ഡിസംബറിന്റെ കുളിരിലും ഈ ചെടികളില്‍ പൂക്കള്‍ വിടരും; കുറഞ്ഞ പരിചരണം മതി

By Web TeamFirst Published Dec 18, 2020, 8:44 AM IST
Highlights

പിങ്കും പര്‍പ്പിളും ചുവപ്പും വെളുപ്പും മഞ്ഞയും നിറങ്ങളില്‍ വിടരുന്ന മനോഹരമായ പൂക്കള്‍ തണുപ്പുകാലത്ത് കാഴ്ചയുടെ നിറവസന്തമൊരുക്കും. വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണിത്.

ചെടികളുടെ വളര്‍ച്ച സാവധാനത്തിലാകുന്ന സമയമാണ് മഞ്ഞുകാലം. നല്ല പച്ചപ്പ് നിലനിര്‍ത്തി ആരോഗ്യത്തോടെ വളരണമെങ്കില്‍ വളര്‍ത്തുന്ന പാത്രം ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റിവെക്കണം. പ്രത്യേകിച്ച് വളപ്രയോഗം ആവശ്യമില്ലാത്ത സമയമാണിത്. നമ്മുടെ നാട്ടില്‍ തണുപ്പുകാലത്ത് വളര്‍ത്താന്‍ യോജിച്ച പൂച്ചെടികളാണ് പെറ്റൂണിയ, കോക്‌സ് കോമ്പ്, ആന്തൂറിയം, സിനെറാറിയ, സിന്നിയ, കലെന്‍ഡുല, ജമന്തി, ചെണ്ടുമല്ലി എന്നിവ. ഏകദേശം ആറ് മുതല്‍ എട്ട് ഇഞ്ച് വരെ ആഴത്തിലുള്ള പാത്രത്തിലേ വിത്തുകള്‍ മുളപ്പിക്കാവൂ. ആറ് ആഴ്ചകള്‍ കഴിഞ്ഞാല്‍ വിത്തുകള്‍ മുളച്ചുവരുന്നത് കാണാം.

പെറ്റൂണിയ

പിങ്കും പര്‍പ്പിളും ചുവപ്പും വെളുപ്പും മഞ്ഞയും നിറങ്ങളില്‍ വിടരുന്ന മനോഹരമായ പൂക്കള്‍ തണുപ്പുകാലത്ത് കാഴ്ചയുടെ നിറവസന്തമൊരുക്കും. വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണിത്. തൂക്കുപാത്രങ്ങളില്‍ വളര്‍ത്താനും യോജിച്ചതാണ്. ഏകദേശം ആറ് ഇഞ്ച് മുതല്‍ നാല് അടി വരെ ഉയരത്തില്‍ വളരും. വളരെ ചെറിയ വിത്തുകളായതിനാല്‍ അതീവ ശ്രദ്ധയോടെ വളര്‍ത്തണം. വിത്തുകള്‍ വിതറിയാല്‍ മണ്ണിട്ട് മൂടരുത്. സൂര്യപ്രകാശമുണ്ടെങ്കിലേ മുളച്ച് വരികയുള്ളു.അല്‍പം മണല്‍ കലര്‍ന്ന മണ്ണാണ് വളര്‍ത്താന്‍ നല്ലത്.

സെലോഷ്യ അഥവാ കോക്‌സ്‌കോമ്പ്

ഏകദേശം 1.2 മീറ്ററോളം വലുപ്പത്തില്‍ വളരുന്ന ചെടിയായ സെലോഷ്യയില്‍ മഞ്ഞയും പിങ്കും നിറത്തിലുള്ള പൂക്കളുണ്ടാകും. വിത്ത് മുളയ്ക്കാനുള്ള സമയം അഞ്ച് ദിവസങ്ങള്‍ മുതല്‍ രണ്ടാഴ്ച വരെയാണ്. പൂര്‍ണമായ സൂര്യപ്രകാശത്തിലും പകുതി തണലത്തും വളരുന്ന ചെടിയാണ്. ഇര്‍പ്പം കലര്‍ന്ന മണ്ണിലാണ് കൂടുതല്‍ നന്നായി വളരുന്നത്.

സിനെറാറിയ (Cineraria)

വരണ്ടതോ ചൂടുള്ളതോ ആയ കാലാവസ്ഥയില്‍ വളര്‍ത്താന്‍ പറ്റാത്ത ചെടിയാണിത്. അല്‍പം അസിഡിറ്റിയുള്ളതും നല്ല നീര്‍വാര്‍ച്ചയും പോഷകവുമുള്ളതുമായ മണ്ണിലാണ് നന്നായി വളരുന്നത്. വിത്ത് മുളപ്പിച്ച് വളര്‍ത്താം.

സിന്നിയ  (Zinnia)

വിത്ത് മുളപ്പിച്ച് വളര്‍ത്തുന്ന പൂച്ചെടിയാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ മുളച്ച് വരും. ഏത് തരത്തിലുള്ള മണ്ണിലും വളര്‍ത്താം. കമ്പോസ്റ്റ് ചേര്‍ത്തുകൊടുത്താല്‍ നന്നായി വളര്‍ന്ന് പൂക്കളുണ്ടാകും. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്.

ജമന്തി

വിവിധ വര്‍ണങ്ങളില്‍ വിടരുന്ന ജമന്തിപ്പൂക്കളോളം എളുപ്പത്തില്‍ വളര്‍ത്താവുന്ന മറ്റൊരു ചെടിയില്ല.മധ്യവേനല്‍ മുതല്‍ തണുപ്പുകാലം വരെ പൂക്കളുണ്ടാകും.  തക്കാളി, വഴുതന, മുളക് , ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് സമീപം വളര്‍ത്തിയാല്‍ കീടാക്രമണങ്ങളെ തടയാനും കഴിയും. ഏകദേശം ആറ് മുതല്‍ എട്ട് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളര്‍ത്താം.

കലെന്‍ഡുല (Calendula)

ഓറഞ്ചും മഞ്ഞയും ചെറുനാരങ്ങയുടെ നിറത്തിലുള്ളതുമായ പൂക്കളുണ്ടാകുന്ന ചെടിയാണിത്. വീട്ടിനകത്തും വളര്‍ത്താം. വളരെ പെട്ടെന്ന് വിത്ത് മുളപ്പിച്ച് വളര്‍ത്താം. നല്ല നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ഠമായതുമായ മണ്ണില്‍ വളരുമ്പോഴാണ് കൂടുതല്‍ പൂക്കളുണ്ടാകുന്നത്.


 

click me!