Latest Videos

പച്ചോളിയില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കാം; വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്‍താല്‍ വന്‍ലാഭം

By Web TeamFirst Published Aug 5, 2020, 10:31 AM IST
Highlights

ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്‍മാര്‍, കമ്പോഡിയ, മാലിദ്വീപ്, മലേഷ്യ, മൗറീഷ്യസ്, മഡഗാസ്‌കര്‍, തായ്‍വാന്‍, ഫിലിപ്പീന്‍സ്, തായ്‌ലാന്റ്, വിയറ്റ്‌നാം, സൗത്ത് അമേരിക്ക, കരീബിയ എന്നിവിടങ്ങളിലാണ് നിലവില്‍ പച്ചോളി കൃഷി ചെയ്യുന്നത്.

വിപണിയില്‍ വില അല്‍പം കൂടുതലാണെങ്കിലും പച്ചോളിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഔഷധഗുണങ്ങള്‍ നിരവധിയാണ്.
സുഗന്ധദ്രവ്യങ്ങളും സോപ്പുകളും മരുന്നുകളുമെല്ലാം നിര്‍മിക്കാന്‍ ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്. ഫിലിപ്പീന്‍സ് ആണ് ഈ ചെടിയുടെ ജന്മദേശം. പുതിനയുടെ കുടുംബത്തില്‍പ്പെട്ട ചെറിയ കുറ്റിച്ചെടിയായി വളരുന്ന ചെടിയാണിത്. മൂന്നടി ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ ചെറുതും മങ്ങിയ പിങ്കും വെളുപ്പും കലര്‍ന്ന നിറത്തിലുള്ളതുമായ പൂക്കളുണ്ടാകുന്നു. ഇതില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയുടെ ഡിമാന്റ് കാരണം പല ഏഷ്യന്‍ രാജ്യങ്ങളും പച്ചോളിയുടെ കൃഷി ആരംഭിച്ചിട്ടുണ്ട്.

 

ഒരു കിലോ എണ്ണയ്ക്ക് 1200 മുതല്‍ 1250 രൂപ വരെ വിപണിയില്‍ വിലയുണ്ട്. ഇന്ത്യയില്‍ ലക്‌നൗവിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനല്‍ ആന്‍ഡ് ആരോമാറ്റിക് ക്രോപ്‍സ് 'സമര്‍ഥ്' എന്ന പേരില്‍ ഉയര്‍ന്ന വിളവ് തരുന്ന പുതിയ ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എണ്ണയ്ക്ക് ഡിമാന്റുള്ളതുകൊണ്ടുതന്നെ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്‍താല്‍ വന്‍ലാഭം നേടാന്‍ കഴിയും.

ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്‍മാര്‍, കമ്പോഡിയ, മാലിദ്വീപ്, മലേഷ്യ, മൗറീഷ്യസ്, മഡഗാസ്‌കര്‍, തായ്‍വാന്‍, ഫിലിപ്പീന്‍സ്, തായ്‌ലാന്റ്, വിയറ്റ്‌നാം, സൗത്ത് അമേരിക്ക, കരീബിയ എന്നിവിടങ്ങളിലാണ് നിലവില്‍ പച്ചോളി കൃഷി ചെയ്യുന്നത്.

ലാമിയേസിയേ കുടുംബത്തില്‍പ്പെട്ട പച്ചോളിയില്‍ നിന്നുണ്ടാക്കുന്ന തൈലം വേദനസംഹാരിയായും ചര്‍മ സംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇലകള്‍ ഔഷധച്ചായ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. മുറിവുണക്കാനുള്ള കഴിവും ശരീരഭാരം കുറയ്ക്കാനുള്ള കഴിവും ഈ എണ്ണയ്ക്കുണ്ട്. കുമിള്‍നാശിനിയായും കീടനാശിനിയായും എണ്ണ ഉപയോഗിക്കുന്നവരുണ്ട്. ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ് എന്നിവയ്‌ക്കെതിരെയുള്ള ചികിത്സയ്ക്കും ഈ എണ്ണ ഫലപ്രദമാണ്.

