കേരകർഷകർക്ക് ലാഭം കൂട്ടാം, തേങ്ങ എങ്ങനെ കോക്കനട്ട് ആയി?

By Web TeamFirst Published Nov 15, 2020, 10:22 AM IST
Highlights

കൊതുമ്പ്, മടൽ, ഓല എന്നിവ വിറകായും തെങ്ങോല, മേച്ചിൽ ആവശ്യത്തിനും ഉപയോ​ഗിക്കാം. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാ​ഗമായി നിർമിച്ചിരിക്കുന്ന കോട്ടേജുകളിൽ പലതിനും തെങ്ങോലയാണ് മേച്ചിലിന് ഉപയോ​ഗിച്ചിരിക്കുന്നത്.

കേരകർഷകർക്ക് ചെറിയ കൂട്ടായ്മ രൂപീകരിച്ച് നിലവിൽ കൃഷിയിടത്തിൽ നിന്നു ലഭിക്കുന്ന വരുമാനം പടിപടിയായി കൂട്ടാം. തെങ്ങിന്റെ എല്ലാ ഭാ​ഗങ്ങളും പ്രയോജനപ്പെടുത്താം എന്നതാണ് കേരകർഷകർക്ക് ആശ്വാസകരമായ സം​ഗതി. 

ചെറിയ മുതൽമുടക്കിൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമിക്കാനായാൽ തെങ്ങ് ഒരിക്കലും നഷ്ടക്കച്ചവടമാവില്ല. ഉല്പന്നങ്ങളുടെ മികവു നോക്കിയാൽ  തേങ്ങ, ഇളനീർ, തേങ്ങാവെള്ളം, തേങ്ങാപ്പാൽ, കൊപ്ര, വെളിച്ചെണ്ണ, തേങ്ങാപ്പിണ്ണാക്ക് എന്നിവയെല്ലാം വിപണി മൂല്യം ഉള്ളവയാണ്. ഇതിനു പുറമെ നീര, കള്ള്, കോക്കനട്ട് ബട്ടർ, കോക്കനട്ട് ക്രീം എന്നിവയും ഉണ്ടാക്കാം. എല്ലാം ഒരേ കൃഷിയിടത്തിൽ ഉല്പാദിപ്പിക്കുന്നതിനു പകരം ചെറിയ ചെറിയ കർഷക കൂട്ടായ്മ രൂപീകരിച്ച് ഏതെങ്കിലും ഒരു ഉല്പന്നം അവിടെ നിർമിക്കുകയോ ശാസ്ത്രീയമായി സംസ്കരിക്കുകയോ ചെയ്യുന്ന രീതി അവലംബിക്കുന്നതാണ് ലാഭം കൂടുതൽ നേടാൻ സഹായിക്കുക. പല ഉല്പന്നങ്ങളും പല കർഷകരുടെ കൃഷിയിടത്തിൽ നിന്ന് സംസ്കരിക്കുന്ന രീതി വന്നാൽ കൃഷിയിടത്തിൽനിന്നുള്ള മാലിന്യങ്ങളുടെ അളവു കുറയ്ക്കാനും സംസ്കരണം എളുപ്പമാക്കാനും കഴിയും.

ലക്ഷദ്വീപിൽ സുലഭമായി ലഭിക്കുന്ന രുചികരമായ കോക്കനട്ട് ഹൽവ നിർമാണം കേരളത്തിലും ആരംഭിക്കാം. ഇതിനാവട്ടെ കാര്യമായ മുതൽമുടക്കുമില്ല. കർഷകരുടെ വീടുകളിൽ തന്നെ തയ്യാറാക്കാം. വിപണിയിൽ ഡിമാൻഡുമുണ്ട്. 

