ബ്രഡ്‍ഫ്രൂട്ട് തന്നെ നമ്മുടെ കടച്ചക്ക; കൃഷി ചെയ്‍താല്‍ ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം

By Web TeamFirst Published Jul 6, 2020, 4:49 PM IST
Highlights

കടച്ചക്കയ്ക്ക് വിത്തുകളില്ലാത്തതുകൊണ്ട് വേരോടുകൂടിയ തണ്ടുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. 20 സെ.മീ നീളമുള്ള തണ്ടുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.
 

പഴമെന്ന രീതിയിലല്ലാതെ പച്ചക്കറിയായി ഉപയോഗിക്കപ്പെടുന്ന ബ്രഡ്ഫ്രൂട്ട് യഥാര്‍ഥത്തില്‍ നമ്മുടെ കടച്ചക്കയാണ്. മൊറേസി സസ്യകുടുംബത്തിലെ ആര്‍ട്ടോകാര്‍പസ് ജനുസില്‍പ്പെട്ട ചെടിയാണിത്. വറുത്തും ബേക്ക് ചെയ്തും വേവിച്ചുമെല്ലാം വിവിധ രീതിയില്‍ കടച്ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ട്. കന്നുകാലികള്‍ക്കുള്ള ആഹാരമായി ഇലകളും ഉപയോഗപ്പെടുത്തുന്നു. കേരളത്തിലും തെക്ക് പടിഞ്ഞാറന്‍ കൊങ്കണ്‍ തീരങ്ങളിലും നന്നായി കൃഷി ചെയ്യുന്ന കടച്ചക്കയുടെ കൃഷിരീതികളെപ്പറ്റി അറിയാം.

ഊര്‍ജദായകമായ കടച്ചക്കയ്ക്ക് നിരവധി പോഷകഗുണങ്ങളുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലുണ്ട്. ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ഒമേഗ സിക്‌സ് ഫാറ്റി ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പല്ല് വേദനയ്ക്ക് ആശ്വാസം തരാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇതിലുണ്ട്. ചര്‍മരോഗങ്ങളെ തടയാനും തലമുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

 

കൃഷിരീതിയും പരിചരണവും

ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കടച്ചക്ക ഏറ്റവും നന്നായി വളരുന്നത്. 20 ഡിഗ്രി സെല്‍ഷ്യസിനും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയുള്ള സ്ഥലങ്ങളും വാര്‍ഷികമായി ലഭിക്കുന്ന മഴയുടെ ലഭ്യത 150 സെ.മീ മുതല്‍ 250 സെ.മീ വരെയുള്ളതുമായ പ്രദേശങ്ങളുമാണ് കൃഷിക്ക് ഏറ്റവും യോജിച്ചത്.

തൈകള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ പകുതി തണലാണ് നല്ലതെങ്കിലും പൂര്‍ണവളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ നേരിട്ടുള്ള സൂര്യപ്രകാശം ധാരാളമായി ലഭിക്കണം.

കടച്ചക്കയ്ക്ക് വിത്തുകളില്ലാത്തതുകൊണ്ട് വേരോടുകൂടിയ തണ്ടുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. 20 സെ.മീ നീളമുള്ള തണ്ടുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് കടച്ചക്ക കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം. 60 സെ.മീ നീളവും 60 സെ.മീ വീതിയും 60 സെ.മീ ആഴവുമുള്ള കുഴിയെടുക്കണം. ഓരോ ചെടിയും തമ്മില്‍ 12 മീറ്റര്‍ അകലം വേണം. ഒരു മരത്തിന് 25 കി.ഗ്രാം എന്ന അളവില്‍ ജൈവവളം ആവശ്യമുണ്ട്. പ്രത്യേക വളങ്ങളൊന്നും നിര്‍ബന്ധമില്ല. എന്നിരുന്നാലും ഒരു ചെടിയുടെ വളര്‍ച്ചാഘട്ടത്തില്‍  7:10:5 എന്ന അനുപാതത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്‍കണം.

തൈകള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങുമ്പോള്‍ തന്നെ ജലസേചനം നടത്തണം. വേനല്‍ക്കാലത്ത് നന്നായി വെള്ളം ആവശ്യമുണ്ട്.

മണ്ണിലെ പോഷകങ്ങളുടെയും നടാനുപയോഗിക്കുന്ന തൈകളുടെ ആരോഗ്യത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്ന് മുതല്‍ ആറുവരെ വര്‍ഷങ്ങള്‍ കൊണ്ടാണ് കടച്ചക്ക പൂര്‍ണവളര്‍ച്ചയെത്തി ഫലം നല്‍കുന്നത്. ചക്കയുണ്ടാകാന്‍ തുടങ്ങിയാല്‍ മൂന്ന് മാസം കഴിഞ്ഞാണ് വിളവെടുക്കുന്നത്. ഒരു വര്‍ഷത്തില്‍ ഏകദേശം 600 മുതല്‍ 2000 വരെ കടച്ചക്കകള്‍ ഒരു മരത്തില്‍ നിന്ന് ലഭിക്കും. ഓരോന്നിനും ഏകദേശം ഒന്നുമുതല്‍ അഞ്ചുകിലോഗ്രാം വരെ ഭാരമുണ്ടായിരിക്കും.
 

click me!