വെള്ളത്തില്‍ വേര് പിടിപ്പിച്ച് വളര്‍ത്താവുന്ന ചെടികള്‍

By Web TeamFirst Published Jul 30, 2020, 10:29 AM IST
Highlights

ആറ് ഇഞ്ച് നീളമുള്ള തണ്ടുകള്‍ എടുത്ത് താഴെ നിന്ന് 10 സെ.മീ ഉയരത്തിലുള്ള ഇലകള്‍ നീക്കം ചെയ്യുക. വലിയ വായവട്ടമുള്ള ജാറോ ശുദ്ധമായ വെള്ളം നിറച്ച ഗ്ലാസോ എടുക്കണം. 

ചെടികള്‍ വളരണമെങ്കില്‍ വെള്ളം ആവശ്യമാണ്. എന്നാല്‍, വെള്ളത്തില്‍ തന്നെ വേര് പിടിച്ച് വളരുന്ന ചില ചെടികളുണ്ട്. മിക്കവാറും എല്ലാ ചെടികളും നഗരങ്ങളില്‍ പൈപ്പ് വഴി കിട്ടുന്ന വെള്ളത്തില്‍ വളരാറുണ്ട്. വെള്ളം കുടിക്കാനുപയോഗിക്കുന്ന ഗ്ലാസിലും ചെറിയ ഗ്ലാസ് പാത്രങ്ങളിലുമെല്ലാം ചെടികളുടെ തണ്ടുകള്‍ വേര് പിടിപ്പിക്കാന്‍ കഴിയും. വീട്ടിനകത്ത് വെച്ചാലും നല്ല വെളിച്ചമുള്ള സ്ഥലം തിരഞ്ഞെടുത്ത് വളര്‍ത്താന്‍ ശ്രദ്ധിക്കണം.

വെള്ളത്തില്‍ വളര്‍ത്തുമ്പോഴുള്ള ഗുണത്തില്‍ പ്രധാനം മണ്ണിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാമെന്നതാണ്. ശുദ്ധമായ വെള്ളത്തില്‍ കുമിള്‍രോഗങ്ങളോ മറ്റുള്ള രോഗാണുക്കളോ കടന്നുവരാറില്ല. കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റിയാല്‍ ചെടി നശിച്ചുപോകില്ല. വേര് പിടിച്ചുവന്നാല്‍ മണ്ണ് നിറച്ച ചെടിച്ചട്ടിയിലേക്ക് മാറ്റിനടാവുന്നതാണ്. രണ്ട് മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ട് വേര് പിടിപ്പിക്കാം.

പനിക്കൂര്‍ക്ക, കൃഷ്ണതുളസി, പുതിന, കര്‍പ്പൂരതുളസി, സ്റ്റീവിയ എന്നിവയെല്ലാം വെള്ളത്തില്‍ നിന്ന് വേര് പിടിപ്പിക്കാവുന്നതാണ്. അതുപോലെ പോത്തോസ്, സ്വീഡിഷ് ഐവി, ഗ്രേപ് ഐവി, ആഫ്രിക്കന്‍ വയലറ്റ്, ക്രിസ്മസ് കാക്റ്റസ്, പോള്‍ക്ക ഡോട്ട് പ്ലാന്റ് എന്നിവയെല്ലാം വെള്ളത്തില്‍ വളര്‍ത്തിയെടുക്കാം.

ഔഷധസസ്യങ്ങള്‍ വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍

ആറ് ഇഞ്ച് നീളമുള്ള തണ്ടുകള്‍ എടുത്ത് താഴെ നിന്ന് 10 സെ.മീ ഉയരത്തിലുള്ള ഇലകള്‍ നീക്കം ചെയ്യുക. വലിയ വായവട്ടമുള്ള ജാറോ ശുദ്ധമായ വെള്ളം നിറച്ച ഗ്ലാസോ എടുക്കണം. ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിക്കരുത്. ഇത്തരം വെള്ളത്തില്‍ സസ്യങ്ങള്‍ക്ക് വളരാനാവശ്യമായ ധാതുക്കള്‍ നഷ്ടമാകും. ഗ്ലാസിലെ വെള്ളം കൃത്യമായി മാറ്റിയില്ലെങ്കില്‍ ആല്‍ഗകള്‍ വളരാം.

വെള്ളം നിറച്ച പാത്രത്തില്‍ വെച്ച ശേഷം ചെടികള്‍ ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റണം. ഇലകള്‍ വളരുന്നതിനനുസരിച്ച് പറിച്ചുമാറ്റിയാല്‍ തണ്ടുകളില്‍ കൂടുതല്‍ ഇലകളുണ്ടാക്കാം. 


 

click me!