ചെമ്പങ്കായ അഥവാ ഹെയ്‌സല്‍നട്ട്; ചോക്ലേറ്റ് പ്രേമികള്‍ക്ക് പ്രിയമുള്ള മരം

By Web TeamFirst Published Nov 8, 2020, 4:07 PM IST
Highlights

വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നതാണ് ഏറ്റവും എളുപ്പം.ദിവസത്തില്‍ കുറഞ്ഞത് നാല് മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാലാണ് ഗുണമേന്മയുള്ള കായകള്‍ ഉത്പാദിപ്പിക്കുകയുള്ളു.

ചോക്ലേറ്റ് കേക്കിന്റെ മുകളില്‍ പൊടിച്ച് വിതറുന്ന രുചികരമായ ഹെയ്‌സല്‍ നട്ട് (Hazelnut) മധുരപ്രേമികള്‍ക്ക് പ്രിയങ്കരമാണ്. കോറിലസ് ജനുസില്‍പ്പെട്ട ഭക്ഷ്യയോഗ്യമായ കായയാണ് ചെമ്പങ്കായ അഥവാ ഹെയ്‌സല്‍നട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. താരതമ്യേന എളുപ്പത്തിലും വേഗത്തിലും വളരുന്ന ഈ മരം മറ്റുള്ള അണ്ടിപ്പരിപ്പ് വര്‍ഗത്തിലുള്ള കായകള്‍ ഉത്പാദിപ്പിക്കുന്ന മരങ്ങള്‍ക്ക് ആവശ്യമുള്ളത്ര സ്ഥലം വളരാന്‍ ഉപയോഗപ്പെടുത്തുന്നുമില്ല. കൃഷി ചെയ്യുന്ന ഇനങ്ങളിലുള്ള വ്യത്യാസമനുസരിച്ച് ഈ മരം എട്ട് മുതല്‍ 20 അടി വരെ ഉയരത്തില്‍ വളരും. വളരെ വലുപ്പത്തില്‍ വളരാത്തതുകൊണ്ടും എളുപ്പത്തില്‍ കൊമ്പുകോതല്‍ നടത്താന്‍ കഴിയുന്നതുകൊണ്ടും കുറഞ്ഞ കൃഷിഭൂമിയുള്ളവര്‍ക്കും ചെമ്പങ്കായ വളര്‍ത്തി വിളവെടുക്കാം.

തണുപ്പുള്ള ഇലകള്‍ പൊഴിക്കുന്ന കാടുകളിലാണ് ഈ ചെടി ധാരാളമായി വളര്‍ന്നിരുന്നത്. ബൈബിളില്‍ ഈ മരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പോഷകഗുണത്തെക്കുറിച്ച് പുരാതന ഗ്രീക്കിലെയും റോമിലെയും പുരാണങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. കായയുടെ ഉള്ളിലുള്ള പരിപ്പ് ഭക്ഷ്യയോഗ്യമായതുകൊണ്ടാണ് വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതെങ്കിലും ഈ മരത്തിന്റെ തടി കുട്ടകള്‍ നിര്‍മിക്കാനും വേലി കെട്ടാനും ഒരുതരം വള്ളം നിര്‍മിക്കാനും ഉപയോഗിക്കാറുണ്ട്. അതുപോലെ കായയില്‍ നിന്നുണ്ടാക്കുന്ന എണ്ണ ഭക്ഷണത്തിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഉപയോഗിക്കുന്നു. ചോക്കളേറ്റ് നിര്‍മിക്കുമ്പോള്‍ ഹെയ്‌സല്‍നട്ട് വളരെ പ്രധാനപ്പെട്ട ചേരുവയാണ്.

വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നതാണ് ഏറ്റവും എളുപ്പം.ദിവസത്തില്‍ കുറഞ്ഞത് നാല് മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാലാണ് ഗുണമേന്മയുള്ള കായകള്‍ ഉത്പാദിപ്പിക്കുകയുള്ളു. അതുപോലെ 15 മുതല്‍ 20 അടി വരെ അകലം നല്‍കിയാണ് തൈകള്‍ നടേണ്ടത്. മണ്ണിന്റെ പി.എച്ച് മൂല്യം 5.5നും 7.5നും ഇടയിലായിരിക്കണം.

