കാന്താരി കൃഷി ചെയ്യാം സിമ്പിളായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലയാളികളുടെ ഭക്ഷണ സംസ്കാരത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് കാന്താരി മുളക്. കാന്താരി കൃഷിയെ അറിയാം. എങ്ങനെയാണ് കാന്താരി കൃഷി ചെയ്യുന്നത്?

നല്ല സൂര്യപ്രകാശം ഉള്ള കൃഷിയിടങ്ങളാണ് കാന്താരി നടാൻ ഉത്തമം. ഉഷ്ണകാല വിളയായതിനാല്‍ 20-30 ഡിഗ്രി താപനിലയില്‍ നന്നായി വളരും. നല്ല വളക്കൂറുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് യോജിച്ചത്. പി.എച്ച്. 6.5-നും ഏഴിനും ഇടയിലുള്ള മണ്ണില്‍ നന്നായി വളരും. തനി വിളയായോ ഇടവിളയായോ കൃഷി ആരംഭിക്കാം
35 മുതൽ 40 ദിവസം വരെ പ്രായമായ തൈകളാണ് നടീലിന് ഉപയോഗിക്കാറ്. രണ്ടടി അകലത്തില്‍ ചാലെടുത്ത് അടിവളമായി ചാണകമോ കമ്പോസ്റ്റോ, രാസവളങ്ങളായി യൂറിയ, രാജ് ഫോസ് മുതലായവയോ ചേർക്കാം. വരള്‍ച്ചയെ അതിജീവിക്കാന്‍ കാന്താരി ചെടികൾക്ക് കഴിയുമെങ്കിലും നല്ല വിളവ് ലഭിക്കാന്‍ ജലസേചനം ആവശ്യമാണ്. ചെടികൾ വളരുന്നതനുസരിച്ച് കളകള്‍ നീക്കം ചെയ്ത് കൊടുക്കണം. അതോടൊപ്പം മണ്ണ് ചുവട്ടിലേക്ക് കയറ്റി കൊടുക്കുകയും വേണം.
മാസംതോറും രാസവളമിശ്രിതമോ ജൈവ കൃഷിയാണെങ്കില്‍ ജൈവ വളക്കൂട്ടുകളോ ഓരോ ചെടിക്കും നല്‍കാം. നടീല്‍ കഴിഞ്ഞ് രണ്ടു മാസത്തിനകം പൂവിട്ട് മൂന്നാം മാസം മുതല്‍ വിളവു തരാന്‍ തുടങ്ങും. രണ്ടാഴ്ച ഇടവിട്ട് വിളവെടുക്കാം.
ചെടി ഒന്നില്‍ നിന്നും 200 ഗ്രാം വരെ മുളക് ഒരു വിളവെടുപ്പില്‍ ലഭിക്കും. ഒരു വര്‍ഷം രണ്ട്-മൂന്ന് കിലോ ഗ്രാം എന്ന തോതില്‍ നാല്-അഞ്ചു വര്‍ഷം വരെ വിളവ് ലഭിക്കും. മുഞ്ഞ, ഇലപ്പേന്‍, വെള്ളീച്ച തുടങ്ങിയ കീടങ്ങള്‍ക്കെതിരേ ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാം.
വാതരോഗം, വായുക്ഷോഭം, അജീര്‍ണം, പൊണ്ണത്തടി എന്നിവയ്ക്കുള്ള ഔഷധമായ കാന്താരി കൊളസ്ട്രോൾ കുറയ്ക്കാനും രക്തശുദ്ധീകരണത്തിനും ഹൃദയ ആരോഗ്യത്തിനും വരെ നല്ലതാണ് എന്ന് പറയപ്പെടുന്നു.

