മഞ്ഞള്‍ പോളിഹൗസില്‍ വളര്‍ത്താം; ഏതുകാലത്തും വിളവെടുക്കാം

By Web TeamFirst Published Oct 29, 2020, 9:48 AM IST
Highlights

വളരെ ശ്രദ്ധയോടെ സംരക്ഷിച്ച് കീടാക്രമണ സാധ്യതയില്ലാത്ത വിത്തുകള്‍ വാങ്ങി നടുന്നതാണ് നല്ലത്. ജൈവരീതിയില്‍ സംരക്ഷിച്ചെടുത്ത വിത്തുകള്‍ ലഭ്യമല്ലെങ്കില്‍ ഉയര്‍ന്ന വിളവ് ലഭിക്കുന്ന പ്രാദേശികമായ ഇനങ്ങള്‍ പോളിഹൗസില്‍ നടാവുന്നതാണ്. 

ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന മഞ്ഞള്‍ നമ്മുടെയൊക്കെ വീടുകളിലെ അവശ്യവസ്തുവാണ്. കുര്‍കുമ ലോംഗ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മഞ്ഞള്‍ പോളിഹൗസിലെ അന്തരീക്ഷത്തില്‍ വളര്‍ത്തിയാല്‍ പ്രത്യേക സീസണില്‍ അല്ലാതെ തന്നെ ഏതു കാലത്തും വിളവ് ലഭിക്കുന്നതാണ്.

പോളിഹൗസില്‍ ശരിയായ സാഹചര്യമൊരുക്കി വളര്‍ത്തിയാല്‍ കീടങ്ങളും പ്രാണികളും ആക്രമിക്കാനുള്ള സാധ്യതയും കുറവാണ്. ശരിയായ രീതിയില്‍ വെള്ളം വാര്‍ന്നുപോകാനും വായു കടക്കാനുമുള്ള സൗകര്യമുണ്ടായിരിക്കണം. അതുപോലെ പോഷകങ്ങളും വെളിച്ചവും കൃത്യമായി ലഭിക്കുന്ന രീതിയിലായിരിക്കണം പോളിഹൗസില്‍ മഞ്ഞള്‍ വളര്‍ത്തേണ്ടത്. യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതിയും പരമാവധി കുറയ്ക്കാന്‍ കഴിയുന്നതുകൊണ്ട് തൊഴിലാളികളുടെ എണ്ണവും കുറയും. വ്യവസായ ശാലകളുടെ സമീപത്ത് പോളിഹൗസ് നിര്‍മിക്കാന്‍ പാടില്ല. മലിനീകരണത്തില്‍ നിന്നും വിളകളെ തടയാന്‍ ഇത് സഹായിക്കും. റോഡില്‍ നിന്നും അല്‍പം അകലെയുള്ള സ്ഥലത്താണ് പോളിഹൗസ് നിര്‍മിക്കേണ്ടത്. പക്ഷേ, വിളവെടുക്കുന്നതിന് മുമ്പുള്ള കാര്യങ്ങള്‍ക്കായും വിളവ് ശേഖരിച്ചു വെക്കാനുമുള്ള ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാകുന്ന സ്ഥലത്തായിരിക്കണം കൃഷി ചെയ്യേണ്ടത്.

മഞ്ഞള്‍ വളരാന്‍ ചൂടുള്ള കാലാവസ്ഥയാണ് നല്ലത്. 20 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനില നിലനിര്‍ത്തിയാല്‍ പോളിഹൗസില്‍ മഞ്ഞള്‍ക്കൃഷി ഭംഗിയായി നടത്താം. 20 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ താഴേക്ക് താപനില കുറയുകയാണെങ്കില്‍ വളര്‍ച്ച മുരടിക്കാന്‍ സാധ്യതയുണ്ട്. പലതരം മണ്ണില്‍ മഞ്ഞള്‍ കൃഷി ചെയ്യാറുണ്ട്.

വളരെ ശ്രദ്ധയോടെ സംരക്ഷിച്ച് കീടാക്രമണ സാധ്യതയില്ലാത്ത വിത്തുകള്‍ വാങ്ങി നടുന്നതാണ് നല്ലത്. ജൈവരീതിയില്‍ സംരക്ഷിച്ചെടുത്ത വിത്തുകള്‍ ലഭ്യമല്ലെങ്കില്‍ ഉയര്‍ന്ന വിളവ് ലഭിക്കുന്ന പ്രാദേശികമായ ഇനങ്ങള്‍ പോളിഹൗസില്‍ നടാവുന്നതാണ്. നടാനുപയോഗിക്കുന്ന വിത്തിന്റെ ഗുണവും ഭാരവും തൈകള്‍ തമ്മിലുള്ള അകലവുമൊക്കെ ആശ്രയിച്ചാണ് വിത്ത് മുളയ്ക്കാനുള്ള സാധ്യത കണക്കാക്കുന്നത്.

ആരോഗ്യമുള്ള വിത്തുകള്‍ ആഴമില്ലാത്ത കുഴികളില്‍ വെച്ച ശേഷം ചാണകപ്പൊടിയോ കമ്പോസ്റ്റും ട്രൈക്കോഡെര്‍മയും ചേര്‍ത്ത മിശ്രിതമോ ജൈവവളമായി ചേര്‍ത്ത മണ്ണ് ഉപയോഗിച്ച് വിത്തുകള്‍ മൂടിയിടണം. വെള്ളം നന്നായി ലഭിച്ചാല്‍ വിത്തുകള്‍ പെട്ടെന്ന് മുളച്ച് നല്ല വളര്‍ച്ചയുണ്ടാകുമെങ്കിലും അമിതമായി നനയ്ക്കരുത്. പോളിഹൗസില്‍ വിത്തുകള്‍ നടുന്നതിന് മുമ്പ് ആദ്യത്തെ ജലസേചനം നടത്തും. വിത്ത് പാകിയ ശേഷവും നന്നായി ഈര്‍പ്പം നല്‍കും.

വിത്ത് പാകിയാലുടന്‍ പുതയിടല്‍ നടത്താറുണ്ട്. പിന്നീട് 40 ദിവസങ്ങള്‍ കഴിഞ്ഞ ശേഷം രണ്ടാമത്തെ പുതിയിടലും അടുത്തത് 50 ദിവസങ്ങള്‍ക്ക് ശേഷവും നടത്തും. പച്ചിലകള്‍ കൊണ്ട് പുതയിടുന്നത് നല്ലതാണ്. വിത്ത് എളുപ്പത്തില്‍ മുളയ്ക്കാന്‍ ഇത് സഹായിക്കും. ഓരോ തവണ പുതയിടല്‍ നടത്തിയാലും പച്ചച്ചാണക സ്‌ളറി ഒഴിച്ചുകൊടുക്കുന്നത് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് പോഷകങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.

പോളിഹൗസില്‍ വളര്‍ത്തിയാലും ഏകദേശം ഏഴു മുതല്‍ ഒമ്പതു മാസങ്ങള്‍ കൊണ്ട് വിളവെടുപ്പിന് പാകമാകും. ഉപയോഗിക്കുന്ന വിത്തിന്റെ ഇനങ്ങള്‍ക്കനുസരിച്ച് വിളവെടുപ്പിന്റെ കാലാവധിയും മാറും. വിളവെടുത്ത ശേഷം നന്നായി കഴുകണം. ഒരേക്കറില്‍ നിന്ന് കിട്ടാവുന്ന ശരാശരി വിളവ് 10 ടണ്ണാണ്.

click me!