തെങ്ങിൻ ചക്കരയ്ക്കും വിപണി മൂല്യവും ആരോ​ഗ്യമൂല്യവും ഉണ്ട്. ചിരകിയ തേങ്ങ പായ്കറ്റുകളിലാക്കി സൂപ്പർമാർക്കറ്റുകൾ വഴി വിപണനം ചെയ്യാം. ഇതിനായി തൊട്ടടുത്ത കച്ചവട കേന്ദ്രങ്ങളുമായി ധാരണ ഉണ്ടാക്കിയാൽ മതി. ഇതാവുമ്പോൾ, തേങ്ങയുടെ തൊണ്ട്, ചകിരി, ചിരട്ട എന്നിവയും വേറെ വേറെ വില്പന നടത്താം. 

കൊച്ചിയിൽ ആക്ടിവേറ്റഡ് കാർബൺ ഉല്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ മുഖ്യ അസംസ്കൃത വസ്തു ചിരട്ടയാണ്.  
ചിരട്ടയിൽനിന്ന് കരകൗശല വസ്തുക്കൾ നിർമിക്കുകയോ പുനരുപയോ​ഗിക്കാവുന്ന പ്രകൃതിദത്ത കട്ലറി നിർമിക്കുകയോ ചെയ്യാം.  

മിക്ക നഴ്സറികളിലും ചെടി വളർത്താനും പാകമാകുന്നതുവരെ സൂക്ഷിക്കാനും അടിസ്ഥാനമായി ഉപയോ​ഗിക്കുന്നത് ചകിരിച്ചോറാണ്. 

കൊതുമ്പ്, മടൽ, ഓല എന്നിവ വിറകായും തെങ്ങോല, മേച്ചിൽ ആവശ്യത്തിനും ഉപയോ​ഗിക്കാം. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാ​ഗമായി നിർമിച്ചിരിക്കുന്ന കോട്ടേജുകളിൽ പലതിനും തെങ്ങോലയാണ് മേച്ചിലിന് ഉപയോ​ഗിച്ചിരിക്കുന്നത്.

തേങ്ങ മാത്രം ഉപയോ​ഗിക്കുക എന്ന പരമ്പരാ​ഗത രീതിയിൽനിന്ന് മാറി ചിന്തിച്ചാൽ വലിയ മുതൽ മുടക്കില്ലാതെ തന്നെ തെങ്ങിൽ നിന്ന് കൂടുതൽ ആദായം ഉണ്ടാക്കാൻ കഴിയും. തെങ്ങ് കേരളത്തിന്റെ ഔദ്യോ​ഗിക വൃക്ഷം മാത്രമല്ല, കല്പവൃക്ഷം കൂടിയാണെന്നത് ബോദ്ധ്യമാവുകയും ചെയ്യും. 

തേങ്ങയ്ക്ക് കോക്കനട്ട് എന്ന പേരു വന്ന കഥ

തേങ്ങയ്ക്ക് കോക്കനട്ട് എന്ന പേരു വന്നതിനു പിന്നിൽ ഒരു കഥയുണ്ട്. സ്പെയിനിലെയും പോർച്ചു​ഗലിലെയും നാവികരുമായി ബന്ധപ്പെട്ടതാണ് ആ കഥ. തേങ്ങ പൊതിച്ചു ചകിരി പൂർണമായി മാറ്റിയാൽ ചിരട്ടയുടെ മുകൾ ഭാ​ഗത്തായി കണ്ണുകൾക്ക് സമാനമായ മൂന്ന് അടയാളങ്ങൾ കാണാം. ഈ കണ്ണടയാളങ്ങൾ ഐബീരിയൻ നാടോടിക്കഥകളിലെ ഒരു യക്ഷിയായ കോകോയുടെ മുഖത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. അതുകൊണ്ട് കോകോയുടെ മുഖമുള്ള നട്ട് ആണ് കോകോനട്ട് എന്ന തേങ്ങ. ശാന്ത സമുദ്രത്തിലെ ദ്വീപായ ​ഗുവാമിനു സമീപമായിരുന്നു തേങ്ങ സമൃദ്ധമായി ഉണ്ടായിരുന്നത്. പിന്നീട് അത് കേരളം, ഫിലിപ്പൈൻസ്, ശ്രീലങ്ക, ആഫ്രിക്കൻ തീരങ്ങൾ എന്നിവിടങ്ങളിലും എത്തി.
 

click me!