വിളങ്കായ് അഥവാ വുഡ് ആപ്പിള്‍ ; മഴ കുറവുള്ള സ്ഥലങ്ങളില്‍ വളരുന്ന പഴം

By Web TeamFirst Published Jul 5, 2020, 10:33 AM IST
Highlights

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും വയറിലെ അള്‍സറിനെ പ്രതിരോധിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ ഒഴിവാക്കാനും തൊലിയുടെയും മുടിയുടെയും ആരോഗ്യത്തിനും രക്തസമര്‍ദം അകറ്റാനും സഹായിക്കുന്നു. ഇതിന്റെ ഇലകള്‍ സന്ധികളിലുണ്ടാകുന്ന വേദന അകറ്റാനും ഉപയോഗിക്കുന്നുണ്ട്.
 

ഓറഞ്ചിന്റെ വലുപ്പമുള്ള വിളങ്കായ് അഥവാ വിളാവ് എന്നറിയപ്പെടുന്ന പഴം നമ്മുടെ നാട്ടില്‍ ചിരപരിചിതമല്ല. ബ്ലാങ്ക മരം, വിളാത്തി, വിളാമ്പഴം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഗണേഷ ചതുര്‍ഥിക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്ന മരമാണിത്. ഇതിന്റെ ഇലകള്‍ ശിവ ഭഗവാനുള്ള നിവേദ്യമാണ്. ചിലര്‍ പാചകത്തിനും ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. സ്‌റ്റോണ്‍ ആപ്പിള്‍, എലഫെന്റ് ആപ്പിള്‍, മങ്കി ആപ്പിള്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പഴമാണിത്. വേരുകളും ഇലകളും പഴവും ഒരുപോലെ ഉപയോഗപ്രദമായ സസ്യമായ 'വുഡ് ആപ്പിളി'ന്റെ വിശേഷങ്ങള്‍ അറിയാം.

ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ നന്നായി വളരുന്ന വുഡ് ആപ്പിള്‍ കുറ്റിച്ചെടിയായും മരമായും വളര്‍ത്തുന്നവരുണ്ട്. കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളര്‍ത്തി വിളവെടുക്കാന്‍ കഴിയുന്ന പഴമാണിത്. ലിമോണിയ അസിഡിസിമ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പഴം റൂട്ടേസി സസ്യകുടുംബത്തിലെ അംഗമാണ്. തമിഴ്‌നാട് ,കര്‍ണാടക, ആന്ധപ്രദേശ് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.

വളരെ കുറഞ്ഞ ജലാംശം കൊണ്ടുതന്നെ ഉണങ്ങിയ പ്രദേശങ്ങളിലും അതിജീവിക്കാന്‍ കഴിയുന്ന വുഡ് ആപ്പിള്‍ കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ വളര്‍ത്തുന്നവരാണ് കൂടുതല്‍. മഹാരാഷ്ട്രയില്‍ ഈ പഴത്തിന്റെ വലിയ ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നില്ല.

പഴത്തിന്റെ ഉള്ളില്‍ ബ്രൗണ്‍ നിറത്തിലുള്ള ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള പള്‍പ്പാണുള്ളത്. ഉരുണ്ട ആകൃതിയിലും ഓവല്‍ ആകൃതിയിലും വുഡ് ആപ്പിള്‍ കാണപ്പെടുന്നു. ചാരനിറം കലര്‍ന്ന വെളുപ്പാണ് പഴത്തിന്റെ നിറം.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും വയറിലെ അള്‍സറിനെ പ്രതിരോധിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ ഒഴിവാക്കാനും തൊലിയുടെയും മുടിയുടെയും ആരോഗ്യത്തിനും രക്തസമര്‍ദം അകറ്റാനും സഹായിക്കുന്നു. ഇതിന്റെ ഇലകള്‍ സന്ധികളിലുണ്ടാകുന്ന വേദന അകറ്റാനും ഉപയോഗിക്കുന്നുണ്ട്.

