ഒരു പരിചരണവുമില്ലാതെ തഴച്ചുവളരും, തോരനും ചാറുകറികളും തയ്യാറാക്കാം

By Web TeamFirst Published Mar 28, 2020, 11:06 AM IST
Highlights

അടുത്ത പണി ഇതിനെ വളരാനനുവദിക്കുക എന്നതാണ്. വെള്ളം ലഭിക്കുന്നയിടങ്ങളിൽ ഇവയുടെ ചുറ്റുമുള്ള പാഴ്ച്ചെടികൾ നീക്കി സ്ഥലമുണ്ടാക്കാം. കതിരുകൾ നുള്ളിക്കളയുക. 

മലയാളി, കൃഷിയെപ്പറ്റി ഗൗരവതരമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമാണല്ലോ. പക്ഷേ, പലർക്കും പല പ്രതിബന്ധങ്ങളുണ്ട് കൃഷി ചെയ്യാന്‍. കടുത്ത വേനൽ തന്നെ പ്രഥമ സ്ഥാനത്ത്. ആവശ്യത്തിന് സ്ഥലം ഇല്ലായ്മ, അനുയോജ്യമായ നടീൽ വസ്തുക്കളുടെ അഭാവം... തുടങ്ങി വേറെ പലതുമുണ്ട്. നിലവിലെ സ്ഥിതിയിൽ വളരെ എളുപ്പം ചെയ്യാവുന്ന ഒരു കാര്യമുണ്ട്. വീട്ടിൽ എന്‍റെ അമ്മ ഇത് വളരെ വിജയകരമായി ചെയ്തുവരുന്നത് കണ്ടപ്പോഴാണ് ഞാനും ഇതേക്കുറിച്ച് ചിന്തിക്കുന്നത്. ഈ സ്റ്റേ അറ്റ് ഹോം കാലം വിഷരഹിതമായ പച്ചക്കറികളും ഇലക്കറികളും നട്ടുണ്ടാക്കാന്‍ അനുയോജ്യമാണ്.

ചിത്രത്തിൽ കാണുന്നതാണ് കുപ്പച്ചീര.  പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഈയിനം കേരളത്തിലെമ്പാടും യഥേഷ്ടം കളയായി വളരുന്നതാണ്. വെയിൽ കുറഞ്ഞ സ്ഥലങ്ങളിൽ കഷ്ടി ഒന്നര-രണ്ട് അടി നേരെ മുകളിലേയ്ക്കും നല്ല വെയിലുള്ള സ്ഥലങ്ങളിൽ താഴെ പടർന്നും ഇത് വളരും. തൊടിയും വീട്ടുപരിസരങ്ങളും പരിശോധിച്ചാൽ നനവുള്ളിടത്ത് മറ്റു കളകളോടൊത്ത് തഴച്ചുവളർന്നും വരണ്ടയിടത്ത് മുരടിച്ചും  ഇത് നില്‍ക്കുന്നത് കാണാം. പിന്നെ കാണുന്നത് റോഡരികുകളിലാണ്. പൊടിയിൽ മുങ്ങി നരച്ച് നില്‍ക്കുന്ന ഇവ പെട്ടെന്ന് ശ്രദ്ധയിൽ പെട്ടെന്ന് വരില്ല. (ഇത് മുള്ളൻ ചീരയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. റെയിൽവേസ്റ്റേഷൻ പരിസരങ്ങളിൽ കാണുന്ന വലിയ ഇനവുമല്ല. നിലംപറ്റി വളരുന്ന ഒരു പാവത്താനാണ് കക്ഷി.)


    
അടുത്ത പണി ഇതിനെ വളരാനനുവദിക്കുക എന്നതാണ്. വെള്ളം ലഭിക്കുന്നയിടങ്ങളിൽ ഇവയുടെ ചുറ്റുമുള്ള പാഴ്ച്ചെടികൾ നീക്കി സ്ഥലമുണ്ടാക്കാം. കതിരുകൾ നുള്ളിക്കളയുക. വരണ്ടയിടങ്ങളിൽ നില്‍ക്കുന്നവയ്ക്ക് അല്പം വെള്ളം തളിച്ചുകൊടുത്താൽ മതിയാവും. ചെറിയൊരു നനവുണ്ടെങ്കിൽപ്പോലും തഴച്ചുവളരും. സ്ഥലമില്ലാത്തവർക്ക് തൈ സംഘടിപ്പിച്ച് ഗ്രോബാഗിൽ നടാവുന്നതാണ്. ഒരുവിധപ്പെട്ട കീട-രോഗബാധകളൊന്നും ഇതിനെ ബാധിക്കില്ല. നല്ല വെയിൽ കൊടുക്കുക. ഇത്തിരി വെളളവും. വളം ഇടേണ്ട കാര്യമില്ല. പച്ചക്കറി വേസ്റ്റുകളോ ഇത്തിരി ചാണകപ്പൊടിയോ ഇട്ടാൽ അത്ഭുതം കാണാം!

 

ഒരു പരിചരണവുമില്ലാതെ തഴച്ചു വളരും. രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കണം. 

1. ഒരു കാരണവശാലും കതിരുകൾ വളരാൻ അനുവദിക്കരുത്. 
2. വിളവെടുപ്പ് ശ്രദ്ധയോടെ ചെയ്യണം.  കനത്ത നാരുകൾ നിറഞ്ഞ തണ്ട് കറിയ്ക്കു പറ്റില്ല. തണ്ടിനു കേടു വരുത്താതെ ഇലച്ചിനപ്പുകൾ ചെറിയ ഒരു കത്തിയും വിരലും ഉപയോഗിച്ച് എളുപ്പം നുള്ളിയെടുക്കാം. ഒരിത്തിരി ക്ഷമയും സമയവും ആവശ്യമാണെന്നു മാത്രം. കഴുകിയെടുത്താൽ നേരെ കറിയ്ക്കായി ഉപയോഗിക്കുകയും ചെയ്യാം. കൂടുതലുണ്ടെങ്കിൽ തോരനും കുറവാണെങ്കിൽ ചാറുകറികളും തയ്യാറാക്കാം. ഒരാഴ്ച കഴിയുമ്പോഴേയ്ക്കും വീണ്ടും വിളവെടുപ്പിനു തയ്യാറാകും. കതിരു വരാതെ നോക്കിയാൽ മാസങ്ങളോളം വിളവെടുക്കാം.

രുചികരം, പോഷക സമൃദ്ധം, വിഷരഹിതം!


 

click me!