പച്ചക്കറിയും പഴങ്ങളും എല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്യും, നൂറിലധികം ഇനങ്ങളുമായി വീട്ടുദ്യാനം

By Web TeamFirst Published Sep 5, 2021, 3:50 PM IST
Highlights

നഗരത്തിലുള്ള പലര്‍ക്കും ഇവ നട്ടുവളര്‍ത്താനായിട്ടുള്ള തോട്ടം ഇല്ലാ എന്നത് ഒരു വസ്തുതയാണ്. അതിനാല്‍ തന്നെ വീടിന് അപകടമുണ്ടാക്കാത്ത തരത്തിലുള്ള ടെറസ് കൃഷിയാണ് അനുയോജ്യം.

പുഷ്പ സാഹുവിന്റെ റായ്പൂരിലെ വീടിന്റെ ടെറസിലുടനീളം വ്യാപിച്ചുകിടക്കുന്ന ഉദ്യാനത്തിൽ നൂറിലധികം ഇനം മരങ്ങളും ചെടികളും ഉണ്ട്. കുടുംബത്തിന്റെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ഇവിടെ നിന്നാണ് ലഭിക്കുന്നത്. ഇവിടെ ഏകദേശം 10 തരം പഴങ്ങളും 12 തരം ഔഷധ സസ്യങ്ങളും വളരുന്നുണ്ട്. പേരയ്ക്ക, മാങ്ങ, നാരങ്ങ, ആപ്പിൾ, പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, നെല്ലിക്ക, കൂടാതെ തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ 20 -ലധികം പച്ചക്കറികളും ഈ സ്ഥലത്തുണ്ട്. ഇതിനൊപ്പം ചില അലങ്കാര ചെടികളും, മല്ലി, ചീര, ഉലുവ തുടങ്ങിയ ഇലക്കറികളും ഒക്കെ ഇവിടെ വളരുന്നു. 

2013 മുതല്‍ പുഷ്പ ഈ തോട്ടം പരിപാലിക്കുന്നു. മാര്‍ക്കറ്റില്‍ പോവാതെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ നട്ടുണ്ടാക്കുന്നു. ചിലപ്പോള്‍ കീടങ്ങളും മറ്റും ആക്രമിക്കാതിരിക്കാന്‍ കീടനാശിനി ചെറുതായി ഉപയോഗിക്കേണ്ടി വരും. എന്നാല്‍, പുറത്ത് നിന്ന് കിട്ടുന്ന മിക്ക പച്ചക്കറികളിലും ആവശ്യത്തിലധികം കീടനാശിനി പ്രയോഗിക്കുന്നു എന്ന് പുഷ്പ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് സ്വന്തമായി പച്ചക്കറികളും പഴങ്ങളും നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത്. 

നഗരത്തിലുള്ള പലര്‍ക്കും ഇവ നട്ടുവളര്‍ത്താനായിട്ടുള്ള തോട്ടം ഇല്ലാ എന്നത് ഒരു വസ്തുതയാണ്. അതിനാല്‍ തന്നെ വീടിന് അപകടമുണ്ടാക്കാത്ത തരത്തിലുള്ള ടെറസ് കൃഷിയാണ് അനുയോജ്യം. വിവിധ വലിപ്പത്തിലുള്ള ഡ്രമ്മുകളിലാണ് ചെടികള്‍ നടുന്നത്. ഇതിനുപുറമേ, തുളസി, കറ്റാർവാഴ, ശതാവരി തുടങ്ങിയ ഔഷധ സസ്യങ്ങൾ ചെറിയ വലുപ്പത്തിലുള്ള ഗ്രോ ബാഗുകളിൽ എളുപ്പത്തിൽ വളർത്താം. 

ഇത് വീട്ടിലുള്ളവര്‍ക്ക് വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ സഹായിക്കുന്നു. ഒപ്പം തന്നെ വലിയൊരു പണം അതിനായി മാര്‍ക്കറ്റില്‍ ചെലവിടേണ്ടിയും വരുന്നില്ലെന്നും പുഷ്പ പറയുന്നു. വീട്ടിലൊരു തോട്ടം വേണമെന്ന് തോന്നിയാല്‍ ഒന്നും നോക്കണ്ട. ഉടനടി തുടങ്ങിക്കോ എന്നാണ് പുഷ്പയ്ക്ക് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള ഉപദേശം. 

click me!