ഇത് അലങ്കാരച്ചെടിയാണ്; പക്ഷേ വളര്‍ത്തുമ്പോള്‍ ശ്രദ്ധ വേണം

By Web TeamFirst Published Aug 5, 2020, 5:14 PM IST
Highlights

എന്നാല്‍ ഈ വര്‍ഗത്തില്‍പ്പെട്ട ഭൂരിഭാഗം ചെടികളുടെയും നീര് ചര്‍മത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നായകള്‍ക്കും പൂച്ചകള്‍ക്കും കുതിരകള്‍ക്കും ഇത് ഹാനികരമാകാറുണ്ട്. 

ഇന്‍ഡോര്‍ പ്ലാന്റായി ചട്ടികളില്‍ തൂക്കിയിടുന്ന ഈ ചെടി അലങ്കാരത്തിനാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ചട്ടിയില്‍ വളര്‍ത്തിയാല്‍ വളരെ പെട്ടെന്ന് വളര്‍ന്ന് വ്യാപിക്കുന്ന ഇത് ട്രേഡ്‌സ്‌കാന്‍ഷ്യ സിബ്രീന (Tradescantia zebrina) എന്നാണ് അറിയപ്പെടുന്നത്. വാണ്ടറിങ്ങ് ജ്യൂ എന്ന പേരും ഇതിനുണ്ട്. ഈ ചെടിയുടെ ജനുസ്സില്‍പ്പെട്ട മറ്റു ചില ഇനങ്ങള്‍ ആഹാരമാക്കാറുണ്ട്. അതുകൊണ്ടു തന്നെ ഈ ചെടി ഭക്ഷ്യയോഗ്യമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. പല ഇനങ്ങളും കണ്ടാല്‍ വേര്‍തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഈ ചെടി വളര്‍ത്തുന്നവര്‍ അല്‍പം കരുതല്‍ സ്വീകരിക്കുന്നത് നല്ലതാണ്.

ട്രേഡ്‌സ്‌കാന്‍ഷ്യ വിര്‍ജിനിയാന, ട്രേഡ്‌സ്‌കാന്‍ഷ്യ ഒഹിയെന്‍സിസ് എന്നീ രണ്ടിനങ്ങളും കൂടിയുണ്ട്. ഇവയുടെ പൂക്കളും തണ്ടും ഇലകളും ഭക്ഷ്യയോഗ്യമാണ്. ഭക്ഷിക്കാന്‍ കഴിയുന്ന ഇനത്തില്‍പ്പെട്ട ചെടിയെ ബ്ലൂ ജാക്കറ്റ് അല്ലെങ്കില്‍ ഡേ ഫ്‌ളവര്‍ എന്നും വിളിക്കാറുണ്ട്.

എന്നാല്‍ ഈ വര്‍ഗത്തില്‍പ്പെട്ട ഭൂരിഭാഗം ചെടികളുടെയും നീര് ചര്‍മത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നായകള്‍ക്കും പൂച്ചകള്‍ക്കും കുതിരകള്‍ക്കും ഇത് ഹാനികരമാകാറുണ്ട്. വായയിലും തൊണ്ടയിലും ചൊറിച്ചിലും നീറ്റലുമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ നീര് ആന്റിബാക്റ്റീരിയല്‍ ഏജന്റായും ആന്റി ഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്നുവെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

വാണ്ടറിങ്ങ് ജ്യൂ എന്ന ചെടിയുടെ പൂവോ ഇലകളോ തണ്ടോ സ്പര്‍ശിച്ചാല്‍ തൊലിയില്‍ പ്രശ്‌നങ്ങള്‍ തോന്നുന്നുണ്ടെങ്കില്‍ നല്ല തണുത്ത വെള്ളമുപയോഗിച്ച് കഴുകിയ ശേഷം സോപ്പ് ഉപയോഗിച്ച് ഇളംചൂടുവെള്ളത്തിലും കഴുകണം. അങ്ങനെ പ്രശ്‌നം പരിഹരിക്കാം. ഇങ്ങനെ ചെയ്തിട്ടും അസ്വസ്ഥതകള്‍ മാറിയില്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി ചേര്‍ത്ത ശേഷം വേദനയോ ചൊറിച്ചിലോ ഉള്ള ഭാഗത്ത് മസാജ് ചെയ്യണം. 24 മണിക്കൂറിനുള്ളില്‍ അസ്വസ്ഥത മാറിയില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണം.
 

click me!