വ്യത്യസ്‍ത ഇനത്തില്‍പ്പെട്ട ഈ ഔഷധസസ്യങ്ങളില്‍ ജാവ, ജോഹോറെ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ എന്നിവയാണ് സാധാരണയായി കൃഷി ചെയ്യുന്നത്. ജോഹോറെ എന്ന ഇനത്തിലാണ് ഏറ്റവും ഗുണനിലവാരമുള്ള എണ്ണയുള്ളത്. എന്നാല്‍, മറ്റ് രണ്ടിനങ്ങളുമാണ് കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന ചെടിയാണിത്. പച്ചോളി ചെടികള്‍ ആര്‍ദ്രതയുള്ളതും അല്‍പം ചൂടുള്ളതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു. 150 മുതല്‍ 325 വരെ സെ.മീ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് അനുയോജ്യം. മഴ കുറവുള്ള സ്ഥലങ്ങളില്‍ ജലസേചനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൃഷി ചെയ്യാവുന്നതാണ്. 25 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയാണ് ചെടികള്‍ വളരാന്‍ നല്ലത്.

നല്ല ജൈവവളമുള്ള മണ്ണിലാണ് ചെടി വളര്‍ത്തേണ്ടത്. 5.5 മുതല്‍ 6.0 വരെ പി.എച്ച് മൂല്യമുള്ള മണ്ണിലാണ് കൃഷി ചെയ്യേണ്ടത്. നഴ്‌സറികളില്‍ വേര് പിടിപ്പിച്ച തൈകള്‍ വാങ്ങി കൃഷി ചെയ്യാവുന്നതാണ്.

തണ്ടില്‍ നിന്നും ആദ്യത്തെ മൂന്ന് ജോഡി ഇലകള്‍ ശ്രദ്ധയോടെ നീക്കം ചെയ്യണം. മൂന്ന് സെ.മീ അകലത്തില്‍ നഴ്‌സറിയിലെ ബെഡ്ഡില്‍ നടണം. നനച്ചശേഷം തണലില്‍ വെക്കണം. ഏകദേശം അഞ്ച് ആഴ്ചകള്‍ക്ക് ശേഷം വേരുകള്‍ മുളച്ച് വരും. ഒമ്പതോ പത്തോ ആഴ്ചകള്‍ കഴിഞ്ഞാല്‍ പ്രധാന കൃഷിത്തോട്ടത്തിലേക്ക് മാറ്റി നടാവുന്നതാണ്.

മണ്ണ് ഉഴുതുമറിക്കുമ്പോള്‍ ഒരു ഹെക്ടര്‍ ഭൂമിയില്‍ 15 മുതല്‍ 20 ടണ്‍ ചാണകപ്പൊടി ചേര്‍ക്കണം. വേര് പിടിപ്പിച്ച തൈകള്‍ പറിച്ചുമാറ്റുന്നതിന് മുമ്പ് നന്നായി നനയ്ക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് 28,000 വേര് പിടിപ്പിച്ച തൈകള്‍ നടാവുന്നതാണ്. 60 സെ.മീ അകലത്തിലാണ് നടേണ്ടത്.

യഥാസമയത്തുള്ള ജലസേചനം അത്യാവശ്യമാണ്. മലനിരകളില്‍ മഴയെ ആശ്രയിച്ചാണ് ഈ കൃഷി ചെയ്യുന്നത്. ആദ്യത്തെ 45 ദിവസങ്ങളില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോളും നനയ്ക്കണം.

 

നാല് മുതല്‍ ആറ് മാസങ്ങള്‍ കൊണ്ട് വിളവെടുക്കാം. ഇലകള്‍ മങ്ങിയ പച്ചനിറമാകുമ്പോഴോ ബ്രൗണ്‍ നിറമാകുമ്പോഴോ വിളവെടുപ്പിന് പാകമായെന്ന് മനസിലാക്കാം. അതിരാവിലെ തന്നെ വിളവെടുക്കുമ്പോള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാം. ഇളംതണ്ടുകളില്‍ നിന്നാണ് 30 മുതല്‍ 50 സെ.മീ നീളത്തില്‍ മുറിച്ചെടുക്കുന്നത്. ഇതില്‍ മൂന്ന് ജോഡി മൂപ്പെത്തിയ ഇലകളുണ്ടായിരിക്കണം.

മുറിച്ചെടുത്ത ഇലകളും തണ്ടുകളും നാല് ദിവസത്തോളം വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ച് ഉണക്കണം. ശരിയായ രീതിയില്‍ ഉണക്കിയെടുത്ത തണ്ടുകളില്‍ നിന്ന് നന്നായി എണ്ണ ലഭിക്കും. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും സാധാരണയായി രണ്ട് ടണ്‍ ഉണങ്ങിയ ഇലകളും 60 കി.ഗ്രാം എണ്ണയും ലഭിക്കും. 
 

click me!