ആണ്‍പൂക്കളും പെണ്‍പൂക്കളും ഒരേ മരത്തില്‍ തന്നെ വിരിയുമെങ്കിലും ഒരേ സമയത്തായിരിക്കില്ല പൂക്കളുണ്ടാകുന്നത്. അമേരിക്കന്‍ ഹെയ്‌സല്‍ നട്ട് സ്വപരാഗണം നടക്കുന്നയിനമാണ്. എന്നാല്‍, യൂറോപ്യന്‍ ഹെയ്‌സല്‍ നട്ടില്‍ ഒരേ ചെടിയില്‍ത്തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും വിരിയുമെങ്കിലും സ്വപരാഗണം നടക്കില്ല. തൈകള്‍ നടുമ്പോള്‍ പരാഗണം ഫലപ്രദമായി നടത്താനായി ഒന്നില്‍ക്കൂടുതല്‍ ഇനങ്ങള്‍ തെരഞ്ഞെടുത്ത് വളര്‍ത്തുന്നതാണ് നല്ലത്.

നഴ്‌സറിയില്‍ നിന്ന് വേരുള്ള ചെടികള്‍ വാങ്ങി വളര്‍ത്തുകയാണെങ്കില്‍ നടുന്നതിന് മുമ്പായി വേരുകള്‍ നനയ്ക്കണം. അതിനുശേഷം ആഴത്തിലുള്ളതും വേരുപടലത്തേക്കാള്‍ ഇരട്ടി വീതിയുള്ളതുമായ കുഴികളിലേക്ക് തൈകള്‍ നടാം. കമ്പോസ്റ്റും മണലും ഒരേ അളവില്‍ ഈ കുഴികളില്‍ നിറയ്ക്കാം. നട്ട ശേഷം ആഴത്തില്‍ നനയ്ക്കണം. വളരാന്‍ തുടങ്ങിയാല്‍ വര്‍ഷത്തില്‍ 14 ഇഞ്ച് വരെ വളര്‍ച്ചയുണ്ടാകും.

പൂര്‍ണവളര്‍ച്ചയെത്തിയ മരങ്ങള്‍ വരള്‍ച്ചയെ അതിജീവിക്കാന്‍ ശേഷിയുള്ളതാണെങ്കിലും കുറ്റിച്ചെടിയായിരിക്കുന്ന കാലയളവില്‍ കൃത്യമായ ഈര്‍പ്പം ലഭിക്കണം. ഒരിക്കലും പൂര്‍ണമായും ഉണങ്ങിപ്പോകാന്‍ പാടില്ല.

കുറ്റിച്ചെടിയായും മരമായും വളര്‍ത്തിയെടുക്കാമെന്നതാണ് ഈ ചെടിയുടെ പ്രത്യേകത. നാലോ അതിലധികമോ വര്‍ഷങ്ങളെടുത്താണ് ചെടികള്‍ കായകള്‍ ഉത്പാദിപ്പിക്കുന്നത്. വിളവെടുക്കാന്‍ പ്രായമായാല്‍ പഴുത്ത് ശാഖകളില്‍ നിന്നും താഴെ വീഴാന്‍ തുടങ്ങും. മരത്തിന്റെ താഴെ ഷീറ്റ് വിരിച്ചിട്ടാല്‍ ഇപ്രകാരം വീഴുന്ന പഴങ്ങള്‍ വൃത്തിയായി ശേഖരിക്കാം. ഇത് ചൂടുള്ള സ്ഥലത്ത് ട്രേകളില്‍ നിരത്തി രണ്ടുദിവസം കൂടുമ്പോള്‍ തിരിച്ചും മറിച്ചും വെക്കണം. ഉണങ്ങിയ പുറംതോടിനുള്ളില്‍ ഈ പരിപ്പ് മാസങ്ങളോളം കേടുകൂടാതെ നിലനില്‍ക്കും. 


 

click me!