്ല ആവശ്യം. നിലനില്‍പ്പിനുള്ള സഹായങ്ങളാണ് ആവശ്യം. ഒരൊറ്റ ദിവസം കൊണ്ടുതന്നെ മലബാര്‍ മേഖലയില്‍ ക്ഷീരമേഖലയില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടമായി.' വേണു പറയുന്നു.

310 ലിറ്റര്‍ പാല്‍ സൗജന്യമായി പൊതുജനങ്ങള്‍ക്ക്

മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായ അഭിലാഷ് ഏഴു വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്നു. 'വര്‍ഷത്തില്‍ 80,000 ലിറ്ററോളം പാല്‍ അളന്ന് നല്‍കുന്ന കര്‍ഷകനാണ്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടുണ്ടായ പ്രളയം ക്ഷീരമേഖലയെ വല്ലാതെ ബാധിച്ചു. മഴ കണക്കില്ലാതെ ലഭിച്ചപ്പോള്‍ തീറ്റപ്പുല്ലിന്റെ വേരുകള്‍ ചീഞ്ഞുപോയി. ഉത്പാദനക്ഷമത കുറഞ്ഞു. ചോളത്തിനായി തമിഴ്‌നാടിനെയും കര്‍ണാടകയെയും ആശ്രയിക്കേണ്ടി വന്നു. ഈ അവസരത്തിലാണ് കൊറോണ നമ്മളെ ബാധിച്ചത്.' അഭിലാഷ് ക്ഷീരമേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിക്കുന്നു.

 

വീടിന് മുമ്പിലെ റോഡരികില്‍ പാല്‍ വാങ്ങാനെത്തുന്നവര്‍ക്ക് കൈകഴുകാന്‍ വെള്ളവും സോപ്പും തയ്യാറാക്കി വെച്ചാണ് അഭിലാഷ് ഓരോരുത്തര്‍ക്കും ആവശ്യത്തിനനുസരിച്ച് പാല്‍ അളന്നെടുക്കാനുള്ള സംവിധാനമുണ്ടാക്കിക്കൊടുത്തത്. വാട്‌സ് ആപ്പും ഫേസ്ബുക്കും വഴി പാല്‍ വിതരണത്തെക്കുറിച്ചുള്ള വിവരം ജനങ്ങളിലെത്തിക്കുകയായിരുന്നു. കറന്നെടുത്ത മുഴുവന്‍ പാലും ഈ രീതിയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കി. 30 പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകനാണ് ഇദ്ദേഹം.

'മില്‍മ പാല്‍ എടുക്കാതെ വന്നപ്പോള്‍ ഞാന്‍ പാല്‍ സൗജന്യമായി വിതരണം ചെയ്തു. ഇനിയും മില്‍മ പാല്‍ ശേഖരിക്കില്ലെന്ന തീരുമാനമാണെങ്കില്‍ ഞങ്ങള്‍ പാല്‍ സ്വന്തമായി ശേഖരിച്ച് തൈരും മറ്റ് ഉത്പന്നങ്ങളുമായും മാര്‍ക്കറ്റിലെത്തിക്കാന്‍ ശ്രമിക്കും. നമ്മള്‍ ഏതു റോഡിലൂടെ പോയാലും ഐസ്‌ക്രീം വില്‍ക്കാനായി ഫ്രീസറുകളുള്ള വണ്ടികള്‍ നമുക്ക് കാണാം. അവര്‍ക്ക് ഒരു പണിയുമില്ലാതെ നില്‍ക്കുന്ന ഈ അവസരത്തില്‍ പാല്‍ വില്‍ക്കാന്‍ അവരെ ഏല്‍പ്പിച്ചാല്‍ വളരെ വേഗത്തില്‍ വിറ്റഴിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം കാരണം മില്‍മ പ്രതിരോധത്തിലായാല്‍ ഞങ്ങളായിരിക്കില്ല ഉത്തരവാദി.' അഭിലാഷ് ഓര്‍മിപ്പിക്കുന്നു.

പാല്‍ സംഭരണം തുടരുന്നുണ്ട് - മില്‍മ മലബാര്‍ മേഖല ചെയര്‍മാന്‍

ഇതു സംബന്ധിച്ച് മിൽമയുടെ മലബാർ മേഖലാ ചെയർമാൻ കെ.എസ്. മണി പറയുന്നത് ഇതാണ്, "ഞങ്ങൾ സംഘങ്ങളിലൂടെയുള്ള പാൽ സംഭരണം ഇപ്പോഴും തുടരുന്നുണ്ട്.  കൊറോണ വ്യാപനത്തെത്തുടർന്ന് വിൽപന കുറഞ്ഞപ്പോഴായിരുന്നു പാൽ സംഭരിക്കാതിരുന്നത്. ഞങ്ങൾക്ക് സ്ഥിരമായി പാൽ തന്നുകൊണ്ടിരിക്കുന്ന പാവപ്പെട്ട കർഷകരെ ബുദ്ധിമുട്ടിക്കാതെ പാൽ സംഭരണം ഇപ്പോൾ നടത്തുന്നുണ്ട്. പാൽപ്പൊടി ആക്കി മാറ്റാൻ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാൻ കഴിയില്ലെന്നത് ഞങ്ങളുടെ മുമ്പിലുള്ള പ്രതിസന്ധിയാണ്. അതുപോലെ മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കിയാൽ വെറും രണ്ടാഴ്ചത്തെ ആയുസ് മാത്രമേ ഉണ്ടാവൂ. കൊറോണ കാരണം ആളുകൾ പുറത്തിറങ്ങാതെ വിൽപ്പന നടക്കാതിരുന്നാൽ ഉത്പന്നങ്ങൾ നശിക്കുകയും നഷ്ടമുണ്ടാക്കുകയും ചെയ്യും."

ഇപ്പോഴത്തെ കൊറോണ വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ക്ഷീരമേഖലയെത്തന്നെയാണെന്ന് മണി ഓർമിപ്പിക്കുന്നു. "ഓരോ ദിവസവും ക്ഷീര കർഷകർ സംഘത്തിൽ നേരിട്ട് എത്തിയാണ് പാൽ ഒഴിക്കുന്നത്. ഏതെങ്കിലും ഡെയറിയിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധയുണ്ടെങ്കിൽ മറ്റുള്ള ക്ഷീരകർഷകരെയും ബാധിക്കും. "

ക്ഷീര മേഖല അവശ്യ സർവീസ് ആക്കി മാറ്റിയതു കൊണ്ട് പാവപ്പെട്ട കർഷകരിൽ നിന്നും പാൽ സംഭരണം നടത്തുന്നുണ്ട്. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ഏതെങ്കിലും സംഘത്തിലേക്ക് പുറത്തു നിന്നുള്ള ആരെങ്കിലും അമിതമായി പാൽ എത്തിച്ചു കൊടുത്ത് മിൽമയെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ടോയെന്ന്  അന്വേഷിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. ചില സംഘങ്ങളിൽ നിന്ന് സാധാരണ എത്തുന്നതിനേക്കാൾ കൂടുതൽ പാൽ സംഭരിക്കുന്നുണ്ടെങ്കിൽ അതിനെതിരെ തീർച്ചയായും നടപടികൾ സ്വീകരിക്കുമെന്നും ഓർമിപ്പിച്ചു.

click me!