ബ്രൊക്കോളി വളർത്താം വീടിനുള്ളിലും, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

By Web TeamFirst Published Mar 6, 2022, 1:56 PM IST
Highlights

രണ്ടോ മൂന്നോ ജോഡി ഇലകള്‍ വരുന്നതുവരെ ഈര്‍പ്പം നിലനിര്‍ത്തണം. ചെടിക്ക് ആറിഞ്ച് ഉയരമെത്തിയാല്‍ പറിച്ചുമാറ്റി നടാം. ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യമായി നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതും കാറ്റ് വീശാത്തതുമായ സ്ഥലത്ത് അരമണിക്കൂര്‍ ചെടി വളര്‍ത്തുന്ന പാത്രം വെക്കണം. 

ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറ്റലിക്കാര്‍ ബ്രൊക്കോളി(Broccoli) കൃഷി ആരംഭിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. കാബേജിന്റെയും കോളിഫ്‌ളവറിന്റെയും കുടുംബക്കാരനാണ് ബ്രൊക്കോളിയും. നാരുകളും കാല്‍സ്യവും അയേണും പൊട്ടാസ്യവും വിറ്റാമിന്‍ എയും സിയും പൊട്ടാസ്യവും അടങ്ങിയ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ബ്രൊക്കോളി ശീതകാല പച്ചക്കറിവിളയാണ്. വിത്ത് മുളപ്പിച്ച് ഇന്‍ഡോര്‍ ആയി വളര്‍ത്താന്‍ പറ്റിയ വിള തന്നെയാണ് ഇത്.

നിരവധിയിനങ്ങള്‍ ബ്രൊക്കോളിയിലുണ്ട്. കാലബ്രേസ് എന്നയിനത്തില്‍പ്പെട്ട ബ്രൊക്കോളി 50 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാന്‍ പാകമാകുന്നതാണ്. മറ്റൊരിനമായ റോയല്‍ ടെന്‍ഡെറേറ്റ് വിളവെടുക്കാന്‍ 60 ദിവസങ്ങള്‍ ആവശ്യമുള്ള വിളയാണ്. 50 ദിവസങ്ങളെടുത്താണ് 'വാല്‍ത്തം 29' എന്ന ഇനം പൂര്‍ണവളര്‍ച്ചയെത്തുന്നത്.

വിത്ത് മുളപ്പിക്കാനുള്ള ട്രേയും പോട്ടിങ്ങ് മിശ്രിതവും വളരാനുള്ള വെളിച്ചവും ഉണ്ടെങ്കില്‍ ബ്രൊക്കോളി വീട്ടിനുള്ളിലും വളര്‍ത്താം. വിത്തിന്റെ ട്രേയില്‍ പോട്ടിങ്ങ് മിക്‌സ് നിറച്ച് അര ഇഞ്ച് ആഴത്തില്‍ വിതച്ചാല്‍ മതി. സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് വിത്ത് മുളയ്ക്കുന്നത് വരെ ഇര്‍പ്പം നിലനിര്‍ത്തണം. അഞ്ചോ പത്തോ ദിവസങ്ങള്‍ക്കുള്ളില്‍ വിത്ത്  മുളയ്ക്കും. മുളച്ചശേഷം എട്ടോ പത്തോ ദിവസം സൂര്യപ്രകാശമുള്ള സ്ഥലത്ത് ട്രേ വെക്കണം .

രണ്ടോ മൂന്നോ ജോഡി ഇലകള്‍ വരുന്നതുവരെ ഈര്‍പ്പം നിലനിര്‍ത്തണം. ചെടിക്ക് ആറിഞ്ച് ഉയരമെത്തിയാല്‍ പറിച്ചുമാറ്റി നടാം. ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യമായി നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതും കാറ്റ് വീശാത്തതുമായ സ്ഥലത്ത് അരമണിക്കൂര്‍ ചെടി വളര്‍ത്തുന്ന പാത്രം വെക്കണം. അടുത്ത ദിവസം ഒരു മണിക്കൂര്‍ ഇതുപോലെ വെക്കണം. അങ്ങനെ അടുത്തടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സമയം ചെടി വളര്‍ത്തുന്ന പാത്രം പുറത്ത് വെച്ച് അന്തരീക്ഷവുമായി പൊരുത്തപ്പെടണം. പുറത്തേക്ക് നടുമ്പോള്‍ എട്ടുമണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കണം.

മണ്ണിന് നല്ല നീര്‍വാര്‍ച്ചയും പി.എച്ച് മൂല്യം 6.0 നും 7.0 നും ഇടയിലുമായിരിക്കണം. ആവശ്യത്തിന് നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും ലഭിച്ചാല്‍ ചെടി വളരെ നന്നായി വളരുകയും നല്ല ഗുണമേന്‍മയുള്ള ബ്രൊക്കോളി ലഭിക്കുകയും ചെയ്യും.

click me!