പശുവിനെ വളര്‍ത്തിയാല്‍ മാസംതോറും മൂന്നുലക്ഷം രൂപ വരുമാനം നേടാം?

By Web TeamFirst Published Feb 29, 2020, 10:01 AM IST
Highlights

പശുക്കളുടെ ഉത്പാദനത്തിനനുസരിച്ച് സമീകൃതമായ ആഹാരമാണ് നല്‍കുന്നത്. ഇതുകൂടാതെ 50 ഗ്രാം മിനറല്‍ സാള്‍ട്ടും 30 ഗ്രാം ഉപ്പും ദിവസവും പച്ചപ്പുല്ലിനൊപ്പവും ഉണങ്ങിയ ഫോഡറിനൊപ്പവും നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും വരുമാനമുണ്ടാക്കുന്ന നിരവധി കര്‍ഷകരുണ്ട്. സാധാരണ രീതിയില്‍ പച്ചക്കറി കൃഷിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം പശുവിനെ വളര്‍ത്തിയാല്‍ നേടാമെന്ന് ജയ്‍പൂരിലെ രത്തന്‍ലാല്‍ യാദവ് കാണിച്ചുതരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും അഞ്ച് പശുവിനെ മാത്രം വളര്‍ത്തിയിരുന്ന ഇദ്ദേഹത്തിന് ഇന്ന് 80 പശുക്കളുള്ള ഫാമാണുള്ളത്. ഇതില്‍ 35 എണ്ണം കറവയുള്ള പശുക്കളാണ്.

35 കന്നുകാലികളില്‍ നിന്നായി 416 ലിറ്റര്‍ പാലാണ് ദിവസവും ലഭിക്കുന്നത്. ഒരു ലിറ്റര്‍ പാലിന് ലഭിക്കുന്ന വില 60 രൂപയാണ്. ദിവസേന 24,960 രൂപയുടെ വരുമാനമുണ്ടാക്കുന്ന ക്ഷീരകര്‍ഷകന്റെ വിജയകഥയാണിത്. മാസത്തില്‍ 3,01,800 രൂപയാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ വരുമാനം.

എങ്ങനെ ലാഭം നേടാം?

കന്നുകാലികളെ നന്നായി പരിചരിക്കുകയെന്നതാണ് ആദ്യപടി. പശുക്കളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാനായി ഫാമിന്റെ ജനലുകളില്‍ ജൂട്ട് ഉപയോഗിച്ചുള്ള തുണികൊണ്ട് മൂടിയിടും. ഇങ്ങനെ തണുപ്പും ചൂടും മാറുന്നതിനനുസരിച്ച് കന്നുകാലികളെ നന്നായി പരിചരിക്കുകയെന്നതാണ് പാല്‍ ഉത്പാദനത്തിലൂടെ ലാഭം നേടാനുള്ള ആദ്യപടി.

പശുക്കളുടെ ഉത്പാദനത്തിനനുസരിച്ച് സമീകൃതമായ ആഹാരമാണ് നല്‍കുന്നത്. ഇതുകൂടാതെ 50 ഗ്രാം മിനറല്‍ സാള്‍ട്ടും 30 ഗ്രാം ഉപ്പും ദിവസവും പച്ചപ്പുല്ലിനൊപ്പവും ഉണങ്ങിയ ഫോഡറിനൊപ്പവും നല്‍കുന്നുണ്ട്.

തണുപ്പ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശര്‍ക്കരയുടെയും കടുകെണ്ണയുടെയും അംശമുള്ള കാലിത്തീറ്റയാണ് നല്‍കുന്നത്. കൂടാതെ ശുദ്ധമായ കുടിവെള്ളവും നല്‍കുന്നു.

വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം പശുക്കളെ അസുഖം വരാതെ സംരക്ഷിക്കാനായി വാക്‌സിനേഷന്‍ കൃത്യമായ കാലയളവില്‍ നല്‍കുന്നു. ധാരാളം പാല്‍ ലഭിക്കാനുള്ള വിജയമന്ത്രമായി രത്തന്‍ലാല്‍ പറഞ്ഞുതരുന്നത് ഇതെല്ലാമാണ്.

click me!