വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന്‍ ഉത്തമ മാര്‍ഗമാണ് കുറ്റിക്കുരുമുളക് കൃഷി. കുരുമുളകുകൊടിയുടെ പച്ചനിറം മാറാത്ത പാര്‍ശ്വശാഖകള്‍ ഉപയോഗിച്ച് കുറ്റിക്കുരുമുളക് തൈകള്‍ ഉണ്ടാക്കാം.
താങ്ങുകളില്‍ പറ്റിപ്പിടിച്ചു മുകളിലേക്ക് വളരുന്ന സ്വഭാവം ഇത്തരം തൈകള്‍ക്ക് ഇല്ല.
മണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തില്‍ കലര്‍ത്തി ചട്ടിയിലോ പോളിബാഗിലോ നിലത്തോ കുറ്റിച്ചെടിയായി വളര്‍ത്താം.
മേയ് -ജൂണ്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കാം. ശാഖകള്‍ നാലഞ്ചു മുട്ടുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കണം.
ചുവടുഭാഗം 1000 പി.പി.എം. ഇന്‍ഡോള്‍ ബ്യുട്ടിറിക് ആസിഡ് ലായനിയിൽ മുക്കിയശേഷം നട്ടാൽ വേഗം വേര് പിടിക്കും.
തടത്തില്‍ പുതയിടണം. ചെടി പിടിച്ചു തുടങ്ങുമ്പോള്‍ 15 ഗ്രാം കടലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരാഴ്ച ഇടവിട്ട് ചേർക്കാം.
കൂടുതല്‍ വിളവിനായി രണ്ട് ഗ്രാം യൂറിയ, 2.5 ഗ്രാം ഫോസ്ഫറസ്, നാല് ഗ്രാം പൊട്ടാഷ് എന്നിവ രണ്ടു മാസം ഇടവിട്ട് ചേര്‍ക്കണം. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഗോമൂത്രം എന്നിവയും നല്ലതാണ്.
ആദ്യത്തെ രണ്ടാഴ്ചക്കാലം തൈകള്‍ക്ക് ഭാഗികമായ തണൽ ലഭിക്കണം. നീണ്ടു വളരുന്ന തണ്ടുകള്‍ യഥാസമയം മുറിച്ചു കുരുമുളക് കുറ്റിയായി നിലനിര്‍ത്താനും മറക്കരുത്.
രണ്ടു വര്‍ഷം ആകുമ്പോള്‍ ചട്ടി മാറ്റി കൊടുക്കണം. രണ്ടാം വര്‍ഷം ഏതാണ്ട് അര കിലോയ്ക്കടുത്തു പച്ചക്കുരുമുളക് കിട്ടും.
നന്നായി പരിപാലിച്ചാല്‍ ഏറ്റവും കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഒരു ചെടിയിൽനിന്ന് വിളവ് ലഭിക്കും. പന്നിയൂര്‍, കരിമുണ്ട തുടങ്ങിയ ഇനങ്ങളൊക്കെ ഈ വിധം കുറ്റിച്ചെടിയായി വളർത്താം.
ഒരു ചട്ടി കുറ്റിക്കുരുമുളക് ഇങ്ങനെ വളര്‍ത്തിയെടുക്കാന്‍ വളരെ ചെറിയ ചെലവേ വരൂ.