നല്ല നീര്‍വാര്‍ച്ചയുള്ളതും കുറച്ച് മണല്‍ അടങ്ങിയതുമായ മണ്ണാണ് വുഡ് ആപ്പിള്‍ വളര്‍ത്താന്‍ ആവശ്യം. വിത്ത് മുളപ്പിച്ചാണ് സാധാരണ വളര്‍ത്തുന്നതെങ്കിലും 15 വര്‍ഷത്തോളം കായകളുണ്ടാകാതിരിക്കാനുള്ള സാധ്യതയുണ്ട്. വേരോടുകൂടി പറിച്ചു നട്ടും എയര്‍ ലെയറിങ്ങ് വഴിയും ബഡ്ഡിങ്ങ് വഴിയും വുഡ് ആപ്പിള്‍ കൃഷി ചെയ്യാറുണ്ട്.

ഇന്ത്യയില്‍ ജൂലായ് -ആഗസ്റ്റ് മാസങ്ങളിലും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലുമാണ് വുഡ് ആപ്പിള്‍ കൃഷി ചെയ്യുന്നത്. 90 സെ.മീ നീളവും 90 സെ.മീ വീതിയും 90 സെ.മീ ആഴവുമുള്ള കുഴിയാണ് തൈകള്‍ നടാന്‍ ഉപയോഗിക്കുന്നത്. മണ്ണിന്റെ കൂടെ 25 കി.ഗ്രാം ജൈവവളങ്ങളും ചേര്‍ക്കാം.

മരം ഒരു മീറ്റര്‍ ഉയരത്തിലെത്തിയാല്‍ അഗ്രഭാഗം മുറിച്ചു കളയണം. അങ്ങനെ ചെയ്താല്‍ അഞ്ചോ ആറോ ശാഖകള്‍ മാത്രമായി നന്നായി വളരാനുള്ള സ്ഥലം ലഭിക്കും. അസുഖം ബാധിച്ചതോ കേടുവന്നതോ ആയ ശാഖകള്‍ മുറിച്ചുകളയണം.

തുള്ളിനന സംവിധാനം വഴി നനയ്ക്കുന്നതാണ് നല്ലത്. തൈകള്‍ മുളച്ച് വരുമ്പോള്‍ വളരാനായി നന്നായി വെള്ളം ആവശ്യമാണ്. മഴക്കാലത്ത് വെള്ളം പ്രത്യേകിച്ച് നല്‍കേണ്ട ആവശ്യമില്ല.

ഒരു വര്‍ഷത്തില്‍ ആകെ 50 ഗ്രാം നൈട്രജനും 25 ഗ്രാം ഫോസ്ഫറസും 50 ഗ്രാം പൊട്ടാസ്യവുമാണ് ഈ ചെടിക്ക് ആവശ്യം. ഇതില്‍ പൂക്കളുണ്ടാകുന്ന സമയത്താണ് പകുതി ഡോസ് നൈട്രജനും മുഴുവന്‍ ഡോസ് ഫോസ്ഫറസും പകുതി ഡോസ് പൊട്ടാസ്യവും നല്‍കുന്നത്. ബാക്കി പകുതി ഡോസ് നൈട്രജനും പൊട്ടാസ്യവും ആഗസ്റ്റ് മാസം അവസാനമാണ് നല്‍കുന്നത്.

ബീന്‍സ്, നിലക്കടല, ചെറുപയര്‍ എന്നിവയെല്ലാം ഇടവിളകളായി ഈ തോട്ടത്തില്‍ മഴക്കാലത്ത് കൃഷി ചെയ്യാവുന്നതാണ്. കാര്യമായി കീടാക്രമണം ഏല്‍ക്കാത്ത ചെടിയാണിത്.

നല്ല പച്ചനിറമുള്ള ആപ്പിളുകളാണ് പൂര്‍ണവളര്‍ച്ചയെത്തി പറിച്ചെടുക്കുന്നത്. ബഡ്ഡിങ്ങ് നടത്തിയ ചെടികള്‍ അഞ്ച് വര്‍ഷം കൊണ്ട് തന്നെ പഴങ്ങള്‍ നല്‍കും. വിത്ത് മുളപ്പിച്ചാല്‍ എട്ട് വര്‍ഷം കഴിയാതെ പഴങ്ങളുണ്ടാകില്ല. പഴമുണ്ടായി എട്ട് മാസം കഴിഞ്ഞാലാണ് മൂത്ത് പഴുക്കുന്നത്.

click me!