ബീറ്റ്‌റൂട്ടിന്റെ ഇലകള്‍ വിളവെടുക്കാം; പോഷകസമൃദ്ധമായ വിഭവങ്ങള്‍ തയ്യാറാക്കാം

By Web TeamFirst Published Dec 15, 2020, 11:19 AM IST
Highlights

നല്ല വെയിലുള്ളപ്പോളാണ് ഇലകള്‍ പറിച്ചെടുക്കുന്നതെങ്കില്‍ ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇറക്കിവെക്കണം. 

ബീറ്റ്‌റൂട്ട് തോരന്‍ ഉണ്ടാക്കാന്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, വിറ്റാമിന്‍ എയും കാല്‍സ്യവും അടങ്ങിയിട്ടുള്ള ഇലകള്‍ പറിച്ചെറിഞ്ഞ് കളയേണ്ട കാര്യമുണ്ടോ? ആവിയില്‍ വേവിച്ചോ ബട്ടറും വെളുത്തുള്ളിയും ചേര്‍ത്ത് വറുത്തെടുത്തോ സൂപ്പിലും സ്റ്റൂവിലുമൊക്കെ ചേരുവയായി യോജിപ്പിച്ചോ ബീറ്റ്‌റൂട്ടിന്റെ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇളംപ്രായത്തിലുള്ള ഇലകള്‍ സാലഡില്‍ ഉള്‍പ്പെടുത്തിയാല്‍ രുചികരവും ആകര്‍ഷകവുമായിരിക്കും.

വളര്‍ത്താനുപയോഗിക്കുന്ന ഇനങ്ങള്‍ക്കനുസരിച്ച് വിളവെടുക്കാന്‍ പറ്റുന്ന ഇലകളുടെ അളവും വ്യത്യാസപ്പെടും. വേര് ബീറ്റ്‌റൂട്ടിന്റെ രൂപത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഇലകള്‍ വിളവെടുത്ത് ഉപയോഗിക്കാം. ബീറ്റ്‌റൂട്ടിന്റെ വിത്ത് കുഴിച്ചിട്ടാല്‍ തൈകള്‍ വളരെ അടുത്തടുത്തായി വളരും. ഇളംപ്രായത്തിലുള്ള തൈകള്‍ ഈ കൂട്ടത്തില്‍ നിന്ന് പറിച്ചുമാറ്റി ആരോഗ്യമുള്ള തൈകള്‍ മാത്രം നിലനിര്‍ത്തിയാല്‍ ബീറ്റ്‌റൂട്ടുകള്‍ക്ക് വലുതായി വളരാനുള്ള സ്ഥലം ലഭിക്കും. അതോടൊപ്പം ഈ  പറിച്ചുമാറ്റിയ തൈകളില്‍നിന്നുള്ള ഇലകള്‍ ആഹാരമാക്കുകയും ചെയ്യാം.

നല്ല വെയിലുള്ളപ്പോളാണ് ഇലകള്‍ പറിച്ചെടുക്കുന്നതെങ്കില്‍ ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇറക്കിവെക്കണം. പൂര്‍ണവളര്‍ച്ചയെത്താത്ത വേരുകളും പാചകാവശ്യത്തിനായി ഉപയോഗിക്കാം. ഇലകള്‍ അമിതമായി പറിച്ചെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇലകള്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ചെടിയുടെ വളര്‍ച്ചയ്ക്കും വേരുകള്‍ പൂര്‍ണവളര്‍ച്ചയെത്താനും ആവശ്യമാണ്.

ബീറ്റ്‌റൂട്ട് വിളവെടുക്കാനായി വളര്‍ത്തുന്ന ചെടികളില്‍ നിന്ന് ഇലകള്‍ പറിച്ചെടുക്കുമ്പോള്‍ ഒന്നോ രണ്ടോ പുറംഭാഗത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന ഇലകള്‍ മാത്രമേ പറിച്ചെടുക്കാവൂ. ഉള്‍ഭാഗത്തുള്ള ഇലകള്‍ നശിപ്പിക്കാതെ വളരാന്‍ അനുവദിക്കണം.

click me!